രഞ്ജനെ കണ്ടതും അവർ പതിയെ എഴുന്നേറ്റു. പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ അവരോട് ഇരുന്നു കഴിക്കാൻ കൈയാൽ ആംഗ്യം കാണിച്ചുകൊണ്ട് മുന്നോട്ട് നടന്നു.
ഹാളുകഴിഞ്ഞാൽ നേരെ ചെല്ലുന്നത് പാചകപ്പുരയിലേക്കാണ്.
“വത്സലാമ്മേ, ദേ ഈ സാറുമ്മാര് നിന്നെകാണാൻ വന്നതാ.”
തിരക്കിട്ട എന്തോ പണിയിലായിരുന്ന വത്സല സാരിയുടെ തലപ്പുകൊണ്ടു മുഖം തുടച്ച് തന്റെ സഹായിയെ അരികിലേക്ക് നിറുത്തി, പതിയെ മുന്നോട്ടുവന്നു.
“എന്താ സാറേ?”
അല്പം ഭയത്തോടെ വത്സല അവർ മൂന്നുപേരെയും മാറിമാറി നോക്കി.
ഭയം അവരുടെ കണ്ണുകളിൽ തെളിയുന്നുണ്ടന്നു മനസിലാക്കിയ രഞ്ജൻ പുഞ്ചിരിപൊഴിച്ചു നിന്നു.
“ചേച്ചി പേടിക്കേണ്ട, ഞങ്ങൾ ഒന്നുരണ്ട് കാര്യങ്ങൾ ചോദിച്ചറിയാൻവേണ്ടി വന്നതാണ്.”
“അന്നത്തെ സംഭവം ഒന്നൂടെ പറയാവോ?”
അനസ് കൈയിലുള്ള ഫയൽ മറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“സാറേ, എന്നും ഞാൻ അഞ്ചുമണിക്ക് എണീക്കും, നീനകൊച്ച് മരിച്ച അന്നും ഞാൻ പതിവുപോലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് അഞ്ചര അഞ്ചേമുക്കാൽ ആയപ്പോഴേക്കും അടുക്കളയിലേക്ക് ചെന്നു.
ഭക്ഷണംകഴിക്കുന്ന ഹാളിലെമേശ തുണിമുക്കി തുടച്ചു. എന്നിട്ടാണ് ചായ ഉണ്ടാക്കാൻ അടുക്കളയിലേക്ക് കയറിയത്.
അപ്പോഴാണ് അവിടെ… ഞാനുടനെ വാച്ച്മാനെ വിളിച്ചുകൊണ്ടുവന്നു.”
ബാക്കിപറയാൻ വത്സല അല്പം ബുദ്ധിമുട്ടി.
“അന്ന് നിങ്ങൾ വരുമ്പോൾ ഹാളിലും അടുക്കളയിലും അസ്വാഭാവികമായി എന്തെങ്കിലും കണ്ടോ..?”
ശ്രീജിത്തിന്റെ ചോദ്യം മനസിലാകാതെ വത്സല അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
“ചേച്ചി, എന്താ ഉദ്ദേശിച്ചത് എന്നുവച്ചാൽ. കസേര മറിഞ്ഞുവീഴുകയോ, ബലപ്രയോഗം നടക്കുകയോ, അങ്ങനെ ക്രമം തെറ്റി എന്തെങ്കിലും?”
“ഏയ് ഇല്ലാ..”
വത്സലാമ്മയുടെ ആ ഉത്തരം രഞ്ജനിൽ നിരാശയുണ്ടാക്കി.
“ഒന്ന് ഓർത്തുനോക്കു. അങ്ങനെ അസ്വാഭാവികമായ എന്തെങ്കിലും. പത്രങ്ങൾ നിലത്തുവീഴുകയോ അടുക്കളയിലെ വാതിൽ തുറന്നുകിടക്കുകയോ അങ്ങനെ?”
അനസ് വീണ്ടും ചോദിച്ചപ്പോൾ