“ചലോ..” അവള്‍ എന്നെ തള്ളി ബാത്ത്റൂമില്‍ കയറ്റി.
ഞാന്‍ കയറി മുഖം കഴുകിയ ശേഷം പുറത്തിറങ്ങി ഷര്‍ട്ട് ധരിച്ചു. പൂനം അവളുടെ മൊബൈല്‍ എടുത്തുകൊണ്ടു വന്ന് എന്റെയൊപ്പം കുറെ സെല്‍ഫികള്‍ എടുത്തു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടോ എടുത്ത് എന്റെ കൈയില്‍ തന്നു; അവളുടെ മനോഹരമായ ഒരു ഫോട്ടോ.
“യെ പാസ് രഖോ..ഓര്‍ ജല്‍ദി വാപ്പസ് ആവൊ…ഐ വില്‍ വെയിറ്റ് ഫോര്‍ യു….”
എന്റെ ചുണ്ടില്‍ ചുണ്ടമര്‍ത്തി അവള്‍ മന്ത്രിച്ചു. അവളെ കെട്ടിപ്പിടിച്ചു ഞാന്‍ കുറെ കരഞ്ഞു. എനിക്ക് അവളെക്കൂടാതെ ജീവിക്കാന്‍ സാധിക്കില്ല എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. അത്രയ്ക്ക് എന്റെ ജീവനേക്കാള്‍ ഏറെ അവളെ ഞാന്‍ സ്നേഹിച്ചുപോയി. പക്ഷെ പോകാത പറ്റില്ലല്ലോ. അവളുടെ തുടുത്ത മുഖത്ത് ചുംബനങ്ങള്‍ കൊണ്ട് മൂടിയ ശേഷം അതിദുഖത്തോടെ ഞാനിറങ്ങി. നാളെയാണ് എന്റെ കേരളത്തിലേക്കുള്ള മടക്കയാത്ര. ഞാന്‍ കണ്ണില്‍ നിന്നും മറയുന്നത് വരെ പൂനം ആ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ ഉണ്ടായിരുന്നു. എന്റെ ജീവനാണ് അവിടെ ഉപേക്ഷിച്ചു പോകുന്നത് എന്നെനിക്ക് തോന്നി.
ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ എത്തിയിരിക്കുന്നു. ഞാന്‍ ഡയറി മടക്കിവച്ചു നിവര്‍ന്നു കിടന്നു. വീട്ടില്‍ അച്ഛനോടോ അമ്മയോടോ പറഞ്ഞാല്‍ അവര്‍ എങ്ങനെ ആയിരിക്കും അവളുടെ കാര്യത്തില്‍ പ്രതികരിക്കുക എന്നറിയില്ല; പക്ഷെ അവളില്ലാതെ എനിക്കിനി ഒരു ജീവിതമില്ല. വേറെ ഒരുവളെയും എനിക്കിനി വേണ്ട; എനിക്ക് എന്റെ പൂനത്തെ മാത്രം മതി; എന്റെ മാത്രം പൂനത്തെ…
എന്റെ കണ്ണുകള്‍ മെല്ലെ അടഞ്ഞു. പൂനം ചിറകുകള്‍ വിടര്‍ത്തി ഒരു മാലാഖയെപ്പോലെ എന്റെ മനസിലേക്ക് പാറിപ്പറന്നു വരുന്നത് ഞാന്‍ കണ്ടു….