കാര്യങ്ങൾ ഇങ്ങനെ സുന്ദരമായി പോയികൊണ്ടിരിക്കെ, കാടുകേറി ഇറങ്ങുന്ന മുരുകൻ എന്ന പ്ലസ്ടുവിൽ പഠിക്കുന്ന വിദ്യാർത്ഥി, കുട്ടികൾക്ക് ശക്തി കൂടാൻ ആണെന്ന്, പറഞ്ഞു കറുപ്പ് കൊടുക്കുന്നുണ്ടെന്നു അമ്പിളി കണ്ടെത്തി.
മുരുകന് അപ്പൂട്ടനെ കാട്ടും വയസ്സ്ക്കാണും കൊല്ലങ്ങൾ ആയി അവൻ തോറ്റു തോറ്റു പഠിക്കുന്നു, ഇടയ്ക്കവനെ കുറെ നാൾ കാണില്ല, നിങ്ങൾ അവന്റെ സ്നേഹിതൻ ആണെങ്കിൽ ചോദിച്ചാൽ പറയും കാട്ടിൽ ആയിരുന്നെന്നു, വേറെ മുറിച്ചോന്നും പറയില്ല. സ്നേഹിതർ അല്ലെങ്കി പിന്നെ പറയണ്ടല്ലോ നല്ല ഇടിയായിരിക്കും ആ ചോദ്യത്തിന് കിട്ടുക. സകല വഷളന്മാരും അവന്റെ കൂട്ടുകാരാണ്, അപ്പൂട്ടനെ ഇടയ്ക്കിടയ്ക്ക് അവര് കളിയാക്കേം, ഉപദ്രവിക്കേം എക്ക ചെയ്യും. അപ്പൂട്ടൻ പാവം അല്ലെ അവരെയെല്ലാംപ്പോലെ, കാറ്റാടികുന്നിനു കീഴെ കിടക്കുന്ന ഉരുളൻ കരിങ്കല്ലുകൾ പോലെ മസ്സിലുള്ളോരെ എതിരിടാൻ ത്രാണിയും ഇല്ല. എല്ലാം സഹിക്കും.
പക്ഷെ അമ്പിളി അങ്ങനെ അല്ല അവൾക്ക് എന്തിനും നല്ല ധൈര്യം ഉണ്ട്, അവൾ പട്ടണം കണ്ടിട്ടുള്ള പെണ്ണല്ലേ, നല്ല വിവരവും ഉണ്ട്. അവൾ നേരെ പോയി അത് പ്രിൻസിപ്പളിനടുത്തു പോയി പരാതി കൊടുത്തു. പ്രിൻസിപ്പൽ ഒരു കാര്യം കിട്ടാൻ ഇരിക്കയായിരുന്നു, കയ്യോടെ ടീ.സി. കീറി അവൻ്റെ മോത്തെറിഞ്ഞു കൊടുത്തു.
അവൻ എത്രക്ക് ക്രൂരൻ ആണെന്ന് മാത്രം അമ്പിളിക്ക് അറിവുണ്ടായില്ല. അവനു എന്തൊക്കെ ചെയ്യാൻ പറ്റുമെന്നും. മുരുകന് താഴെ ആകാശവും, മുകളിൽ ഭൂമിയും മാത്രമേ ഉള്ളു, അതിനിടയിൽ അവനെ എതിർക്കാൻ ആരും തന്നെ ഇല്ല.
അമ്പിളി ക്ലാസ്സ് കഴിഞ്ഞു നടക്കാൻ ഇറങ്ങി. സാരിയാണ് വേഷം, അതിൽ അവൾ വശ്യസുന്ദരി തന്നെ ആയിരുന്നു. ആരും കണ്ടാൽ ആദ്യ ദര്ശനത്തിൽ തന്നെ പ്രേമിച്ചു പോകും. അപ്പൊ ആണ് പത്താം തരത്തിന്റെ സയൻസ് ലാബിനടുത്ത് വച്ച്, അവൾ കൊച്ചുണ്ണിയെ കണ്ടത്. കൊച്ചുണ്ണിക്ക് അമ്പിളിയെ കാണുമ്പോ ഒരു ഇളക്കം ഉള്ളതാണ്.
“ എന്താണ് അമ്പിളി കൊച്ചെ ഞാൻ കേക്കണത്, ഇപ്പോ കോളേജ് പിള്ളേരുടെ ഇടയിൽ എക്കെ ഹീറോ അമ്പിളിയാണ്.”