“മോളെ… ഇന്ന് രാത്രി ശ്രീയുടെ വകയാണ് അത്താഴം…. പൊറോട്ട..”
“അച്ഛമ്മ വെല്ലോം കണ്ടു വന്നാൽ വെറുതെ നമ്മളെ വഴക്കു പറയും… കൊച്ചുമോനെകൊണ്ടു അടുക്കള ജോലി ചെയ്യിപ്പിച്ചന്നും പറഞ്ഞു..”
പുറത്തേക്കു നടന്നു നീങ്ങുമ്പോൾ അവൾ മൊഴിഞ്ഞു… അവൾ വാതിൽക്കൽ എത്തിയപ്പോൾ അകത്തേക്കു നടന്നു കയറിയ മീനാക്ഷി അവളെ നോക്കി ഒരു പരിഹാസ ചിരി തൂകി… അത് ഞാൻ ഇരിക്കുന്നത് കൊണ്ടാവുമോ… അങ്ങനെയെങ്കിൽ മീരയുടെ മുഖഭാവം എന്തായിരുനിരിക്കണം… മീനാക്ഷി മീര ഇറങ്ങി വന്ന വഴിയെ അകത്തേക്കു പോയി.. ഈയൊരു നിമിഷം മീരയെ കാണാൻ വേണ്ടി ആണോ ഭഗവതി ഞാൻ കഷ്ടപെട്ടു പൊറോട്ട ഉണ്ടാക്കാൻ വന്നത്… കുറച്ചു നിമിഷം കഴിഞ്ഞു മീര വീണ്ടും അകത്തേക്കു കയറി വന്നപ്പോളാണ് എനിക്കു സമാധാനമായതു, പക്ഷെ എങ്ങനെ അവളുമായി സംസാരിച്ചു തുടങ്ങണമെന്ന് അറിയില്ലാരുന്നു, അതും ഉഷാമ്മയും ലളിത ചേച്ചിയും നോക്കിയിരിക്കുമ്പോൾ..
“ശ്രീയിതുവരെ നമ്മുടെ കുടുംബ ക്ഷേത്രത്തിൽ പോയിട്ടില്ലല്ലേ…”
ഉഷാമ്മ തിരക്കി…
“ഇല്ലമ്മാ… കുറേ ദൂരമുണ്ടോ…”
ഞാൻ തിരിച്ചു ചോദിച്ചു..
“മീരേ… നിങ്ങളു അമ്പലത്തിൽ അടുത്ത തവണ പോകുമ്പോൾ ശ്രീയെ കൂടെ കൂട്ടാണെ..”
ഉഷാമ്മ അവളോടു പറയുമ്പോൾ മുഖത്തു ചെറിയൊരു മന്ദഹാസമുണ്ടോ….
“ഇവിടുന്നു വല്യ ദൂരമൊന്നും ഇല്ലല്ലോ… തന്നെ പോയാൽ പോരേ…”
മീര മറുപടി പറഞ്ഞപ്പോൾ ലളിത ചേച്ചി അവളെ രൂക്ഷമായി ഒന്നു നോക്കി..
“അമ്മ ഉണ്ട കണ്ണുരുട്ടി നോക്കേണ്ട… അടുത്ത തവണ പോകുമ്പോൾ വിളിച്ചോളാം..“
നീരസത്തോടെ അവൾ ലളിത ചേച്ചിയെ നോക്കി പറഞ്ഞു… ഞാൻ മനസ്സ് കൊണ്ടു ഉഷാമ്മക്കും ലളിത ചേച്ചിക്കും നന്ദി പറഞ്ഞു..