അമ്പിളി ഒരു പുച്ഛ ചിരിചിരിച്ചു, “ഒരു രണ്ടു കൊല്ലം കഴിഞ്ഞ അവർക്കും കാര്യങ്ങൾ ഒക്കെ മനസ്സിലായി തൊടങ്ങും, അതിലും നല്ലതല്ലേ ഇപ്പോഴേ കുറച്ചീശേ അറിയണത്, പിന്നെ നിന്നെ കാണണതു തന്നെ അവർക്കു വെറുപ്പാകും. എന്തെങ്കിലും ഒരു ധൈര്യം കാണിക്കു അപ്പൂട്ടാ, ഈ നശിച്ച കെട്ടുകഥകളുടെ നാട്ടീന്ന് രക്ഷപെടാൻ നോക്ക്”
അവൾക്കറിയില്ലല്ലോ അപ്പൂട്ടൻ്റെ പരിമിതികൾ, അവൻ ഒന്നും മിണ്ടാതെ താഴെനോക്കി നടന്നു.
അവൾ ഒന്നുടെ ശ്വാസം എടുത്തു അടുത്ത മുള്ളുള്ള വാചകങ്ങൾ പറഞ്ഞു തുടങ്ങി, “നിൻ്റെ ഈ രോഗത്തിനെ പറ്റി എനിക്ക് പഠിക്കാൻ ഉണ്ടായിരുന്നു. വല്യ മെഡിക്കൽ റ്റെര്‍ംസ് ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ ഇതൊന്നും മാറാൻ പോകുന്നില്ല, കൂടുതൽ ആവുകയേ ഉള്ളു, പ്രതിരോധശേഷി കുറഞ്ഞു കുറഞ്ഞു വരും, എല്ലാ രോഗങ്ങളും പെട്ടെന്നും പിടിപെടും. സൂക്ഷിച്ചില്ലെങ്കി മരിച്ചു വരെ പോകും. മാത്രമല്ല സ്ഥിരമായ ഷണ്ഡത്വം, ഒരു ആണിനെക്കൊണ്ട് ചെയ്യാവുന്ന പലതും നിനക്ക് ചെയ്യാൻ പറ്റാതെ ആകും. ഒരു പെണ്ണ് ആണിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നും നിനക്ക് ചെയ്യാൻ പറ്റില്ല.”
അവളതു പറഞ്ഞപ്പോൾ അപ്പൂട്ടൻ ഒന്ന് നിന്നു അവളെ നോക്കാൻ ഉള്ള ശക്തി അവനു ഉണ്ടായില്ല തറയിൽ തന്നെ നോക്കി നിന്നു, അവൾക്കതിന്റെ അർഥം മനസിലാക്കാൻ അതികം സമയം വേണ്ടി വന്നില്ല, അവളൊരുപാട് ആളുകളെ കാണുന്നതല്ലേ. ഡോക്ടർ അല്ലെ. “വിഷമിക്കണ്ട, പട്ടണത്തിൽ വന്നു നല്ല ചികിൽസ നേടിയ, ഇതൊന്നും ഇല്ലാതാക്കാം എന്ന് ഞാൻ പറയുന്നില്ല, അത്രയ്ക്ക് മെഡിക്കൽ സയൻസും വളർന്നിട്ടില്ല. ജീവൻ നിലനിർത്താൻ പറ്റും. നീ കൂടെ പോയാൽ മങ്കൂനു പിന്നെ ആരാ. നീ ചിന്തിക്ക്.”
അവൻ ആകെ തളർന്നു പോയി, ഇന്നലെ വരെ അവനതൊരു പ്രശ്നം ആയിരുന്നില്ല, എങ്കിലും ഇന്നൊരു പെണ്ണെതു തന്നോട് പറയുമ്പോൾ, താൻ ശരിക്കും ജീവിക്കാൻ അർഹൻ അല്ലെന്നു അവനു വെറുതേ തോന്നിപോയി.
“മരിക്കട്ടെ, എൻ്റെലു പണം ഇല്ല ചികിൽസിപ്പിക്കാൻ, ഉള്ളോടത്തോള കാലം ഇങ്ങനെ പോട്ടെ. ഞാൻ ഉള്ളിടത്തോളം മങ്കൂനെ പൊന്നുപോലെ നോക്കും. പിന്നെ എന്റെ കാലം കഴിഞ്ഞ, ൻ്റെ മാങ്കുനെ കാട്ടുമുത്തിയമ്മ ഉണ്ടാവും”