“സർ, ഇതുകണ്ടോ.? 50 കോടി വിലമതിക്കുന്ന ഡയമണ്ടിന്റെ ടെസ്റ്റ് റിസൾട്ടാണ് ഇത്. ഒന്നെങ്കിൽ ഈ ഡയമണ്ട് നീനയുടെ കൈവശമുണ്ട്. അല്ലെങ്കിൽ അവൾ മുഖേന മറ്റാർക്കോ എത്തിച്ചു കൊടുക്കാൻവേണ്ടി. സർ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മോർഫിൻ അധികമായി ശരീരത്തിൽ കണ്ടുയെന്നാണ് ഡോക്ടർ പറഞ്ഞത്. പക്ഷെ അതുനമുക്ക് വിശ്വസിക്കാനാകില്ല. കാരണം അതിന് തെളിവുകൾ ഇല്ല. ഡോക്‌ടറുടെ മൊഴിമാത്രമാണ് ഉള്ളത്. ഇനി എന്തെങ്കിലും അറിയണമെങ്കിൽ ആ സുധീഷ് കൃഷ്ണയെ കണ്ടെത്തണം. “
“അല്ല രഞ്ജൻ, ഈ മോർഫിൻ കൂടുതലായി കണ്ടെങ്കിൽ ആ കുട്ടി എങ്ങനെ ആത്മഹത്യ ചെയ്യും.? ബോധം നഷ്ടപെടില്ലേ?”
“സർ അതാണ് പറഞ്ഞത് ഇതൊരു കൊലപാതകമാണ്. വത്സലയുടെ മൊഴിപ്രകാരം ഭക്ഷണം കഴിക്കുന്ന ഹാളിൽ രണ്ടുകസേരകൾ മുഖത്തോട് മുഖം നോക്കിയിരിക്കുന്നപോലെ കിടന്നിരുന്നു.
ഒരുപക്ഷേ മോർഫിൻ കുത്തിവെച്ച് മയക്കികിടത്തി ശേഷം അവളെ കെട്ടിത്തൂക്കിയതാണെങ്കിലോ?
ആത്മഹത്യ ആണെന്ന് വരുത്തിത്തീർക്കാൻ ഇതിലും നല്ല വഴി വേറെയുണ്ടോ സർ?.”
“ദെൻ, വാട്ട് നെക്സ്റ്റ്.”
“ഇനിയൊരു ഷാഡോ പോലുള്ള അന്വേഷണമാണ്. ചില പ്ലാനുകളുണ്ട് സർ.
കാര്യങ്ങൾ വിചാരിച്ചപോലെയാണ് പോകുന്നതെങ്കിൽ മിനിസ്റ്റർ പോളച്ചൻ ആവശ്യപ്പെട്ടപോലെ പതിനാലാം ദിവസം പ്രതിയെ ഞാൻ ഹാജരാക്കും സർ. വ്യക്തമായ തെളിവുകളോടെ.”
“മ്, അതെനിക്ക് അറിയാടോ. ആ പിന്നെ
ഒരു സംശയം രഞ്ജൻ.?”
ഐജി വലതുകൈയിലിരിക്കുന്ന പേന മേശപ്പുറത്ത് വച്ചിട്ട് രഞ്ജനെ നോക്കി ചോദിച്ചു.
“സർ. ചോദിക്കൂ.”
“ഈ ഡോക്ടറെ എങ്ങനെയിത്ര കറക്റ്റായി കിട്ടി.”
“ഹഹഹ, അയാൾക്ക് വേറെ വഴിയില്ല സർ. ഒരു നുണപറഞ്ഞ് തടിയൂരുമ്പോൾ അടുത്ത ചോദ്യത്തിന് മറ്റൊരു നുണപറയേണ്ടി വരും, നീനയുടെ അക്കൗണ്ടിലേക്ക് ക്രിസ്റ്റീഫർ എന്നയാളുടെ അക്കൗണ്ടിൽ നിന്നും പണം ഒഴുകിയെത്തിയിരുന്നു. അതേ കൗണ്ടിൽ നിന്നാണ് ഡോക്ടറുടെ മരുമകന്റെ അക്കൗണ്ടിലേക്ക് ഒരുകോടി വന്നത്. സോ ഐ ഗസ്സ്. ഹോംമെക്സ് ഗ്രൂപ്പിന്റെ മുക്കാൽഭാഗത്തിന്റെ പണമിടപാട് നടത്തുന്നത് ക്രിസ്റ്റീഫർ എന്ന ആളാണ്. അജ്ഞാതൻ.
“മ്, എനി വേ, അന്വേഷണം നടക്കട്ടെ.”
“സർ.”
രഞ്ജനും ശ്രീജിത്തും അനസും. എഴുന്നേറ്റ് നിന്ന് സല്യൂട്ടടിച്ച് ഐജിയുടെ മുറിയിൽനിന്നും പുറത്തേക്ക് കടന്നു.
അരുണൻ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. ഉച്ചഭക്ഷണം അടുത്തുള്ള ഹോട്ടലിൽനിന്നും കഴിച്ചിട്ട് അവർ മൂന്നുപേരും രഞ്ജന്റെ കാറിലേക്ക് കയറി.