ശരിയാണ് മങ്കു ഇല്ലങ്കി ഞാനും എന്നേ കാറ്റാടികുന്നിൽ നിന്ന് ചാടിചത്തേനെ. ഞാൻ വെറുതെ മനസ്സിൽ ഓർത്തു.
തിരിഞ്ഞു നടക്കുമ്പോൾ, പിന്നിൽ പിള്ളേരുടെ കളിചിരികൾ വീണ്ടും കേട്ട് തുടങ്ങി, വളവു തിരിഞ്ഞപ്പോൾ ബീവി അവരെ പേടിപ്പിക്കാൻ പറയണേ കേട്ടു.
“അടങ്ങിയിരിക്ക് പിള്ളേരെ, ഇല്ലെങ്ങി ഞാൻ ഇപ്പൊ അപ്പൂട്ടനെ വിളിക്കുട്ടാ”
മാങ്കുനു വാങ്ങിച്ച ഡ്രസ്സ് അവൻ കാണാതെ, പഴേ മരഅലമാരിയിൽ മുകളിലത്തെ നിലയിൽ വച്ച് അടച്ചു. വിഷുനു ഇനിയും ഒരു മാസം ഉണ്ട്, പക്ഷെ എന്തോ, ആകെപ്പാടെ മനസ്സിൽ ഒരു പേടി. ഈ വിഷുനു മുന്നേ താൻ മരിച്ചു പൂവോന്നു. ക്ഷീണം ഓരോ ദിവസവും കൂടി കൂടി വരണതല്ലാതെ ഒരു കുറവില്ല.
താൻ മരിച്ചാൽ മങ്കുനു ആരാ, “കാട്ട്മുത്തിയമ്മേ , മങ്കുനെ കാത്തോണേ.” അപ്പോൾ പോലുമവൻ അവനെ കാക്കാൻ പ്രാർത്ഥിച്ചില്ല. അതാണ് അപ്പൂട്ടൻ. എല്ലാരോടും സ്നേഹം മാത്രം.
*********
അവൻ മങ്കു കിടക്കണ മുറിയിലേക്ക് ചെന്നു, അവിടെ അവൻ ഇല്ല, ഈ ചെക്കൻ ഇതെവിടെപ്പോയി. പുറത്തുപോയി ഉമിയിട്ടു പല്ലു തോക്കുന്നുണ്ടാവും, മിടുക്കൻ അപ്പു മനസ്സിൽ വിചാരിച്ചു.
പുതപ്പെടുത്തു മടക്കിയപ്പോൾ. അതിനടിയിൽ ഒരു ബനിയൻ, നല്ല ചെമ്പരത്തി പോലെ ചുമന്ന നിറം, അതിൻ്റെ നടുക്ക് നെഞ്ചിന്റെ ഭാഗത്തു , നല്ല മഞ്ഞകളറിൽ ഒരു ഇടിമിന്നൽ അടയാളം, ഇതെവിടന്നു വന്നു അപ്പുട്ടൻ അതെടുത്ത് പൊന്തിച്ചു നോക്കി. പിന്നിലെ ജനലിൽ നിന്നുള്ള പ്രകാശം അതിൽ വന്നടിച്ചു മുറിയിൽ ആകെ ചുവപ്പുവർണ്ണം വിതറി, ഇടിമിന്നൽ ഭാഗം തിളങ്ങി.
“ഹാപ്പി ബർത്ത ഡേ അപ്പേട്ടനു, ഹാപ്പി ബര്ത്ഡേ ടൂ യു…..” പിന്നിൽ നിന്നു മങ്കു ചാടി ചാടി ഓളിയിട്ടു വന്നു വലത്തേ വശത്തു വന്നുനിന്നു. അപ്പൂട്ടൻ അവനെ നോക്കി. ശരിയാണ് ഇന്ന് തൻ്റെ പിറന്നാളാണ്, എള്ള വർഷത്തെയും പോലെ മറന്നു പോയിരിക്കുന്നു.