“ഭക്ഷണം തയാറായി… കഴിക്കാൻ വിളിക്കുന്നു…”
അതു എന്നോടു പറയുമ്പോളും മീനാക്ഷിയുടെ നോട്ടം മീരയിൽ തന്നെ ആയിരുന്നു… ഊട്ടുപുരയിലേക്കു എന്റെ പുറകിലായി നടന്നു വരുന്നതിനിടയിൽ മീരയും മീനാക്ഷിയും കൂടെ പിറുപിറുക്കുന്നത് എനിക്കു കേൾക്കാമായിരുന്നു… എന്റെ മുറിയിൽ മീരയെ കണ്ടതിന്റെ കാരണം തിരക്കുമാവും മീനാക്ഷി എന്നു ഞാൻ ഊഹിച്ചു…
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ സന്ധ്യ വല്യമ്മയും ശോഭന ചിറ്റയും തമ്മിൽ കണ്ണും കൈയും കാട്ടി എന്തെക്കെയോ വാർത്താവിനിമയം നടത്തുന്നുണ്ടായിരുന്നു…
“മോനെ… ശ്രീ.. ഇന്നു വന്ന ഹർഷ മോളെ മോന് ഇഷ്ടപെട്ടോ… നല്ല മിടുക്കി കൊച്ചാ…”
സന്ധ്യ വല്യമ്മ എന്നോടു അവസാനം ചോദിച്ചു..
“ഞാനെന്തിനാ ആ കൊച്ചിനെ ഇഷ്ടപെടുന്നെ…”
ഒന്നും മനസ്സിലാവാത്തത് പോലെ ഞാൻ മറുപടി കൊടുത്തു…
“ഞാനും ഓപോളും കൂടെ പറയുവാരുന്നു… അതു നല്ലൊരു കൊച്ചാ… നമ്മുടെ ശ്രീക്കു ആലോചിക്കാം എന്ന്…”
ശോഭന ചിറ്റ ഒരു ചിരിയോടെ എന്നോടു പറഞ്ഞു…
“ഏയ്… എന്റെ മനസ്സിലെ സങ്കല്പത്തിലുള്ള ഒരു കൊച്ചല്ലാ അത്…”
ഞാൻ നിസ്സാര മട്ടിൽ പറഞ്ഞപ്പോൾ വല്യമ്മയുടെ മുഖഭാവം ഇരുണ്ടു..
“അതെന്താടാ ആ കൊച്ചിനു ഒരു കുറവ്….”
വല്യമ്മ ഇലയിൽ നിന്നും കൈ എടുത്തു ചോദിച്ചു..
“കുഴപ്പമൊന്നും ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ…”
“പിന്നെ…”
“എനിക്കു വേണ്ടിയാ കൊച്ചിനെ ആലോചിക്കേണ്ട എന്നേ പറഞ്ഞോളു…”
എന്റെ ശബ്ദത്തിനും ഞാനറിയാതെ തന്നെ കനം വെച്ചു…
“ഈ ആലോചന വന്നതൊരു ഭാഗ്യമായി നീ കണ്ടാൽ മതി…. കേറി വന്ന ഭാഗ്യം തട്ടി തെറുപ്പിക്കല്ലു ശ്രീയേ…”