അവർ ആ കുത്തനെ ഉള്ള നടപ്പാതയിലൂടെ മുകളിലേക്ക് കയറി. രണ്ട് കെട്ടിടങ്ങളെ ചുറ്റി നടന്ന് മുകളിലേക്ക് കയറുമ്പോൾ അതിൽ ഒന്ന് സെക്യൂരിറ്റി ഓഫീസും മറ്റേത് സ്കൂബ ഡൈവിങ്ങിന് വേണ്ടിയുള്ള സാധനങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടി ഉള്ളതാണ് എന്ന് എൽദോ പറഞ്ഞു. കുറച്ച് കൂടി മുകളിലേക്ക് കയറിയപ്പോൾ അവർക്ക് ഒരു ഇരുനില കെട്ടിടം കാണാൻ സാധിച്ചു.
“ഈ കെട്ടിടത്തിന്റ താഴത്തെ നില ഒരു ക്ലിനിക്കും കുറച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളും ആണ്. മുകളിലത്തെ നില എന്റെ താമസ സ്ഥലവും ഓഫീസും ആണ്. എന്നെ കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ ഓഫീസിലോ വീട്ടിലോ ഉണ്ടാവും”, എൽദോ പറഞ്ഞു. “നമ്മൾ ഇവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞാണ് പോകേണ്ടത്”.
അവർ ആ കെട്ടിടത്തെ ചുറ്റി ഒരു വലിയ മരംകൊണ്ട് ഉണ്ടാക്കിയ പാലത്തിലേക്ക് കയറി. ഈ പാലം ആദിത്യന് ആദ്യമായി ഇറങ്ങിയ കരാട്ടെ കിഡ് സിനിമയിലെ മിസ്റ്റർ മിയാഗിയുടെ തോട്ടത്തെ അനുസ്മരിപ്പിച്ചു. ആ നടപ്പാതയും പാലവും താഴെയുള്ള തോട്ടത്തിൽ നിന്ന് കുറച്ച് ഉയരത്തിൽ ആയിരുന്നു. പാലത്തിന്റെ ഇരു വശങ്ങളിലും ഉള്ള പനമരങ്ങളും പൂന്തോട്ടവും കാണാൻ ഒരു പ്രേത്യക ഭംഗി ഉണ്ടായിരുന്നു. ഒരു ജാപ്പനീസ് സംസ്കാരത്തെ വിളിച്ച് ഓതുന്ന രീതിയിൽ ആയിരുന്നു പൂന്തോട്ടത്തിന്റെ സജ്ജീകരണം. ആദിത്യൻ ആ മരപ്പാലത്തിന്റെ അവസാനം മുൻപിലേക്ക് നോക്കിയപ്പോൾ പ്രധാന വീട് കണ്ട് ആശ്ചര്യത്തോടെ നോക്കി നിന്നു.
ആ ചുറ്റുവട്ടത്തുള്ള പ്രകൃതിയോട് ഇണങ്ങി ചേരുന്ന രീതിയിൽ ഒരു പുരാതന ജാപ്പനീസും കരീബിയനും കൂടിക്കലർന്ന വസ്തു വിദ്യയിൽ നിർമ്മിച്ച ഒരു കെട്ടിടം ആയിരുന്നു അത്. നടുക്കുള്ള രണ്ട് നില കെട്ടിടത്തിന്റെ രണ്ട് വശങ്ങളികും മൂന്ന് നിലയുള്ള ഗോപുരങ്ങൾ ഉയർന്ന് നിൽക്കുന്നുണ്ടായിരുന്നു. നടുക്കുള്ള കെട്ടിടം തടികൊണ്ട് ഉള്ളതും അതിന്റെ വാതിലുകൾ അകത്തേക്ക് കാണാൻ പറ്റുന്ന ഗ്ലാസ് കൊണ്ട് ഉള്ളതും ആയിരുന്നു. കെട്ടിടങ്ങളുടെ മേൽക്കൂരകൾ കൂർത്ത് കോൺ ആകൃതിയിൽ ബീച്ചുകളിൽ കാണുന്നത് പോലെയുള്ള കുടിലുകളുടെ ആകൃതിയിൽ ആയിരുന്നു. ഇതെല്ലം പ്രകൃതിയിൽ നിന്ന് ലഭിച്ച വസ്തുക്കൾ കൊണ്ട് നിർമിച്ചത് പോലെ തോന്നിച്ചു.
“ഈ കെട്ടിടം കാണാൻ അതി സുന്ദരം ആയിരിക്കുന്നു”, ആദിത്യൻ ആശ്‌ചര്യത്തോടെ പറഞ്ഞു.
“വളരെ നന്ദി, മാസ്റ്റർ ആദിത്യ”, എൽദോ നടത്തം നിർത്തി തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു. “ഇതിന്റെ രൂപകല്‌പനക്ക് എനിക്ക് നാല് മാസവും പിന്നെ പണിതുയർത്താൻ എട്ട് മാസവും വേണ്ടി വന്നു. ഞാൻ അന്നേരം അനുഭവിച്ച ബുദ്ധിമുട്ടുകളുടെ പരിണിത ഫലത്തിൽ വളരെ സന്തുഷ്ടനും ആണ്”.
“നിങ്ങളാണോ ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്”, ആദിത്യൻ ചോദിച്ചു.
“അതെ, മാസ്റ്റർ ആദിത്യ”, എൽദോ തല ആട്ടികൊണ്ട് പറഞ്ഞു. “വസ്തു ശാസ്ത്രം എനിക്ക് എപ്പോഴും ഒരു ഹരമാണ്. എനിക്ക് അഭിമാനത്തോടെ പറയാൻ പറ്റും, ഈ ദ്വീപിലുള്ള എല്ലാ കെട്ടിടങ്ങളും എന്റെ രൂപകൽപനയിൽ ഉരുത്തിരിഞ്ഞത് ആണ്”.
“താങ്കൾ ശെരിക്കും പ്രശംസാർഹൻ ആണ്”, ആദിത്യൻ പറഞ്ഞ് കൊണ്ട് എൽദോയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അയാൾ അഭിമാനത്തോടെ ചിരിക്കുന്നത് കണ്ടു.