സോണിയ: ”ഹായ്..! അമ്മ വന്നു… അമ്…മ്മാ..! ഹിഹി..”
സ്വാതി: “ആഹ വാ.. അമ്മേടെ ചക്കര മോളെ.. അമ്മയെ കാണാണ്ട് വിഷമിച്ചുവോ മോള്..?”
മോൾ ഓടിച്ചെന്ന് സ്വാതിയുടെ മടിയിൽ കയറി ഇരുന്നു.. അൻഷുലപ്പോൾ സ്വാതിയെ നോക്കി ഒന്നു പുഞ്ചിരിച്ചെങ്കിലും സ്വാതി അതു കണ്ട ഭാവം നടിച്ചില്ല… അപ്പോഴും എന്തുകൊണ്ടാണ് അവൾ അമിതമായി കിതയ്ക്കുന്നതെന്നും എന്തിനാണ് അവൾ വിയർത്തതെന്നുമുള്ള സ്ഥിതി അറിയാൻ അൻഷുലിന് വളരെ ആകാംക്ഷയുണ്ടായിരുന്നു… അവൻ പിന്നെ സംസാരിക്കാൻ തന്നെ തീരുമാനിച്ചു…
അൻഷുൽ: ”സ്വാതി.. എന്താ ഉണ്ടായെ?.. ഞാൻ നിങ്ങളെ ഫോണിൽ വിളിച്ചപ്പോൾ ആദ്യം സ്വിച്ച് ഓഫ് ആണെന്ന് അറിഞ്ഞു.. പിന്നെ വിളിച്ചപ്പോൾ റിംഗ് ചെയ്തതുകൊണ്ടാ വീണ്ടും വീണ്ടും വിളിച്ചത്.. പിന്നെ ഫോണെടുത്തപ്പോൾ നീ എന്തിനാണ് അത്ര ഭയങ്കരമായിട്ട് കിതച്ചത്?.. നീ എന്തിനാണ് ഇപ്പോഴും ഇത്രയും വിയർക്കുന്നത്?.. നിനക്കെന്താ പറ്റിയത്.. പറ സ്വാതീ…”
ചോദ്യങ്ങൾ പ്രതീക്ഷിച്ചു തന്നെ ഇരുന്നിരുന്ന സ്വാതി അതുവരെയുണ്ടായിരുന്ന ആശ്വാസഭാവം മാറ്റി.. അവളുടെ മുഖത്ത് വീണ്ടും ദേഷ്യഭാവം ഇരച്ചു വന്നു…
സ്വാതി: ”ഞാനൊന്ന് ഇപ്പോൾ ഈ വീട്ടിലേക്ക് കയറി വന്നതല്ലേയുള്ളൂ!.. അപ്പോഴേക്കും തുടങ്ങിയോ നിങ്ങളുടെ ചോദ്യം ചെയ്യൽ??.. എന്നെ കുറച്ച് സമയമെങ്കിലും ഒന്ന് വിശ്രമിക്കാൻ സമ്മതിക്ക്..!”
അതോടെ അൻഷുലിന്റെ വായ അടഞ്ഞു പോയി.. അവളോട് ഇപ്പൊ ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവനു മനസ്സിലായി… സ്വാതി പിന്നെ തന്റെ ഹാൻഡ്‌ബാഗിൽ നിന്ന് ഒരു പാക്കറ്റ് ചോക്ലേറ്റ് എടുത്ത് സോണിയമോൾക്ക് കൊടുത്തു.. എന്നിട്ട് മോളോട് അത് അവിടിരുന്നു കഴിച്ചോളാൻ പറഞ്ഞു.. മോള് സന്തോഷത്തോടെ അത് കഴിച്ചു തുടങ്ങി..
അതിനു പുറകെ തന്നെ തന്റെ ചോദ്യത്തിനുള്ള മറുപടി പറയാതെ സ്വാതി എണീറ്റ് ജയരാജിന്റെ മുറിയിലേയ്ക്ക് കൊടുങ്കാറ്റിനെപ്പോലെ നടന്നു പോകുന്നതു കണ്ട് അൻഷുൽ പ്രകോപിതനായി.. പക്ഷേ പെട്ടെന്നുതന്നെ അവന്റെ മനസ്സ് എല്ലാം മാറ്റി ചിന്തിച്ചു തുടങ്ങി…
‘ഒരു കണക്കിന് അവൾ പറഞ്ഞത് ശരിയാണ്.. അവൾ വന്ന് കേറിയതും അവളെ ശ്വാസമെങ്കിലും വിടാൻ കുറച്ച് സമയം കൊടുക്കണമായിരുന്നു.. ഈ അവസ്ഥയിൽ എന്തെങ്കിലും ചോദിച്ചാൽ ചിലപ്പൊ എന്റെ പെരുമാറ്റവും ഇതു തന്നെ ആയിരിക്കും…’