ലളിത ചേച്ചി വീണ്ടും കൈകൊണ്ടു എന്തോ ആംഗ്യം കാണിച്ചു എന്നോടു വേറെ എന്തോ ചോദിച്ചു.. ഞാൻ വീണ്ടും സംശയത്തോടെ ഉഷാമ്മയെ നോക്കിയെങ്കിലും അവർക്കുമത് മനസ്സിലായില്ലെന്നു തോനുന്നു..
“കഴിഞ്ഞ ദിവസം വന്ന ആ കൊച്ചിനെ എന്താ ഇഷ്ടപ്പെടാതെ എന്നാ ചോദിച്ചേ..”
മീരയെന്റെ മുഖത്തു നോക്കാതെ തർജ്ജിമ ചെയ്തു തന്നു..
“അതെന്റെ മനസ്സിലുള്ളത് പോലൊരു പെണ്ണല്ലാ…”
ഞാൻ ലളിത ചേച്ചിയെ നോക്കി പറഞ്ഞു..
“ആട്ടെ… ശ്രീയുടെ മനസ്സിൽ എങ്ങെനെയുള്ള പെണ്ണാ..”
ഉഷാമ്മ തിരക്കി… ഇതൊരു അവസരമാണെന്ന് എനിക്കു പെട്ടന്നു തോന്നി..
“അങ്ങനെയൊക്കെ ചോദിച്ചാൽ… എനിക്കു ഈ മീരയെ പോലെ.. പക്ഷെ അത്ര അഹങ്കാരമില്ലാത്തൊരു പെണ്ണാ ഇഷ്ടം..”
ഞാൻ ചെറിയ നാണത്തോടെ പറഞ്ഞു..
“എങ്കിൽ നീ നമ്മുടെ മീരയെ തന്നെ അങ്ങു കെട്ടിക്കോ… അതാകുമ്പോൾ ഞാൻ ഗയാരണ്ടീ..”
ഉഷാമ്മ ഒരു ചിരിയോടെ പറഞ്ഞു..
“പിന്നെ…. എന്നെ കെട്ടാൻ ഇങ്ങു വന്നാൽ മതി…”
മീര പെട്ടന്നു തന്നെ ചാടി പറഞ്ഞു..
“ഞാൻ പറഞ്ഞില്ലേ ഉഷാമ്മേ… ഇത്ര അഹങ്കാരമില്ലാത്ത എന്ന്..”
ഞാനതു പറഞ്ഞപ്പോൾ ഉഷാമ്മയും ലളിത ചേച്ചിയും ചിരിച്ചു.. മീരയുടെ മുഖം കൂടുതൽ കനം വെച്ചു..
“മാവ് എടുക്കാറായോ മോനേ…”
ചിരി നിർത്തി ഉഷാമ്മ ഞാൻ മൂടിയിട്ട മാവിലേക്കു ചൂണ്ടി ചോദിച്ചു..
“ഇല്ല… അര മണിക്കൂർ വെക്കണമെന്നാണ് പാചക ഗുരു പറഞ്ഞു തന്നിട്ടുള്ളത്…”
ഞാൻ ഉഷാമ്മയോടു പറഞ്ഞു…
“അതാരാണാവോ… ഒരു തരികിട പാചക ഗുരു…”
പുച്ഛം കലർത്തി മീര ചോദിച്ചു…
“അമ്മ…”
എന്റെ മറുപടി കേട്ടപാടെ അവളുടെ മുഖം വിവർണ്ണമായി … എന്തോ പറയാൻ വന്നെങ്കിലും അത് വിഴുങ്ങി അവൾ അങ്ങനെ തന്നെ നിന്നു… മാപ്പ് പറയാൻ പോലും അഹങ്കാരം പെണ്ണിനെ അനുവദികുന്നില്ലല്ലോ എന്നായിരുന്നു എന്റെ ചിന്ത…. ലളിത ചേച്ചി അടുപ്പിന്റെ പാതകത്തിനു മുന്നിൽ നിന്നും ഉയർന്നു വന്ന് മീരയുടെ തോളിലൊരു അടി കൊടുത്തു…