ഞാൻ ആദ്യം കണ്ടപ്പോൾ ഇട്ടിരുന്ന കടുംനീല ബ്ലൗസും കടുംനീല പാവാടയുമിട്ടു ഈറനണിഞ്ഞ മുടി തലയ്ക്കു മുകളിൽ ഉരുട്ടി കെട്ടി എന്റെ മുന്നിൽ മീര നിൽക്കുന്നു… ഇതൊരു സ്വപ്നമാണോ എന്നറിയാൻ ഞാനൊന്നു കണ്ണു ചിമ്മി നോക്കി… സ്വപ്നമല്ലാ… എന്റെ അരികിലൂടെ അവൾ മുറിയിലേക്കു കേറി… നേരെ ചെന്നു തടി മേശയുടെ വലിപ്പുകൾ അവൾ വലിച്ചു തുറന്നു പരിശോധിക്കാൻ തുടങ്ങി…
“ഇവിടെ ഇരുന്ന എന്റെ പുസ്തകങ്ങൾ എന്തിയെ….”
അവിടെ നിന്നും ഉയർന്നു അവളു ചോദിക്കുന്നതിനു ഇടയിലാണ് മേശ പുറത്തായി ഒരു അരികിൽ ഇരിക്കുന്ന പുസ്തകങ്ങൾ കണ്ടത്… അവൾ ധൃതിയിൽ പോയി ആ പുസ്തകങ്ങൾ കൈയിലാക്കി… ഞാൻ മുറിയുടെ കതകു അടച്ചു അതിലേക്കു ചാരി നിന്നു…
“കതകു തുറക്ക്…..”
മീര ദൃഢമായ പറഞ്ഞു..
“ഒരാളുടെ മുറിയിൽ കേറി സാധനങ്ങൾ അനുവാദം കൂടാതെ എടുക്കുന്നതിനെ മോക്ഷണം എന്നാണ് ഞങ്ങളുടെ നാട്ടിലൊക്കെ പറയാറു….”
ഞാൻ മുഖത്തു വന്ന ചെറു പുഞ്ചിരി മറച്ചു കൊണ്ടു പറഞ്ഞു…
“അനുവാദമില്ലാതെ മറ്റൊരാളുടെ പുസ്‌തകം എടുത്തു തുറന്നു നോക്കുന്നതിനെ എന്താണാവോ ഇയാളുടെ നാട്ടിൽ പറയുക…. ഞാൻ പോട്ടെ ഇയാളു മര്യാദക്കു കതകു തുറന്നെ…”
അവൾ അതു പറഞ്ഞു കോപിച്ചപ്പോൾ കതകിലാരോ മുട്ടുന്നതു കേട്ടു… നിസ്സാര സമയം കൊണ്ടു മീരയുടെ മുഖത്തെ കോപം മാറി ഭയമായി… ആരാവും എന്നോർത്തു എനിക്കും ചെറിയ ഭയം തോന്നി എന്നു തന്നെ പറയാം… ഞാൻ തിരിഞ്ഞു കതകു തുറന്നു. വാതിലിന്റെ പുറത്തു മീനാക്ഷിയെ കണ്ടപ്പോളാണ് എനിക്കു ആശ്വാസമായത്… എനിക്കു പുറകിലായി നിൽക്കുന്ന മീരയെ മീനാഷി ഒരു നിമിഷം ശങ്കയോടെ നോക്കി.