അന്നു വീട്ടിലേക്കുവരുന്ന വഴിക്ക് എന്നെ ഓവർടൈക്ക് ചെയ്ത് ഒരു ബൈക്ക് കടന്നുപോയി. നിമിഷ നേരം കൊണ്ടുതന്നെ ആ ബൈക്ക് ആക്‌സിഡന്റായി. ഇടിയുടെ ആഘാതത്തിൽ നിലത്തുവീണ ചെറുപ്പക്കാരനെ കുറച്ചുപേർ ചേർന്ന് പിടിച്ചുകൊണ്ടുപോകുന്നത് ഞാൻ കണ്ടതാണ്. ആ ബൈക്കുപോലെതന്നെയാണ് നീനയുടെ കൂടെവന്ന ചെറുപ്പക്കാരന്റെ ബൈക്കും. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ എവിടെയോ എന്തോ പോലെ..”
“അർജ്ജുൻ, നീ കണ്ട ബൈക്ക് പലർക്കും ഉണ്ടവില്ലേ, അതെങ്ങനെ സംശയിക്കാൻ പറ്റും.”
ആര്യയുടെ ചോദ്യത്തെ അവൻ പരിഹസിച്ചുകൊണ്ട് തള്ളി.
“എന്തോ ഒളിക്കാൻ വേണ്ടിയല്ലേ നീന ബുർക്കയണിഞ്ഞു നടക്കുന്നത്. അല്ലേ?”
“ആയിരിക്കാം.ഒരുപക്ഷെ അവളുടെ കാമുകനാണെങ്കിലോ അത്.”
“അങ്ങനെയും വേണമെങ്കിൽ ചിന്തിക്കാം.
ആര്യാ, ഇത് നമ്മുടെ ചാനലിൽ ഒരു പ്രോഗ്രാമായി കൊടുത്താലോ? നല്ല റൈറ്റിംഗ് കിട്ടും.”
“കുഴപ്പമില്ല, നോക്കാം”
അർജ്ജുൻ ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് ബൈക്കിന്റെ വേഗത കുറച്ച്
ഇടപ്പള്ളിയിലെ ലുലുമാളിലേക്ക് തന്റെ ബൈക്ക് ഓടിച്ചുകയറ്റി.
×××××××××
കാക്കനാട്ടെ ഒരു സ്വകാര്യലോഡ്ജിൽ തന്റെ സാധങ്ങൾ ഒതുക്കിവക്കുമ്പോഴാണ് ഫോണിൽ ഒരു സന്ദേശം വന്നുകിടക്കുന്നത് രഞ്ജൻഫിലിപ്പിന്റെ ശ്രദ്ധയിൽപെട്ടത്.
“രഞ്ജൻ, സീപോർട്ട് എയർപോർട്ട് റോഡിൽനിന്നും അല്പം ഉള്ളിലേക്ക് തനിക്കുവേണ്ടി ഒരു വീട് വാടകക്കെടുത്തിട്ടുണ്ട്. ഫ്രീയാണെങ്കിൽ ഒന്നുപോയി നോക്ക്.”
ഐജി ചെറിയാൻപോത്തൻ വാട്സ്ആപ്പ് ശബ്ദത്തിന്റെകൂടെ ആ വീടിന്റെ ലൊക്കേഷനും അയച്ചിട്ടുണ്ടായിരുന്നു.
സിഐ ശ്രീജിത്തിനെയും,അനസിനെയും കൂട്ടി രഞ്ജൻഫിലിപ്പ് തനിക്ക് താമസിക്കാനുള്ള വാടകവീട്ടിലേക്ക് പോകുന്നവഴിക്കാണ് ഇന്ദിര വിമൻസ്ഹോസ്റ്റലിന്റെ ബോർഡ് കണ്ടത്.
“സർ, ഇതാണ് ഇന്ദിര വിമൻസ് ഹോസ്റ്റൽ.”
ഡ്രൈവിംഗ് സീറ്റിലിരുന്നുകൊണ്ട് അനസ് പറഞ്ഞു.
“അപ്പൊ, നമ്മുടെ അടുത്തുതന്നെയാണ് അല്ലെ ?..”