ഒന്നും സംഭവിച്ചില്ല, മുതലാളി ചോട്ടുവിനെ ആരാധനയോടെ നോക്കി, ചോട്ടു കോളർ പിന്നോട്ടാക്കി, ഇതൊക്കെ എന്ത് എന്ന രീതിയിൽ മനോഹരമായ ഒരു ബംഗാളി ചിരിചിരിച്ചു.
“പ് ഡോ…….” പിന്നെ കാതടപ്പിക്കുന്ന ഒരു പൊട്ടിത്തെറി ആയിരുന്നു. ആകെ പുക പൊടി, ആർക്കും ബോധം ഇല്ല. മുതലാളി കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കി, കമ്പനിയുടെ മേൽക്കൂര കാണാൻ ഇല്ല. ‘ഇങ്ങനെ കിടന്നാൽ നക്ഷത്രങ്ങളെയും, അമ്പിളി മാമനെയും കാണാം’, സ്ഥിരബുദ്ധി നശിച്ച അയാൾ ചിന്തിച്ചു, പിന്നെ കൊച്ചു കുട്ടികളെ പോലെ വിടർന്ന ആകാശവും നോക്കി അതെ കിടപ്പു കിടന്നു.
***********
പൊട്ടിത്തെറിയിൽ സൾഫർ ഓക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ് , ലെഡ്, മെർക്കുറി, ആര്സെനിക്, കാഡ്മിയും പോലുള്ള വിഷവസ്തുക്കൾ, മിശ്രിതം എക്‌സിനോടൊത്തു മുകളിലേക്ക് ബാഷ്പമായി ഉയർന്നു. അത് തിങ്ങി നിന്നിരുന്ന മഴമേഘങ്ങളിൽ അലിഞ്ഞു ചേർന്നു.
മേഘം വടക്കോട്ട് കാടിനെ നോക്കി നരിമലയെ നോക്കി പയനംചെയ്തു. തണുത്ത അരുവിക്ക് മുകളിൽ എത്തിയപ്പോൾ മേഘങ്ങൾക്ക് കുളിരു കോരി തുടങ്ങി, അവ പ്രണയാർദ്രമായി. ആൺ മഴമേഘം, കറുത്ത് തുടുത്തു സുന്ദരിയായ ഒരു പെൺമേഘത്തെ ചേർത്തണയ്ക്കാൻ നോക്കി. അവൾ സ്ത്രീസഹജമായ നാണത്തോടെ ഓടിയകന്നു. കാടിനു മുകളിലെ തണുപ്പും, പാലപൂത്ത ഗന്ധവും അവരിലെ കാമത്തിന് തിരികൊളുത്തി. നാണത്തിൽ കലർന്ന രതിദേവിയെന്നോണം, പെൺമേഘം ആൺമേഘത്തെ മാടി വിളിച്ചു അവർ രാസകേളികൾ ആടാൻ കൊതിയോടെ, കാറ്റടിക്കുന്നു ലക്ഷ്യമാക്കി നീങ്ങി. പ്രണയത്തിന്റെ, കാമത്തിന്റെ, തുഷ്ടി തുടികൊട്ടിയ ആകാശം.
************
അപ്പൂട്ടൻ കാറ്റാടികുന്നിൽ ചെങ്കുത്തായ ഒരു പാറയിൽ ആകാശം നോക്കി കിടക്കുകയായിരുന്നു. സാധാരണ അവൻ അവിടെ കിടക്കാറില്ല, ഒന്നു നിലതെറ്റിയാൽ താഴെ ഒരു ഇരുപതടി താഴ്ചയിൽ വലിയ ഗർത്തമാണ്. അതിനു കീഴെ കൂറ്റൻ ഉരുളൻ പാറക്കല്ലുകളും, വീണാൽ മരണം ഉറപ്പാണ്. ഇന്നവൻ അതൊന്നും ചിന്തിച്ചില്ല, മനസ്സിൽ അത്രത്തോളം ഉണ്ട് സങ്കടം. നെഞ്ച് വിങ്ങുന്നുണ്ട്. അമ്പിളി പറഞ്ഞ ഗുളിക കഴിച്ചു എന്നാലും നല്ല കുത്തൽ ഉണ്ട്. നെഞ്ചിനുള്ളിലും പുറത്തും വേദനയുമായി അവൻ അങ്ങനെ കിടന്നു. കഴിച്ച ആന്റിബയോട്ടിക് ൻ്റെ, ക്ഷീണത്തിൽ അൽപ്പം മയങ്ങിപോയി.