അവൻ കരച്ചില് പോലെ പറഞ്ഞു
“ഇവരെ ഞാൻ നോക്കിക്കോളാ, അമ്പിളി നീ അവരെ കൊണ്ട് രക്ഷപെടാൻ നോക്ക്.”
അവൾ അവനു ഇത്രയും ധൈര്യം ഉണ്ടെന്നു ആദ്യമായി അറിയുക ആയിരുന്നു.
മറ്റു രണ്ടുപേരെയും പിടിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയിരുന്ന മൂന്നാമൻ, അവർ രക്ഷപെടും എന്ന് തോന്നിയപ്പോൾ, എണീറ്റ് അവർക്ക് നേരെ ഓടി, ഓടുന്ന അവന്റെ കാല് അപ്പൂട്ടൻ്റെ അടുത്ത് എത്തിയപ്പോൾ അവൻ അതിൽ കടന്നു കെട്ടിപിടിച്ചു. അയാൾ ഓടുക ആയിരുന്നത് കൊണ്ട് പെട്ടന്നുണ്ടായ അപ്രതീക്ഷിത നീക്കത്തിൽ മൂഞ്ചിയടിച്ചു നിലത്തുവീണു. പക്ഷെ ഇതിലൊക്കെ ഏറ്റവും വേദന വന്നത് അപ്പൂട്ടന് തന്നെ ആയിരുന്നു, അവനു ഇതിനുള്ള ആവതുള്ള ആളൊന്നും അല്ല. എങ്കിലും അവനു അവന്റെ തുച്ഛമായ ജീവനേക്കാൾ അപ്പൊ വലുത്, അവര് മൂന്നു പേരുടെയും സുരക്ഷ ആയിരുന്നു.
അതൊരു പ്രത്യേക തരം ധൈര്യം ആയിരുന്നു, തൻ്റെ കുഞ്ഞുങ്ങളെ രക്ഷിക്കാൻ തള്ളക്കോഴി പരുന്തിനോടും, പാമ്പിനോടും, കീരിയോടും, എന്തിനു പുലിയോട് പോലും എതിരിടില്ലെ അത് പോലെ മരണം കാര്യമാക്കാതെയുള്ള ഒരു പ്രതിരോധം.
അമ്പിളി കുട്ടികളെയും കൂട്ടി അവിട നിന്ന് ഓടി, അവൾ സഹായത്തിനു ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കിയാണ് ഓടിയത്. കാരണം ആ ദുഷ്ടന്മാർ പാവം അപ്പൂട്ടനെ എന്തൊക്കെ ചെയ്യുമെന്ന് അറിയില്ല. കോളേജ് വിട്ടിട്ടു സമയം കുറച്ചു ആയി എല്ലാവരും വീടെത്തിക്കാണും. അവൾ അടുത്തുള്ള കടയിലേക്ക് ഓടി അവിടത്തെ, പൈലിചേട്ടൻ അച്ഛന്റെ കൂട്ടുകാരൻ ആണ്.
അവർ പോയി കഴിഞ്ഞപ്പോൾ ആണ് അപ്പൂട്ടന് മനസ്സിലായത് താൻ പെട്ടത് ചക്രവ്യൂഹത്തിൽ ആണെന്ന്. അഭിമന്യുവിനെ പോലെ അതിനുള്ളിൽ കയറാനെ അവനറിയൂ തിരിച്ചിറങ്ങാൻ മരണം എന്നല്ലാതെ മറ്റൊരു മാർഗ്ഗം അറിയില്ല.
പുല്ലു പറിക്കും പോലെ കാലിലെ ഗ്ലാസ്സ് പിഴുതെറിഞ്ഞു മുരുകൻ എഴുന്നേറ്റു. കൂട്ടാളികളും തട്ടിക്കുടഞ്ഞെഴുന്നേറ്റു. അവർ അത്രേം നേരത്തെ വേദനയുടെ അരിശം മുഴുവൻ അവൻ്റെ ദേഹത്തു ചവിട്ടി തീർത്തു. അപ്പൂട്ടൻ ചത്തപോലെ അനങ്ങാതെ കിടന്നു എല്ലാം ഏറ്റുവാങ്ങി.