“ശ്രീ… നീ എങ്ങോട്ടാ…”
വാതിൽക്കൽ പ്രത്യക്ഷപ്പെട്ട അച്ഛൻ എന്നോടു തിരക്കി… അച്ഛനെ കണ്ടപ്പോൾ ഞങ്ങൾക്ക് സ്വകാര്യത കിട്ടട്ടെ എന്നോർത്താവും ഉഷാമ്മ അവിടെ നിന്നുമിറങ്ങി പോയി…
“ഞാൻ തിരിച്ചു കൊച്ചിക്കു പോകുവാ…. മതിയായി…”
“നീ ഇവിടം വിട്ടു ഒരിടത്തോട്ടും പോവേണ്ട….”
“എനിക്കു പോണം… ഇവിടുള്ള ആർക്കും ഞാൻ വന്നതു ഇഷ്ടപെട്ടിട്ടില്ല… ഒരു ഭാരമായി ഇവിടെ തുടരാൻ എനിക്കു പറ്റില്ല…”
“നീ വന്നതിവിടെ കുറേ പേർക്കു ഇഷ്ടമായിട്ടില്ലാ എന്നതു ശെരി തന്നെ… അതുകൊണ്ടു തന്നെയാണ് നീ ഇവിടെ തുടരണ്ടതും…”
എന്നെ പിടിച്ചു കട്ടിലിൽ ഇരുത്തി അച്ഛൻ അടുത്തിരിന്നിട്ടു പറഞ്ഞു… എന്താണ് അച്ഛൻ പറയുന്നതെന്നു ഞാൻ സംശയത്തോടെ നോക്കി… അച്ഛൻ തുടർന്നു..
“പണ്ട് നിന്റെ അമ്മയുമിവിടെ നിന്നുമൊരു വലിയ വഴക്കിനെ തുടർന്നു ഇറങ്ങി പോയപ്പോൾ അന്നെനിക്ക് തടയാൻ പറ്റിയില്ല… ഇപ്പോൾ നീ അതു തന്നെ ആവർത്തിച്ചു അച്ഛനെ പരാജയപെടുത്തല്ലേ…”
അച്ഛൻ പറഞ്ഞപ്പോൾ ഞാൻ ഒന്നു ഞെട്ടി… അമ്മ ഇറങ്ങി പോയപ്പോൾ അച്ഛൻ തടയാൻ ശ്രെമിച്ചുവോ… അച്ഛനു അമ്മയോടു ഇഷ്ടമുണ്ടായിരുന്നോ…
“എനിക്കു ഈ കല്യാണം കഴിക്കാൻ പറ്റില്ല… ആരു പറഞ്ഞാലും….”
ഞാൻ കർശനമായി പറഞ്ഞപ്പോൾ അച്ഛന്റെ മുഖത്തുമൊരു പുഞ്ചിരി വിടർന്നു…
“നിനക്കു ഇഷ്ടമില്ലാത്ത ഒരു കല്യാണവും നീ കഴിക്കേണ്ട… ഇന്നു പറഞ്ഞതു പോലെ തന്നെ പോയി പണി നോക്കാൻ പറഞ്ഞാൽ മതി… ഇതു നിന്റെ വീടാ.. എന്റെ കാലശേഷം ഇതെല്ലാം നിന്റെ പേരിലാ ഞാൻ എഴുതി വെച്ചിരിക്കുന്നത്… വടക്കേ തൊടിയിൽ കുറച്ചു സ്ഥലം മാത്രം ഉഷയുടെ പേരിലും… അവൾക്കും മാന്യമായി ജീവിക്കേണ്ടേ, ഞാൻ ഇല്ലാതെ ആയാൽ…”