ശാന്തനായി തന്റെ സഹതാരങ്ങളുടെ നിർലോഭമായ പ്രോത്സാഹനം ഏറ്റുവാങ്ങി നിലത്തു ദൃഷ്ടിയൂന്നി തനിക്കു നേരെ നടന്നടുക്കുന്ന, ഒരു പടക്കുതിരയെ ഓർമിപ്പിക്കുന്ന ചടുലതയുള്ള, തന്റെ ഹൃദയം കവർന്നെടുത്ത, ആ നീല വസ്ത്രധാരിയായ 150 കോടി ഇന്ത്യക്കാരുടെ അഹങ്കാരവും, ആശയും, പ്രതീക്ഷയുമായ 47ആം നമ്പർ ജേഴ്‌സി ധരിച്ച യുവാവിനെ ഇമവെട്ടാതെ ലൈല നോക്കി ഇരുന്നു…
“ആ ചെകുത്താന്റെ കണ്ണ് നീ കണ്ടില്ലേ, നോക്കു…ഹറാമി…”
“നായിന്റെ മോൻ”
“ഇന്ത്യൻ പട്ടി”
തന്റെ ചുറ്റു നിന്നും ഉയരുന്ന ശാപവചനങ്ങൾ ഒന്നും തന്നെ ലൈലയേ അലോസരപ്പെടുത്തിയില്ല…
മുള്ളുകൾക്കും പച്ചിലകൾക്കുമിടയിലെ വെള്ള റോസ് പുഷ്പം പോലെ അവൾ, ആ പഞ്ചാബി പെൺകൊടി ശോഭിച്ചു.
“ഡീ നിന്റെ ചെക്കൻ ഇന്ന് കരയും…അവന്റെ കണ്ണീരൊപ്പാൻ നീ പോവൊന്നും വേണ്ട കേട്ടോ..”
ലൈലയുടെ കൂട്ടുകാരി അമീറ അവളെ കളിയാക്കി..
“പോടീ, ആരാ കരയുകയ്യെന്നു നമുക്ക് കാണാം.”
“നിനക്ക് പ്രാന്താണ്…നാല് പന്ത് ബാക്കി ഉണ്ട്…മൂന്നു റൺ മതി ജയിക്കാൻ, നാല് വിക്കറ്റും ബാക്കിയുണ്ട്, സമീറിന് സ്ട്രൈക്ക് കിട്ടിയാൽ അടുത്ത പന്തിൽ ഗെയിം ഓവർ, നീ നോക്കിക്കോ..”
“നമുക്ക് കാണാം…”
“ആ കാണാം…”
ലൈല ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു..
ഇവൾ പറയുന്നതാണ് യുക്തിക്ക് സ്വീകാര്യം, സമീർ ഉജ്ജ്വല ഫോമിൽ ആണ്……എന്നാലും….
വിക്രം!!! നീയെന്നെ നിരാശനാക്കരുത്….
വിക്രം അടുത്ത പന്തെറിയാൻ തയ്യാറെടുത്തു…..സമീർ തന്റെ കൂട്ടാളിക്കു ഉപദേശം കൊടുത്തു മടങ്ങി വരുന്നത് വരെ അവൻ ക്ഷമയോടെ കാത്തു നിന്നു…
കുറ്റി തെറിപ്പിച്ച മുന്നത്തെ പന്തിന്റെ കാർബൺ കോപ്പി തന്നെയായിരുന്നു ഈ ബോളും…