“മ് “
വാർഡൻ ഒന്നുമൂളി. ശേഷം നീനയുടെ മുറിയിലേക്ക് അവരെ കൂട്ടികൊണ്ടുപോയി.
‘ഫോർ കെ’ എന്ന മുറി വാർഡൻ തുറന്നു.
“നമുക്ക് വേണ്ടത് ഇവിടെനിന്നും കിട്ടണം, കിട്ടിയേ തീരൂ.”
രഞ്ജൻ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു. ശേഷം മൂവരും ആ മുറിയുടെ നാലുദിക്കിലേക്കും നോക്കി.
“ശ്രീജിത്ത്, അനസ്. ഈ റൂമിന്റെ ഓരോ മുക്കും മൂലയും പരിശോധിക്കണം.”
രഞ്ജൻ കർശന നിർദേശംകൊടുത്തു.
“സർ.” ശ്രീജിത്തും,അനസും പരിശോധന തുടങ്ങി. അടക്കിവച്ചിരുന്ന പുസ്തകത്തിലെ ഓരോ ഏടുകൾവരെ അവർ പരിശോധിച്ചു.
നീനയുടെ ആത്മഹത്യയുമായി ബന്ധമുള്ള ഒരു തെളിവും അവർക്ക് അവിടെനിന്നും കണ്ടെത്താനായില്ല.
“സർ, നോ എവിടൻസ്.”
നിരാശയോടെ അനസ് പറഞ്ഞു.
“നോ അനസ്, ഒന്നുമില്ലാതെ നമുക്ക് ഇവിടെനിന്നും പോകാൻ കഴിയില്ല..! സെർച്ച് എഗൈൻ.”
ഇത്തവണ നീനയുടെ അലമാരയിലെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് വിശദമായി പരിശോധിച്ചു.
കട്ടിലിന്റെ ചുവടും, കിടക്കയും നിലത്തേക്ക് നീക്കിയിട്ട് പരിശോധന നടത്തി. പക്ഷെ ഫലം കണ്ടില്ല. നിരാശയോടെ രഞ്ജൻ അടുത്തുള്ള കസേരയിൽ ഇരുന്നു.
“സർ, ഞാൻ മുൻപേ പറഞ്ഞതാണ് ഇതിനുമുൻപേ വന്ന അന്വേഷണഉദ്യോഗസ്ഥനക്ക് ഒന്നും തന്നെ കിട്ടിയിട്ടില്ലയെന്ന്. ഈ അലങ്കോലമാക്കിയിട്ടതൊക്കെ നിങ്ങൾ എടുത്തുവക്കുമോ? “
അരിശം മൂത്ത വാർഡൻ ചോദിച്ചു.
“മാഡം പ്ലീസ്..” രഞ്ജൻ തന്റെ ഇടതുകൈകൊണ്ട് നെറ്റിയെ ഉഴിഞ്ഞു.
നിരാശനായ ശ്രീജിത്ത് കട്ടിലിന്റെ അടിയിൽനിന്നും കിട്ടിയ നീനയുടെ ചെരുപ്പ് നിലത്തേക്ക് വീശിയെറിഞ്ഞു. ആ വീഴ്ചയിൽ ചെരുപ്പ് രണ്ടായി പിളർന്നു.
അതിൽ നിന്നും രണ്ട് താക്കോൽ നിലത്തേക്ക് വീണശബ്ദം കേട്ട് രഞ്ജൻ ശ്രീജിത്തിനെ ഒന്നുനോക്കി.
” യെസ്.. ഗോട്ട് ഇറ്റ്.”
സന്തോഷം കൊണ്ട് രഞ്ജൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ്
നിലത്തുവീണ താക്കോൽ കൈയിലെടുത്തുകൊണ്ട് വാർഡനോടായി പറഞ്ഞു.