“ഞാനറിഞ്ഞോ… ”
എന്നു മാത്രം ഉരുവിട്ട് അവൾ തോൾ തിരുമ്മി..
“മീരേ… നമ്മുടെ കണ്ടത്തിൽ പന്ത് കളിക്കാൻ വരുന്ന പിള്ളേരെയൊക്കെ നിനക്ക് പരിചയമുള്ളതല്ലേ… അവരുടെ കൂടെ ശ്രീയെ കൂടെ കളിക്കാൻ കൂട്ടാൻ നിനക്ക് ഒന്നു പറഞ്ഞൂടെ കുട്ടി… അവൻ ഇവിടെ ഇരുന്നു മുഷിഞ്ഞു കാണും..”
ഉഷാമ്മ വിഷയം മാറ്റാനായി പറഞ്ഞു…
“ചെന്നു ചോദിച്ചാൽ അവരു കൂട്ടില്ലേ… അതിന് എന്റെ വകാലത്തു വേണോ വല്യമ്മേ….”
മീര പറഞ്ഞുകൊണ്ടു ലളിത ചേച്ചിയുടെ അടുത്തായി ചാരി നിന്നു.. ഞാൻ എഴുന്നേറ്റു ചെന്ന് കുഴച്ചു വെച്ച മാവിന്റെ മുകളിൽ നിന്നും തുണി മാറ്റി, അത് ചെറിയ ഉരളകളായി ഉരുട്ടാൻ തുടങ്ങി… ഒട്ടും പ്രതീക്ഷിക്കാതെ മീരയെന്റെ അരികിലേക്കു വന്ന് ഞാൻ ചേയുന്നത് പോലെ മാവെടുത്തു ഉണ്ടായാക്കാൻ തുടങ്ങി… അറിയാതെ പോലുമെന്റെ കൈയിലവളുടെ കൈ മുട്ടാതെ പ്രത്യേകം ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അരികിലായി നിൽക്കുന്ന അവളുടെ മുഖതേക്കു ഞാൻ ഇടകണ്ണിട്ടു ഒന്ന് നോക്കി.. തലയിൽ നിന്നും ഒലിചിറങ്ങിയ ഒരു തുള്ളി വെള്ളം അവളുടെ നെറ്റിയിലൂടെ കണ്ണ്പോളയുടെ തൊട്ടു മുകളിൽ വരെ വന്നു നിന്നു.. അതിനെ കൈതണ്ട കൊണ്ടു തട്ടി കളയാനവൾ ശ്രമിച്ചപ്പോൾ കൈയിലിരുന്ന മൈദായുടെ കുറച്ചു പൊടി അവളുടെ നെറ്റിയിലായി പെറ്റി.. ഉഷാമ്മയും ലളിത ചേച്ചിയും ഇല്ലായിരുന്നെങ്കിൽ മൈദ മൂടിയ ഈറൻ തുണി കൊണ്ടതു തുടച്ചു കൊടുക്കാരുന്നു എന്ന് ഞാനോർത്തു.. എന്റെ ആഗ്രഹം ദേവി കേട്ടതുപോലെ അകത്തു നിന്നും മീനാക്ഷിയുടെ വിളി കേട്ടപ്പോൾ ലളിത ചേച്ചി അവിടേക്കു പോയി.. ദൈവം പാതി ചെയ്തിരിക്കുന്നു, ഇനി മനുഷ്യന്റെ പാതി ഞാൻ വേണം ചെയ്യാൻ.