വത്സല മുഖം താഴ്ത്തി അല്പനിമിഷം നിന്നു.
“ഉവ്വ് സർ.”
വത്സല മുഖം ഉയർത്തി മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറിനോക്കിക്കൊണ്ടു പറഞ്ഞു.
“എസ്..”
രഞ്ജന്റെ മുഖത്ത് പുഞ്ചിരിവിടർന്നു.
വത്സല ഹാളിലേക്കുനടന്നു. കൂടെ രഞ്ജനും ശ്രീജിത്തും, അനസും,വാർഡനും.
“സാറെ, രാത്രി 8 മണിമുതൽ 9.30 വരെയാണ് ഭക്ഷണം കഴിക്കുന്ന സമയം. അതുകഴിഞ്ഞാൽ പിന്നെ പാത്രം കഴുകിവയ്ക്കും. അന്നു
ഞാൻ എല്ലാം ഒതുക്കിവച്ചിട്ടാണ് പോയത്. രാവിലെ വന്നപ്പോൾ രണ്ടുകസേര ദേ ഇങ്ങനെ കിടക്കുന്നു. ”
അത്രെയും പറഞ്ഞിട്ട് അവർ അന്ന് എങ്ങനെയാണോ കണ്ടത് അതുപോലെ ഒരു കസേരയുടെ എതിർ ദിശയിൽ മറ്റൊരു കസേര ഇട്ട് കാണിച്ചുകൊടുത്തു.
രഞ്ജൻഫിലിപ്പും, ശ്രീജിത്തും, പരസ്പരം മുഖത്തോട് മുഖംനോക്കി.
“അതു ചിലപ്പോൾ കുട്ടികൾ ആരെങ്കിലുമാകും.”
വാർഡൻ ഇടയിൽ കയറി പറഞ്ഞപ്പോൾ അനസിന്റെ മുഖഭാവം മാറി.
“കുട്ടികൾ വെള്ളം കുടിക്കാനോ മറ്റോ ആ സമയത്ത് അതായത് മെസ്സ് പൂട്ടികഴിഞ്ഞാൽ വരാറുണ്ടോ?”
രഞ്ജൻ വത്സലയുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടു ചോദിച്ചു.
“ഇല്ല സർ, അവർക്കുള്ള കുടിവെള്ളം ഹാളിന്റെ പുറത്താണ് വാക്കാറുള്ളത്.”
“മ്, ശരി ചേച്ചി. ആവശ്യംവരുമ്പോൾ
ഞങ്ങൾ വിളിപ്പിക്കാം. ഇപ്പൊ പൊയ്ക്കോളൂ.”
രഞ്ജൻ പോകാൻ കൈകൊണ്ട് ആംഗ്യംകാണിച്ചു.
വത്സല തിരിഞ്ഞ് അടുക്കളയിലേക്ക് നടന്നു. ശേഷം മൂവരും വാർഡന്റെ നേരെ തിരിഞ്ഞു.
“മാഡം, ഞങ്ങൾക്ക് നീനയുടെ മുറിയൊന്നു പരിശോദിക്കണം.”
രഞ്ജൻ പറഞ്ഞു.
“സർ, കഴിഞ്ഞ തവണവന്നവർ പരിശോദിച്ചു പോയതാണ്. കൂടുതലൊന്നും അവർക്ക് കിട്ടിയിട്ടില്ല.”
വാർഡൻ താല്പര്യക്കുറവ് അറിയിച്ചു.
“സീ മാഡം, ഇതൊരു ആത്‍മഹത്യയാണോ അല്ലയോ എന്നുറപ്പിക്കണമെങ്കിൽ ഞങ്ങൾക്ക് നീനയുടെ റൂം പരിശോധിച്ചേ മതിയാകൂ. സോ പ്ലീസ് അറയ്ഞ്ച്.”
രഞ്ജൻഫിലിപ്പ് തറപ്പിച്ചു പറഞ്ഞു.