ഉടൻ തന്നെ ചേട്ടൻ്റെ ചോദ്യം വന്നു…
“നിനക്ക് രാമ സ്വാമി നായ്ക്കരും ആയി എന്താ ഇടപാട്..??”
ആ ചോദ്യത്തിൽ നിന്ന് തന്നെ ഞാൻ പെട്ട് കഴിഞ്ഞു എന്ന് എനിക്ക് ഉറപ്പായി…
പക്ഷേ ചേട്ടൻ്റെ ചോദ്യത്തിന് എന്ത് മറുപടി പറയും എന്നറിയാതെ ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ ആണ് അടുത്തതായി അമ്മയുടെ ചോദ്യം വന്നത്…
“എന്തൊക്കെ ആണ് നീ ഇവിടെ നിന്ന് ചെന്നൈക്ക് പോയിട്ട് കാണിച്ച് കൂട്ടിയത്..
ഐടി ജോലിക്ക് എന്ന് പറഞ്ഞാണ് നീ ഇവിടെ നിന്ന് പോയത്.. എന്നിട്ട് അത് തന്നെ ആയിരുന്നോ നിനക്ക് അവിടെ പണി…”
സന്ധ്യയുടെ മാത്രം അല്ല.. അതിഥിയുടെ കാര്യവും അവർ മനസ്സിലാക്കി എന്ന് എനിക്ക് മനസ്സിലായി..
മറുപടി ഒന്നും പറയാത്തത് കൊണ്ട് അമ്മാവൻ ആതിരയോട് ചോദിച്ചു..
“അവൻ പറയില്ല… നീ പറ മോളെ…”
ആതിര പറയാൻ തുടങ്ങുമ്പോഴേക്കും ഞാൻ അത് തടഞ്ഞു…
അവർ എൻ്റെ വായില് നിന്ന് തന്നെ അറിയുന്നതാണ് നല്ലത്…
“വേണ്ട.. ഞാൻ തന്നെ പറയാം…”
ചെന്നയിൽ ഉണ്ടായ കാര്യങ്ങള് മാത്രമല്ല ഞാൻ ആദ്യമായി അതിഥിയെ കണ്ടത് മുതൽക്കുള്ള എല്ലാ കാര്യങ്ങളും ഞാൻ എല്ലാവരോടും പറഞ്ഞു…
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എൻ്റെ വീട്ടുകാർ തങ്ങൾ ഇനി എന്ത് പറയും എന്ന ഭാവത്തിൽ എന്നെ നോക്കി നിൽക്കുകയാണ്…
“ഓകെ..ഓകെ.. നിങ്ങളുടെ പേടി എനിക്ക് മനസ്സിലാവുന്നുണ്ട്.. ആരും പേടിക്കണ്ട.. ഇപ്പോ എല്ലാം ഓകെ ആണ്.. ആരും എന്നെ തേടി ഇങ്ങോട്ട് വരാൻ പോണില്ല…”
ഞാൻ അത് പറഞ്ഞതും ഇത്രയും നേരം ഒന്നും മിണ്ടാതെ നിന്ന അച്ഛൻ ചേട്ടനെ സൈഡിലേക്ക് മാറ്റി നെഞ്ച് വിരിച്ച് മുന്നോട്ട് വന്ന് എൻ്റെ നേരെ നിന്ന് സംസാരിക്കാൻ തുടങ്ങി…
“അതവിടെ നിൽക്കട്ടെ… ഒരു പെണ്ണിനെ കൈ നീട്ടി അടിക്കാൻ നിനക്ക് ആരാടാ അധികാരം തന്നത്…”