“മോനേ ശ്രീ… പണ്ടു ലളിത ചേച്ചി കൊച്ചി വരെ വന്നിട്ടുണ്ട്..”
എന്റെ അരികിലായി ഒരു ഇരിപ്പടമിട്ടു ഇരുന്നു കൊണ്ടു ഉഷാമ്മ പറഞ്ഞു… ഞങ്ങൾക്ക് എതിരായി അടുക്കളയുടെ പാചക പടിയിൽ ചാരി നിന്ന ലളിത ചേച്ചി കൈ ഉപയോഗിച്ചു എന്തൊക്കെയോ ആംഗ്യം കാണിച്ചു… ഞാൻ സംശയ ഭാവത്തിൽ ഉഷാമ്മയെ നോക്കി..
“പണ്ടാരുന്നു എന്നാ ശ്രീ… പിള്ളേരു രണ്ടും ഉണ്ടാവുന്നതിനു മുൻപ്… കെട്ടിയോന്റെ കൂടെ..”
ഉഷാമ്മ എനിക്കു തർജിമ ചെയ്തു തന്നു..
“എന്നിട്ടു ഇഷ്ടപ്പെട്ടോ കൊച്ചി…”
അവർക്കു മനസ്സിലാവാൻ ഞാൻ ചുണ്ട് നല്ലപോലെ അകത്തി പതുക്കെ ചോദിച്ചു.. പകരം കൈ വിരലുകൾ കൊണ്ടു നല്ലതാരുന്നു എന്നവർ കാണിച്ചു..
അടുക്കളയുടെ ഓരത്തായി മുകളിലെക്കു പോകുന്ന ഒരു വാത്തിലിലൂടെ മീര നടന്നു വന്നു. ഇതുവരെ മീരയും മീനാക്ഷിയും എല്ലാം ഏതു മുറിയിലാണ് താമസമെന്നു എനിക്കറിയില്ലായിരുന്നു… പണ്ട് അടുക്കള ജോലിക്കാർക്കു താമസിക്കാനാവും ഇവിടെ മുറികൾ നിർമ്മിച്ചത്, പക്ഷെ വീട്ടിൽ ഇത്രയും മുറികൾ ഒഴിഞ്ഞു കിടക്കുമ്പോൾ ഇവരെ അടുക്കളയോടു ചേർന്നുള്ള മുറിയിൽ താമശിപ്പിച്ചത് വല്യമ്മയുടെയും ചിറ്റയുടെയും വെറും സന്തോഷത്തിനു വേണ്ടിയാവും…
ഇളം തവിട്ടു നിറത്തിലുള്ള നീളൻ പാവാടയും, പാവാടയുടെ തുടക്കം വരെ നീളമുള്ള വെള്ള ബ്ലൗസ്സുമായിരുന്നു അവളുടെ വേഷം… കുളി കഴിഞ്ഞതെയുള്ളു, നനഞ്ഞു മുടിയിഴകളെ അവൾ തോളിന്റെ വലത്തായി മുന്നിലേയ്ക്കിട്ട് തോർത്തിൽ പൊതിഞ്ഞു തഴുകുനുണ്ടായിരുന്നു.. മുടിയിൽ നിന്നും അടർന്നു വീണ വെള്ള തുള്ളികൾ അവളുടെ ബ്ലൗസ്സിന്റെ വലത്തെ പകുതി തോളും മാറിടവും നനച്ചിരുന്നു.. എന്തോ ആലോചനക്കു ഇടയിൽ അലശ്യമായി പരതി നടന്ന അവളുടെ കണ്ണുകൾ എന്റെ നേരെ വന്നു നിന്നു…. ആ മുഖത്ത് സഹജമായ തൃപ്തിയില്ലായ്മ്മ പെട്ടന്നു തെളിഞ്ഞു. ലളിത ചേച്ചി അവളോടു തല നല്ലതുപോലെ തോർത്താൻ ആംഗ്യം കാണിച്ചപ്പോളാണ് അവൾ എന്നിൽ നിന്നും നോട്ടം മാറ്റിയത്.. മുഖത്തു ഒരു ചിരി വിരിക്കാതെയിരിക്കാൻ ഞാൻ നന്നേ പരിശ്രമിച്ചു.