പൈസ ബാഗിൽ തിരികെ വെച്ചിട്ടവൾ നിരാശയോടെ പുറത്തേക്കിറങ്ങി . സാധാരണ ഓട്ടോക്കാണ് വീട്ടിലേക്ക് പോകാറ് . ബസിനു പോയാൽ അല്പം വളഞ്ഞാണ് ബസ് റൂട്ട് . ഓട്ടോക്ക് പത്തു മിനുട്ട് ഉള്ളൂ താനും . ബസിൽ കയറിയാൽ ഇതുവഴി പോകുമ്പോൾ യാസീൻ വന്നോയെന്നോ നോക്കുകയെങ്കിലും ചെയ്യാമല്ലോ എന്നോർത്തായിരുന്നു സുലേഖ ബസ് സ്റ്റോപ്പിലേക്ക് നീങ്ങിയത് .
“”അള്ളാഹ് ..”’ ഓരത്തായി ഒരു ബ്ലാക്ക് സ്വിഫ്റ്റ് കാർ വന്നു നിർത്തിയപ്പോൾ സുലേഖ ഞെട്ടി സൈഡിലേക്ക് മാറി . ഗ്ലാസ് താഴ്ന്നപ്പോൾ ഡ്രൈവിങ്ങ് സീറ്റിലിരിക്കുന്ന യാസീനെ കണ്ടതും അവളിൽ ഒരു പുഞ്ചിരിയും ഒപ്പം വേവലാതിയും നിറഞ്ഞു . തട്ടം ശെരിക്ക് പിടിച്ചിട്ടു കൊണ്ടവൾ നാലുപാടും നോക്കി .
“‘കേറ് …””ഡോർ തുറന്നിട്ടവൻ പറഞ്ഞപ്പോൾ സുലേഖ പരിഭ്രമിച്ചു ചുറ്റും നോക്കി .
“‘എന്തിന് …എങ്ങോട്ട് ?”
“”” കേറ് പ്ലീസ് ..ഞാൻ കൊണ്ടുപോയാക്കാം …സുലു ..ഒന്ന് കയറു പ്ലീസ് ഇത് റോഡാണ് “‘ അവൻ പറഞ്ഞപ്പോൾ സുലേഖ ഒന്നുമാലോചിക്കാതെ മുൻ സീറ്റിൽ കയറി , തട്ടം കൊണ്ട് മുഖം മറച്ചവൾ യാസീനെ നോക്കാതെയിരുന്നു . നെഞ്ചാകെ പെരുമ്പറ കൊട്ടുകയായിരുന്നു അവളുടെ , യാസീനും ഒന്നും മിണ്ടുന്നില്ല ..
“‘ വീട് ..വീട്ടിലേക്ക് ഇതിലേയാ പോകുന്നെ .. “” തന്റെ വീട്ടിലേക്കുള്ള വഴി കഴിഞ്ഞു കാർ മുന്നോട്ട് നീങ്ങിയപ്പോൾ സുലേഖ വേവലാതിയോടെ യാസീനെ നോക്കി . ഒന്നും മിണ്ടാതെ മുന്നോട്ട് നോക്കി വണ്ടിയോടിക്കുകയാണവൻ ..
“‘യാസീൻ ….”‘
“‘സുലു ..എന്നെ വിശ്വാസമുണ്ടോ ? ഇതേ പോലെ ഞാൻ കൊണ്ട് പോയി വിടും വീട്ടിൽ . ” യാസീൻ പറഞ്ഞപ്പോൾ അവളൊന്നും മിണ്ടിയില്ല , പുറത്തേക്ക് നോക്കിയിരുന്നു .
മെയിൻ റോഡിലൂടെ കുറച്ചുകൂടി മുന്നോട്ടു പോയി ഒരിടവഴിയെ വലത്തേക്ക് കയറി കാർ നിന്നത് , ചെറുതെങ്കിലും മനോഹരമായ ഒരു വില്ലയിലേക്കായിരുന്നു . പണി തീർന്നു കിടക്കുന്ന സമാന രീതിയിലുള്ള അനേകം വില്ലകൾ ആ ഭാഗത്തുണ്ടായിരുന്നു .
“‘ഇറങ്ങ് സുലു …”” കാറിൽ നിന്നിറങ്ങി ഡോർ തുറന്നിട്ട് യാസീൻ പറഞ്ഞപ്പോൾ ഒട്ടൊന്ന് ശങ്കിച്ചെങ്കിലും സുലു പുറത്തേക്കിറങ്ങി . യാസീൻ കാറിന്റെ പുറകിലെ സീറ്റിൽ നിന്ന് രണ്ടുമൂന്ന് കവറുകൾ എടുത്ത് വീട്ടിലേക്ക് കയറി , കീകൊണ്ട് വാതിൽ തുറന്നു .