“എന്റെ കൂടെ വരൂ”, എൽദോ പ്രധാന വീടിന്റെ അടുത്തേക്ക് നടന്നു.
“നല്ല തുടക്കം, ആദിത്യ”, ആദിത്യൻ നടക്കാൻ തുടങ്ങിയപ്പോൾ പ്രിയ അവന്റെ അടുത്തേക്ക് വന്ന് പറഞ്ഞു. “എൽദോക്ക് പ്രശംസിക്കുന്നത് വളരെ ഇഷ്ടമാണ്”.
ആദിത്യൻ തോൾ കൂച്ചികൊണ്ട് തല ആട്ടി. അവൻ അത് അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞത് അല്ല. അവൻ ശെരിക്കും സത്യസന്ധമായി പറഞ്ഞ ഒരു കാര്യം ആയിരുന്നു അത്.
ഒരു വലിയ കരിങ്കൽ പാകിയ മുറ്റത്തേക്ക് അവർ എത്തി ചേർന്നു. അവർ വീടിന്റെ അടുത്ത് എത്തിയപ്പോൾ ആദിത്യന് ചില്ല് വാതിലിലൂടെ അതിന്റെ ഉള്ളിലേക്ക് കാണാൻ സാധിച്ചു. നടുക്കുള്ള കെട്ടിടത്തിന് അറുപത് അടി വീതി ഉണ്ടായിരുന്നു. അതിന്റെ നിലം തടികൊണ്ട് ഉള്ളതും നന്നായി മിനുക്കി പോളിഷ് ചെയ്തതും ആയിരുന്നു. സൂര്യപ്രകാശം ചില്ല് വാതിലിലൂടെയും ജനാലകളിലൂടെയും വന്ന് അതിൽ തട്ടി തിളങ്ങുക ആയിരുന്നു. മുറിയുടെ വലത് വശത്ത് മുപ്പത് പേർക്ക് ഇരുന്ന് കഴിക്കാൻ പറ്റുന്ന ഒരു തീൻമേശ ഉണ്ടായിരുന്നു. ഇടത് വശത്ത് ചെറിയ നാല് പേർക്ക് ഇരിക്കാൻ പറ്റുന്ന തീൻമേശകളും സോഫകളും ഉണ്ടായിരുന്നു. അവിടെ ചുമരിനോട് ചേർന്ന് രാത്രി കാലങ്ങളിലെ തണുപ്പ് അകറ്റാൻ വേണ്ടിയുള്ള ഒരു നെരിപ്പോടും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ പുറക് വശത്തുള്ള വാതിൽ കടന്നാൽ ഒരു വീതിയുള്ള കരിങ്കൽ പാകിയ മുറ്റവും അതിന്റെ അറ്റത്ത് ബീച്ചിനോട് അഭിമുഖമായി ഒരു ഇൻഫിനിറ്റി സ്വിമ്മിങ്‌പൂളും ഉണ്ടായിരുന്നു.
“കൊള്ളാം, സൂപ്പർ”, ആദിത്യൻ പറഞ്ഞു.
“അതെ”, പ്രിയ പറഞ്ഞു. “മുറികൾ നിന്നുള്ള കാഴ്ച്ച ഇതിലും മനോഹരം ആണ്”.
എൽദോ അവരെ പ്രധാന കെട്ടിടത്തിന്റെ അകത്തേക്ക് കൊണ്ട് പോയി. മുറിയുടെ പുറക് വശത്ത് രണ്ട് മൂലകളിലും മുകൾ നിലയിലേക്ക് കയറാനുള്ള തടികൊണ്ടുള്ള കോവണിപ്പടികൾ ഉണ്ടായിരുന്നു. ആ പടികൾ രാജകൊട്ടാരത്തെ കോവണിപ്പടികളോട് കിടപിടിക്കുന്ന കൊത്ത്പണികളോട് കൂടായത് ആയിരുന്നു. രണ്ട് പടികളുടെ കീഴിൽ പ്രധാന കെട്ടിടത്തിന്റെ ഇരു വശങ്ങളിലുള്ള ഗോപുരങ്ങളിലേക്ക് കയറാനുള്ള വലിയ കൊത്ത്പണികളോട് കൂടിയ വാതിലുകൾ ഉണ്ടായിരുന്നു.
“ഈ സ്ഥലം അതി മനോഹരം ആണ്”, മുറി മുഴുവൻ ഒന്ന് ഓടിച്ച് നോക്കി കൊണ്ട് ആദിത്യൻ പറഞ്ഞു. ചുമരുകളിൽ അലങ്കാരമായി ദ്വീപിന്റെ പല ഭാഗത്ത് നിന്ന് എടുത്ത ഫോട്ടോകൾ ഫ്രെയിം ചെയ്ത തൂക്കിയിരുന്നു. ഫോട്ടോകളുടെ കിഴിൽ വളരെ ഭംഗി ഉള്ള ഫ്ലവർ വാസുകളിൽ വിലയേറിയ പൂക്കളും അതിന്റെ അടുത്ത് ആഡംബരം വിളിച്ച് ഓതുന്ന ഡിസൈനർ ചെടിച്ചട്ടികളിൽ പലതരം ചെടികളും ഉണ്ടായിരുന്നു. തീന്മേശകളുടെ മുകളിൽ ഇലയുടെ ആകൃതിയിൽ ഉള്ള പാത്രങ്ങളിൽ പലതരത്തിലുള്ള ഫ്രൂട്ട്സും നിരത്തി വച്ചിരുന്നു. ആദിത്യൻ പ്രധാന കെട്ടിടത്തിന്റെ പുറക് വശത്തെ വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അതി മനോഹരമായി പണിത ഇൻഫിനിറ്റി പൂളും കാണാൻ സാധിച്ചു.
രണ്ട് ഗോപുരങ്ങൾക്കും പുറകിൽ നിന്ന് രണ്ട് നിലകളുള്ള കെട്ടിടം നീണ്ട് കുന്നിൻ ചെരുവുകൾ വരെ മുട്ടി നിൽക്കുക ആയിരുന്നു. ഇതെല്ലം പൂളിന്റെ മൂന്ന് വശങ്ങളും മറക്കുന്ന പോലെയാണ് രൂപകൽപന ചെയ്തിരുന്നത്. തുറന്ന് കിടന്നിരുന്ന ഒരു വശം കടലിന്റെ ലാസ്യ ഭംഗി എടുത്ത് കാണിക്കുന്നുണ്ടായിരുന്നു. സൂര്യപ്രകാശം അകത്തേക്ക് കടക്കുന്ന രീതിയിൽ ഉള്ള മുറികളും അതിൽ കസേരകളും പൂളിന്റെ ഇരു വശങ്ങളിലും ഉണ്ടായിരുന്നു. അവന്റെ വലത് വശത്തായി വലിയ ബീച്ച് ഹട്ട് പോലെയുള്ള തുറന്ന മുറിയും അതിൽ മേശകളും കസേരകളും ഉണ്ടായിരുന്നു.