“ലൂക്ക, ഡോക്ടർ, ഇവരുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള ആരെങ്കിലും നമ്മുടെ ലിസ്റ്റിൽ ഉണ്ടോയെന്ന് നോക്കണം ഉണ്ടെകിൽ അവരെ ഫോളോ ചെയ്യണം. ഈ ക്രിസ്റ്റീഫർ ആരാ? ഇങ്ങനെ പണം കായ്ക്കുന്ന മരം”
രഞ്ജൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നുകൊണ്ട് ചോദിച്ചു.
“അറിയില്ല സർ.”
“നമുക്ക് ആ അർജ്ജുവിനെ ഒന്നുപോയികണ്ടാലോ?”
കാർ സ്റ്റാർട്ട് ചെയ്ത് രഞ്ജൻ ചോദിച്ചു.
“അതെന്തിനാ സർ?”
“ഈ അവസരത്തിൽ അവന് നമ്മളെ സഹായിക്കാൻ പറ്റും.”
രഞ്ജൻ ഗിയർമാറ്റി കാർ മുന്നോട്ടെടുത്തു.
മറൈൻഡ്രൈവിൽനിന്നും കാക്കനാട്ടെക്ക് പോകുന്ന വഴിക്ക് ഇടയിൽനിന്നും കറുത്ത ഒരു സ്‌കോർപിയോ അവരെ പിന്തുടരുന്നുണ്ടായിരുന്നു. അല്പദൂരംകൂടെ മുന്നോട്ട് പോയപ്പോഴാണ് മുൻസീറ്റിലിരിക്കുന്ന അനസ് അക്കാര്യം ശ്രദ്ധിച്ചത്.
“സർ ആരോ നമ്മളെ ഫോളോ ചെയ്യുന്നുണ്ട്.”
“ഉവ്വ്, ഞാനത് ശ്രദ്ധിച്ചു.”
രഞ്ജൻ ഗിയർ ഡൗൺ ചെയ്ത്. കാറിന്റെ വേഗത കുറച്ചു. പക്ഷെ മറികടന്നുപോകാൻ ആ കറുത്ത സ്‌കോർപിയോ മടികാണിച്ചു കൊണ്ടേയിരുന്നു.
“അനസേ, ഇത് നമുക്കുള്ള പണിയാണ്.”
പുഞ്ചിരിപൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു
“വരട്ടെ സർ. മുന്നോട്ടുള്ള യാത്രക്ക് ഇത് ഉപകാരപ്പെടുമെങ്കിൽ ഈ പണി നമുക്ക് ഏറ്റെടുക്കാം.”
മുൻകൂട്ടി പ്ലാൻ ചെയ്തപോലെ രഞ്ജൻ കാറിന്റെ വേഗതകൂട്ടി. തൊട്ടുപിന്നാലെ സ്‌കോർപിയോയും കുതിച്ചുപാഞ്ഞു. അറുപതിൽ നിന്നും നൂറിലേക്ക് മീറ്റർസൂചി ചെന്നുനിന്നു.
ഹൈവേയിൽനിന്നും രഞ്ജൻ പോക്കറ്റ് റോഡിലേക്ക് കാർ തിരിച്ചു. ആളൊഴിഞ്ഞ ഒരു പറമ്പിലേക്ക് അയാൾ തന്റെ കാർ ഹാൻഡ് ബ്രേക്ക് വലിച്ചിട്ട് കറക്കി നിറുത്തി.
ഓടികിതച്ചുവന്ന സ്‌കോർപിയോ രഞ്ജന്റെ ബെലെനോ കാറിന് സമാന്തരമായി കിതച്ചുകൊണ്ട് വന്നുനിന്നു.
“അപ്പൊ എങ്ങനാ അനസേ, ഒരു കൈ നോക്കിയാലോ?”
സീറ്റ്ബെൽറ്റ് ഊരി രഞ്ജൻ ചോദിച്ചു.
“റെഡി സർ.”
“ആ പിന്നെ ഒരു കാര്യം. കിട്ടുന്നതൊക്കെ തിരിച്ചുകൊടുത്തേക്കണം.അതും പിടിച്ച് തിരികെ വരരുത്.”
“ഹഹഹ്, ഇല്ല സർ.”
“എന്നാൽ വാ”