“കള തെളിക്കുവാണോ…”
അവിടേക്കു നടക്കുമ്പോൾ ഞാൻ ചിരിച്ചുകൊണ്ടു തിരക്കി…
“അല്ലാ… കവിത എഴുതുവാ…”
നർമ്മം കലർത്തിയവൾ മൊഴിഞ്ഞു… ഞാൻ ഇങ്ങനൊരു ഉത്തരം തന്നെയാണ് പ്രതീക്ഷിച്ചതും, അതുകൊണ്ടു വിഷമം ഒന്നും തോന്നിയില്ലാ.. എന്തേലും സംസാരിക്കുന്നുണ്ടല്ലോ, അതു തറുതല പറയാനാണെങ്കിലും എനിക്കു സന്തോഷം മാത്രം..
“എന്നിട്ടു കവിത എഴുതി തീരാറായോ…”
ഞാൻ പത്തായ പുരയുടെ നടകെട്ടിൽ ഇരുന്നു ചോദിച്ചു..
“ഇയാൾക്കു എന്താ വേണ്ടേ… എന്തൊരു കഷ്ടമാണെന്നു നോക്കണേ ഭഗവതി…”
അവൾ വീണ്ടും പണിയിൽ മുഴുകി മന്ത്രിച്ചു..
“അതെന്താടോ എനിക്കു ഇവിടെ ഒന്ന് ഇരിക്കാൻ പോലും അനുവാദമില്ലേ…”
“ഇരിന്നൊ… എവിടെ വേണേലും ഇരുന്നോ… ഞാൻ പോയി കഴിഞ്ഞു വന്നിരുന്നോ… ഇപ്പോൾ ഒന്നു പോയി തരാമോ…”
“ഇല്ലാ… പോയി തരുവേല… ഞാനിവിടെ ഇരുന്നു എന്നു വെച്ചു ഇയാൾക്ക് എന്താ ഇത്ര ബുദ്ധിമുട്ട്… അന്ന് ആ ഹരി വന്നു കൈ നീട്ടിയപ്പോൾ ഇളിച്ചോണ്ട് കൈ കൊടുക്കുനുണ്ടായിരുന്നല്ലോ… എന്നെ കാണുമ്പോൾ മാത്രമെന്താ ഒരു മുൻ ജന്മ ശത്രുവിനോടു എന്നതു പോലെ…“
അവളോടു ചോദിച്ചു കഴിഞ്ഞാണ് വേണ്ടായിരുന്നു എന്ന് എനിക്കു തോന്നിയതു..
”ഞാൻ ആർക്കു കൈ കൊടുത്താലും ഇല്ലേലും ഇയാൾക്കെന്താ ചേതം…“
അവൾ തിരിഞ്ഞു നിന്നു അരിവാൾ ഉയർത്തി തോളിൽ വെച്ചു, അരക്കു കൈയും കൊടുത്തു അരക്കെട്ടു ഒരു വശത്തേക്ക് ചെരിച്ചുവെച്ചു ചോദിച്ചു.. വായിൽ വന്നതു പറയാണോ വേണ്ടയോ എന്ന് ഞാൻ കുറച്ചു ചിന്തിച്ചു.. പറഞ്ഞു പോയാലൊരു വാക്ക്.. കിട്ടിയാലോ… കിട്ടിയാലീ സുന്ദരികുട്ടി… പ്രശ്നമാകുമോ… ആയാൽ ഇവിടെ നിന്നും പോണമെനല്ലേ ഉള്ളു… എന്തായാലും പറയാം, ഈ നിൽപ്പു കണ്ടിട്ടു സഹിക്കണില്യ…