The Shadows 5 (ഇൻവെസ്റ്റിഗേഷൻ ത്രില്ലർ)
The Shadows Part 5 Investigation Thriller Author : Vinu Vineesh
Previous Parts Of this Story | Part 1 | Part 2 | Part 3 | Part 4 |
കട്ടിലിന്റെ നെറ്റിഭാഗത്തെ ബന്ധിപ്പിക്കുന്ന ആറിഞ്ച് നീളമുള്ള നെട്ടുബോൾട്ടിന്റെ മധ്യഭാഗത്ത് ബബിൾക്കം ചവച്ച് അതിനകത്ത് തിരുകി വച്ചിരിക്കുന്നു. അനസ് പെൻസിൽകൊണ്ട് കുത്തിയെടുത്തപ്പോൾ കണ്ട കാഴ്ച്ച അയാളെ അത്ഭുതപ്പെടുത്തി.
“സാർ.. ”
അനസ് നീട്ടിവിളിച്ചു.
വാർഡനോട് സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന രഞ്ജൻ പെട്ടന്നുതിരിഞ്ഞ് അനസിനെനോക്കി.
“യെസ്.”
“സർ, ദേ ഇവിടെ.”
അനസിന്റെ മുഖത്തുണ്ടായ ഭാവമാറ്റം രഞ്ജന് വായിച്ചെടുക്കാൻ കഴിയുമായിരുന്നു. അയാൾ പതിയെ അനസിന്റെ അടുത്തേക്കുചെന്നു.
ചെറിയ ഒരു പേപ്പറിൽപൊതിഞ്ഞനിലയിൽ രണ്ടു സിംകാർഡുകൾ. അനസ് കൈവെള്ളയിൽ വച്ച് രഞ്ജനുനേരെ നിന്നു.
“തേടിയവള്ളി കാലിൽചുറ്റി. അല്ലെ അനസ്.?”
അനസിന്റെ കൈകളിൽ നിന്നും രഞ്ജൻ ആ സിംകാർഡുകൾ വാങ്ങി തിരിച്ചും മറിച്ചും നോക്കി.
“നീനയുടെ കൂടെയുള്ള മറ്റ് മൂന്നുപേരെവിടെ?”
രഞ്ജൻ വാർഡനോടയി ചോദിച്ചു.
“ജിനു, അവളുടെ കല്യാണത്തിന് പോയതാണ് സർ. ആക്‌സ അവളുടെ വീട്ടിലും. പിന്നെ അതുല്യ. അവളിവിടെയുണ്ട്. ഡ്യൂട്ടിക്ക് പോയതാ, വൈകീട്ട് വരും.”
വാർഡൻ മറുപടിയായി പറഞ്ഞു.
“മ്.. ജിനു, അക്സ, അതുല്യ.എനിക്ക് ഈ മൂന്നുപേരുടെയും അഡ്രസ്സ് ഒന്നുവേണം”
നിലത്തുനിന്നും രഞ്ജൻ പൊളിഞ്ഞുകിടക്കുന്ന നീനയുടെ ചെരുപ്പെടുത്ത് വാർഡനെ കാണിക്കുന്നതിനിടയിൽ പറഞ്ഞു.
“സീ മാഡം, ഇതുകണ്ടോ? ചെരുപ്പിന്റെ ഹീലിനടിയിൽ ഒരു രഹസ്യ അറ. ഇതെന്തിനുവേണ്ടിയുണ്ടാക്കിയതാണെന്ന്. എനിക്കറിയണം.
ശ്രീജിത്ത്, ” അയാൾ നീട്ടിവിളിച്ചു.