തീ മിന്നൽ അപ്പേട്ടൻ 1 [നരഭോജി]

Posted by

തീ മിന്നൽ അപ്പേട്ടൻ 1

SUPERHERO Appettan | Author : Narabhogi


രാത്രി,,,,,  കണ്ണടച്ചാൽ അറിയാത്തപോലെ കുറ്റാകുറ്റിരുട്ടുള്ളൊരു രാത്രി, കരിയിലകൾക്കും ഉരുളൻ കല്ലുകൾക്കുമിടയിൽ കൂടി ചെറിയൊരു ശീൽക്കാരത്തോടെ, കരിനാഗമെന്നോണം അരുവി വളഞ്ഞു പുളഞ്ഞൊഴുകി.  

പരമൻപിള്ള അന്ന് വളരെ വൈകി, കടത്ത് കടന്നപ്പോഴേ തോന്നിയിരുന്നു, വൈകുമെന്ന് വയറ്റികിടന്ന കുറച്ചു വാട്ടചാരായതിൻ്റെ  ബലത്തിൽ അങ്ങ് നടന്നു. വരുംവരായ്കകളെ കുറിച്ചൊന്നും ആലോചിച്ചില്ല. 

 

സൂചി കുത്തിയാൽ കടക്കാത്ത കാട്. അന്തരീക്ഷത്തിൽ രാപക്ഷികളുടെ നാദം മുഖരിതമായി. രാത്രി ഇരതേടുന്ന മൃഗങ്ങളുടെ ശബ്ദം കേൾക്കാനില്ല, അങ്ങനെ വന്നാൽ സൂക്ഷിക്കണം,ഏതു നിമിഷവും അതിലൊന്ന് മുന്നിലെത്താം, വിശന്ന മൃഗങ്ങൾ ശബ്ദമുണ്ടാക്കാൻ നിൽക്കില്ല. അകലെയെവിടെയോ ഒരു ചെന്നായ് ഓരിയിട്ടോ?…. 

 

വേണ്ടായിരുന്നു ഓർക്കണ്ടതായിരുന്നു നാടേതാണെന്നും, ഈ ദിവസം ഏതാണെന്നും. 

 

ഇന്ന് ചാന്ദ്രപൗർണമിയും, ഗ്രഹണവും ഒരുമിച്ചു വന്ന അപൂർവ്വ രാത്രി. ഈ ദിവസങ്ങളിൽ നരിമലഗ്രാമത്തിൽ പൊടിയീച്ചകുഞ്ഞുപോലും പുറത്തിറങ്ങാറില്ല. അതിനു അതിൻ്റെതായ കാരണം ഉണ്ടെന്നു തന്നെ കൂട്ടിക്കോളൂ. അതൊക്കെ വഴിയേ പറയാം.

 

അയാളെ എവിടെനിന്നോ ഒരു ഭയം കടന്നുപിടിച്ചു. നടത്തം വേഗത്തിൽ ആയി. ഒരു ചില്ല അമർന്നൊടിഞ്ഞാൽ, പരന്നൊഴുകുന്ന ജലാശയത്തിലേക്ക് മാക്രിയൊന്നെടുത്തു ചാടിയാൽ, ഒന്നിൽ കൂടുതൽ വട്ടം പാതിരാകോഴി കരഞ്ഞുപോയാൽ അയാൾ അവിടെ അപ്പോൾ വീണുമരിക്കുമെന്ന അവസ്ഥയെത്തി.

 

കാറ്റിൽ പവിഴമല്ലിയുടെയും, പൂത്തപാലയുടെയും ഗന്ധം അലഞ്ഞുതിരിയുന്നു. യക്ഷികഥകളിൽ എന്നപോലെ കാട്, ഒരുങ്ങി കെട്ടി എന്തിനോ വേണ്ടി കാത്ത് നിൽക്കുന്നു. അവളുടെ സൗന്ദര്യലഹരിയിൽ അയാൾക് തെല്ലൊരു ഭയം തോന്നി. തണുത്തകാറ്റ് വീശുന്നുണ്ട്, അയാൾ കൈ രണ്ടും ശരീരത്തോട് ചേർത്ത് പിടിച്ചു, നല്ല മഴക്കോളുണ്ട്. എങ്കിലും ഈ തണുത്തക്കാറ്റിലും  അയാൾ കുടുകുടെ വിയർത്തുകൊണ്ടിരുന്നു. 

 

തന്നെ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന് അയാൾ നെറ്റിയിൽ പടർന്നൊഴുകുന്ന വിയർപ്പു തുടച്ചുകൊണ്ട് തുടരെ തുടരെ നോക്കി. മരണം വരുന്നുണ്ടെങ്കിൽ അത് പിന്നിൽ നിന്നാകുമെന്നു, ഏതൊരു ഭയന്ന മനുഷ്യനെയും പോലെ ആയാളും നിനച്ചു. എങ്കിലും മരണം മനുഷ്യൻ അല്ലല്ലോ. പിന്നിൽനിന്ന് കുത്താൻ. 

Leave a Reply

Your email address will not be published. Required fields are marked *