മുന്നിൽ തിളങ്ങുന്ന കണ്ണുമായി മരണം വഴിമുറിച്ചു കടന്നുപോയത് അയാൾ അറിഞ്ഞില്ല. പീത വർണ്ണത്തിൽ ചന്ദ്രക്കല പോലെ വളഞ്ഞ്, കത്തുന്ന രണ്ട് കണ്ണുകൾ ഇരുളിൽ അയാളെ തന്നെ നോക്കി നിന്നു. കരിയിലകൾ, ഈ ഗ്രാമത്തിൽ മനുഷ്യർ ജനിച്ചു, ചാവുമ്പോലെ, കാറ്റിൽ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
ഈ നശിച്ച കാടൊന്നു കടന്നുകിട്ടിയിരുന്നെങ്കിൽ, അയാൾ വെറുതെ ഓർത്തു. നരിമലക്കു ഈ പേര് വരാൻ ഒരു കാരണം ഉണ്ട്, അതോർത്തപ്പോൾ അയാളുടെ മുട്ടിടിക്കാൻ തുടങ്ങി.
തന്റെ പാതിജീവൻ, ദാക്ഷായണി. അവളെ ഇനി കാണാൻ കഴിയില്ലേ?,,, തൻറെ കുഞ്ഞു മക്കൾ ചിന്നുവും തുമ്പിയും അവരെ ഒന്ന് കൊഞ്ചിക്കാനോ,,,, അവർക്കു തൻ്റെ മടിക്കുത്തിലിരിക്കുന്ന തേൻമിട്ടായി കൊടുക്കാനോ കഴിയില്ലേ?,,, അവരുടെ നിഷ്കളങ്കമായ ചിരി അതൊന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. അയാൾ ഭയത്തിൽ ഉരുകി ഒന്നിൽ തുടങ്ങി മറ്റൊരു ചിന്തയിലേക്ക് തുടരെത്തുടരെ കൂപ്പുകുത്തി വീണു. എല്ലാ ചിന്തയുടെയും ഒടുക്കം അയാളുടെ ദൗർഭാഗ്യകരമായ ദുർമരണമായിരുന്നു.
ഈ നാടിനിങ്ങനെ ദുഷ്‌സ്ഥിതി വന്നതെങ്ങനെയാണ്. തന്നെ രക്ഷിക്കാൻ ആരെങ്കിലും വന്നിരുന്നെങ്കിൽ. അയാൾ കാടുവാഴുന്ന കാട്ടുമുത്തിയമ്മയെ തൊഴുതു. ആരെങ്കിലും വന്നിരുന്നെങ്കിൽ. തന്നെ രക്ഷിക്കാൻ….
പിന്നിൽ ശബ്ദം കെട്ടു ഞെട്ടി തിരിഞ്ഞു, കുറ്റിക്കാട്ടിൽ എന്തോ അനങ്ങുന്നു, മുന്നോട്ടോടാൻ നോക്കിയിട്ടു കാലനങ്ങുന്നില്ല, പെട്ടന്ന് അയാളെ ഭയത്തിൽ വിറപ്പിച്ച ജീവി പുറത്തു ചാടി, ഒരു പാവം കാട്ടുമുയൽ, അത് ഇതൊന്നും ശ്രദ്ധിക്കാതെ അടുത്തുകണ്ട കുറ്റിക്കാട്ടിലേക്ക് എടുത്തു ചാടി. ശ്വാസംനേരെ വീണ പരമൻപിള്ള കാട്ടുമുത്തിയമ്മയെ വിളിച്ചു ആശ്വസിച്ചു സമാധാനത്തോടെ മുന്നിലേക്ക് നടന്നു. അല്പം നടന്നു മുന്നിലേക്ക് നോക്കിയ അയാളുടെ കണ്ണുരുണ്ട് പുറത്തേക്കു തുറിച്ചു, ശബ്ദം തൊണ്ടയിൽ തടഞ്ഞു, ശ്വാസംമാത്രം പുറത്തേക്കുവന്നു, രക്തംപോലും ആവിയായിപ്പോയി ആ കാഴ്ചകണ്ട്, അയാൾ ഭയത്തിൽ വിറച്ചു പിറകിലേക്ക് അലച്ചുതല്ലി വീണു. മുന്നിൽ നിൽക്കുന്നതെന്തോ, അത് കൊതിയോടെ മണക്കുന്നുണ്ട്, മനുഷ്യന്റെ ചുടുരക്തത്തിന്റെ ഗന്ധം, മാംസത്തിന്റെ രുചി. അത് മനുഷ്യനല്ല, മൃഗവുമല്ല. ചന്ദ്രൻ ഗ്രഹണത്താൽ പാതിമറഞ്ഞു തുടങ്ങി. അയാൾ അതിൻറെ ജ്വലിക്കുന്ന കണ്ണുകളെ നോക്കി പറ്റുന്നത്ര ശബ്ദത്തിൽ ഓളിയിട്ടു, വിറങ്ങലിച്ച തൊണ്ടയിലൂടെ ചെറിയൊരു ആർത്തനാദം പുറത്തുവന്നു, അയാളുടെ ഇടറിയ ശബ്ദം അവിടെ അലയടിച്ചു.