NB : കമ്പിയില്ല!! ഒരു ചെറിയ ചെറു കഥയാണ്
” തമിഴന്റെ മകൾ “
Thamizhante Makal | Author : räbi
തമിഴന്റെ മകൾ ഒരു ഓർമയാണ്. ചില ഇടവേളകളിൽ മാത്രം ഓർക്കുന്നൊരോർമ്മ. അവളെ ഓർക്കുമ്പോൾ, എനിക്കു ചുറ്റും സർവവും മഞ്ഞയും പച്ചയും ചുമപ്പിന്റെയും ചായങ്ങളുള്ള ദൃശ്യങ്ങളാണ്.
നാട്ടിലെ പത്തു നാൽപ്പത് വീടുകളിൽ പാല് കൊടുക്കുന്ന ഉമ്മ ആദ്യമായി പാല് കൊടുക്കാൻ എന്നെ നിയോഗിച്ചത് തമിഴന്റെ വീട്ടിലാണ്. എനിക്കതിൽ വളരേ സന്തോഷമുണ്ടായിരുന്നു.
കാരണം ഞങ്ങളുടെ ജീവിതോപാധിയായിരുന്ന ഈ കച്ചവടത്തിൽ എന്റെ പേരു വരുത്താൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ല.
“പാൽക്കാരിത്താത്തയുടെ മകൻ” എന്ന പ്രതിധ്വനിയോ മർമരമോ പോലും ഞാൻ കേൾക്കാൻ ഉമ്മ ആഗ്രഹിച്ചിരുന്നില്ലെങ്കിൽ ഞാൻ ആഗ്രഹിച്ചിരുന്നു എന്നതു തന്നെ.
എന്നും തൊഴുത്തിലെ വെളിച്ചവും മക്കയരച്ചു കൊണ്ട് പാൽ ചുരത്തിക്കൊടുക്കുന്ന പശുക്കളെയും ഉമ്മയുടെ ഉത്സാഹവും കണ്ടുണരുന്ന എനിക്ക് പെരുമയായിട്ടുള്ള ആ മേൽവിലാസത്തേക്കാൾ എന്നെ ആനന്ദിപ്പിച്ചിട്ടുള്ള മറ്റൊന്നുമില്ല.
രാവിലെ പ്രഭാത പ്രാർത്ഥനക്ക് പോയി തിരിച്ചു വരുമ്പോഴാണ് കൊടുക്കുന്നത് .
എളുപ്പ വഴിയാണെങ്കിലും പോകുമ്പോൾ ആ വഴി പാടത്തുകൂടി പോകാൻ സമ്മതിക്കില്ല.
” വെളിച്ചം വീണിട്ടേ പാടത്തൂടെ പോകാവൂ ..”
തിരിച്ചു വരവിൽ, പാടത്തെ കിഴക്കുവശത്തെ മരച്ചീനി നട്ടിരുന്ന ബണ്ടുകളിൽ കൂടെ നടന്ന് നടന്നു നീളൻ ബണ്ടുകളുടെ മധ്യത്തിൽ വിലങ്ങനെ വെട്ടിയ വരമ്പ് അനുഗമിക്കുന്നത് റഫീഖ് പോലീസിന്റെ വീട്ടിലേക്കാണ്!.
കമ്പുകൾ നാട്ടി തെങ്ങിൻകൈ കുറുകെ വെച്ചുള്ള പോലീസിന്റെ വീടിന്റെ അതിരിനും പാടത്തിനുമിടയിലുള്ള ചെറിയ നടപ്പാതയിലൂടെ തത്തമ്മക്കൂടുള്ള മണ്ടയില്ലാത്ത തെങ്ങിന്റെ മുന്നോട്ടു നടന്നു ചെന്നാൽ അടുത്ത വീടാണ് തമിഴന്റെ വീട്!.
ചെങ്കല്ലുകൾ വെറുതെ നാല് കല്ല് പൊക്കത്തിൽ വെച്ചുള്ള അതിരിനു മുകളിൽ പാൽ കുപ്പി വെച്ച്, കുപ്പിയുടെ കഴുത്തിലെ ചരട് ചെമ്പരത്തിക്കൊമ്പിൽ കെട്ടിയിട്ട് വേഗം വീട്ടിലേക്ക് പോകും.
പകുതി വാർക്കയും പകുതി ഓടും കൂടി മേഞ്ഞ സിമന്റ് പൂശിയ മഞ്ഞച്ചന്തമുള്ള വീടാണ് തമിഴന്റേത്.
അവിടെ താമസമാക്കിയിട്ടപ്പോൾ കുറച്ചേ ആയിട്ടുള്ളൂവെങ്കിലും കവലയിൽ നിന്ന് ടൗണിലേക്ക് പോകുമ്പോഴുള്ള പ്രധാന തിരിവിൽ നല്ല നോട്ടം കിട്ടുന്നിടത്തെ കട എനിക്ക് ഓർമ്മവെക്കുമ്പോഴേ ഉണ്ട്.
തമിഴന്റെ കട ഒരു മാള് പോലെയാണ്!. സകല ജ്‌ജാതി സാധങ്ങളുമുണ്ട്!.
ഒരു യാത്രയൊക്കെ പോകാനാണെങ്കിൽ, പെട്ടെന്ന് ആവശ്യ സാധങ്ങളൊക്ക സ്വരൂപിക്കാൻ തമിഴന്റെ കടയാണ് എല്ലാരും ആശ്രയിച്ചിരുന്നത്!.