അമ്മുവിന്റെ ചെവിയിൽ പിടിച്ചു കിഴുക്കി മീര ചോദിച്ചു…
“ആറിനെ പന്ത്രണ്ടു കൊണ്ടു ഗുണിച്ചാൽ 72 ആണ് കിട്ടുക.. 74 അല്ലാ..”
ഞാൻ അവരെ നോക്കി പറഞ്ഞു…
“മീര ചേച്ചിക്കു ഒന്നും അറിയില്ലാ… ചുമ്മാ എന്നെ പിച്ചാൻ മാത്രം അറിയാം..”
അതും പറഞ്ഞ് അമ്മു മോൾ കിണുങ്ങിയപ്പോൾ മീര ഞാൻ പറഞ്ഞതു ശരിയാണോ എന്നു കൂട്ടി നോക്കുവായിരുന്നു… അതു ശെരിയാണെന്നു മനസ്സിലായപ്പോൾ അവൾ ഒന്നും മിണ്ടിയില്ല…
“ഇയാൾ…. കൊച്ചച്ചനു പടം വരയ്ക്കാൻ അറിയാമോ..”
അമ്മു എന്റെ നേരെ എഴുത്തു പാലകയും കല്ലു പെൻസിലും നീട്ടി പറഞ്ഞു… ഞാൻ അതു പോയി വാങ്ങിച്ചു…
“പടം വരച്ചു ഇരിക്കാതെ നാലക്ഷരം പഠിക്കാൻ നോക്കു പെണ്ണേ…”
മീര ഞങ്ങളെ നോക്കാതെ പറഞ്ഞു… ഞാൻ എഴുത്തു പലക വാങ്ങി അതിൽ കല്ലു പെൻസിൽ കൊണ്ട് ചെറിയൊരു വീട് വരച്ചു… അതിന്റെ അരികിലായി വല്യ ഒരു വീടും അതിനു മുന്നിൽ ഒരമ്മയേയും കൈ പിടിച്ചു നിൽക്കുന്ന രണ്ടു പെൺ കുട്ടികളേയും വരച്ചു… മീര സന്ദേഹത്തോടെ ആ പടത്തിൽ നോക്കി ഇരുന്നു…
“ഇതു ആരുടെ വീടാ കൊച്ചച്ചാ…”
ചെറിയ വീട് തൊട്ടു കാണിച്ചു അമ്മു ചോദിച്ചു…
“ഇതു ചിറ്റില്ലം തറവാട്…”
ഞാൻ പറഞ്ഞപ്പോൾ അമ്മു കൈ വിരൽ വല്യ വീട്ടിലോട്ടു നീക്കി..
“അപ്പോൾ ഇതോ… ”
“ഇതോ…. ഇതാണ് മോളെ പ്രസിദ്ധമായ മീര ഭവനം…”
ഞാനതു പറഞ്ഞു തീർത്തപ്പോൾ തന്നെ എന്റെ കൈയിൽ നിന്നും എഴുത്തു പലക പിടിച്ചു വാങ്ങി, മീര തന്റെ ഹാൽഫ് സാരിയുടെ വാലു കൊണ്ട് തുടച്ചു… അതിനു ഇടയിൽ എപ്പോഴോ അവളുടെ ചുണ്ടിലൊരു കുഞ്ഞു ചിരി വിടർന്നതുപോലെ എനിക്കു തോന്നി… ഇതെല്ലാം കണ്ട് ഒന്നും മനസ്സിലാവാതെ അമ്മു മോൾ ഇരുന്നു… അവിടെ നിന്നും നടന്നു മുറിയിലേക്കു പോകുമ്പോൾ ഞാനൊരു പൊട്ടനെ പോലെ ചിരിക്കുന്നുണ്ടായിരുന്നു… ഞാൻ റൂമിൽ ചെന്നു കുളിയൊക്കെ കഴിഞ്ഞു അവിടെയിരുന്നു ‘ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ യുടെ പകർപ്പ് വായിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ റൂമിൽ കൊട്ടു കേട്ടത്… കിടക്കയുടെ വിരിപ്പു കുറച്ചു ദിവസമായില്ലേ അതു മാറ്റി തരാമെന്നു ഞാൻ കുളിക്കാൻ ചെന്നപ്പോൾ ഉഷാമ്മ പറഞ്ഞായിരുന്നു… അതിനു വന്നതാവും എന്നോർത്തു ഞാൻ കതകു പോയി തുറന്നു…