“പദ്മനാഭന്‍ സാര്‍ ബിസി ആയിരിക്കൂല്ലോ അല്ലെ?”
അയാള്‍ തിരക്കി. അവള്‍ തലകുലുക്കി.
“ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട് എന്നൊക്കെ കേട്ടു. അതുകൊണ്ട് ചോദിച്ചതാണ്…”
അവള്‍ അയാളെ നോക്കി പുഞ്ചിരിച്ചു.
“എന്നെ മനസ്സിലായോ?”
അയാള്‍ പുഞ്ചിരിയോടെ തിരക്കി.
“അറിയാം!”
പുഞ്ചിരി നിലനിര്‍ത്തി അവള്‍ പറഞ്ഞു.
“ടി വിയിലോക്കെ കണ്ടിട്ടുണ്ട്!”
“ഉവ്വോ? സന്തോഷം!”
അയാള്‍ ആഹ്ലാദത്തോടെ പറഞ്ഞു.
“ഡെല്ലിയിലായിരുന്നു അല്ലെ?”
ഡോക്റ്റര്‍ തുളസീമണി, സ്പീക്കറുടെ ഭാര്യ ചോദിച്ചു.
“അതേ!”
നിര്‍വ്വികാരമായ സ്വരത്തില്‍ ഗായത്രി മറുപടി നല്‍കി.
“മനസ്സില് എന്ത് വെഷമം ഉണ്ടായാലും ഭഗവതീടെ കാല്‍ച്ചുവട്ടില്‍ അതങ്ങ് സമര്‍പ്പിക്കുക!”
രോഹിത് ഈശ്വര്‍ തന്‍റെ സ്വതേയുള്ള ശൈലിയില്‍ പറഞ്ഞു.
“അനുഭവസ്ഥനാ പറയണേ! അത്കൊണ്ട് കുട്ടി ധൈര്യായിരിക്കുക! കേട്ടോ!”
ഗായത്രി തലകുലുക്കി. ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോള്‍ ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. മിക്കവാറും ഉറക്കത്തിലാണ്. സാവിത്രിയുടെ തോളില്‍ മുഖം ചേര്‍ത്ത് ഗായത്രിയും ഒന്ന് മയങ്ങിപ്പോയി. രാത്രിയില്‍ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജോയലിന് സംഭവിക്കാന്‍ പോകുന്ന അപകടം അവളെ ഉറങ്ങാന്‍ അനുവദിച്ചില്ല. ആ മനുഷ്യന്‍ ഇപ്പോള്‍ തന്‍റെ ആരുമല്ല. ഭാവിയില്‍ തന്‍റെ ആരുമാകാന്‍ പോകുന്നുമില്ല. പക്ഷെ ഒരുകാലത്ത് തന്‍റെ എല്ലാമായിരുന്നു അയാള്‍. അതുകൊണ്ട് തന്നെ അയാള്‍ക്ക് സംഭവിക്കാന്‍ പോകുന്ന അപകടമെന്താണ് എന്ന് അറിയാനുള്ള ധൈര്യം തനിക്കില്ല. അപ്പോള്‍ ഉറങ്ങുന്നതെങ്ങനെ? പെട്ടെന്ന് ബസ്സ് ഒരു ഞരക്കത്തോടെ നിന്നു. പെട്ടെന്നുള്ള ഹാള്‍ട്ടിങ്ങ് ആയതിനാല്‍ ബസ്സ് വല്ലാതെ കുലുങ്ങി.
“എന്താ രാമേശ്വരാ?”
ചാടിയെഴുന്നേറ്റ് സന്ദേശ് വാര്യര്‍ ചോദിച്ചു. പെട്ടെന്ന് കാതടപ്പിക്കുന്ന സ്വരത്തില്‍ ചുറ്റും വെടിയൊച്ചകള്‍ മുഴങ്ങി. അത് കേട്ട് മിക്കവരും പ്രത്യേകിച്ച് സ്ത്രീകള്‍ ഭയന്ന് നിലവിളിച്ചു.
“എന്താ? എന്തായിത്?”
രോഹിത് ഈശ്വറും സന്ദേശ് വാര്യരോടൊപ്പം ചേര്‍ന്ന് പുറത്തേക്ക് നോക്കി. ആ നിമിഷം ഡ്രൈവറുടെ ക്യാബിനിലെ പുറത്തേക്കുള്ള ഡോര്‍ തുറക്കപ്പെട്ടു. ഡ്രൈവറെ ആരൊ പുറത്തേക്ക് വലിച്ചിറക്കി. പിന്നെ സംഭവിച്ചത് അക്ഷരാര്‍ത്ഥത്തില്‍ അകത്തുള്ളവരെ വിറപ്പിച്ചു. ബസ്സിന്‍റെ ഡോര്‍ വെടിവെച്ച് തകര്‍ക്കപ്പെട്ടു. അകത്തേക്ക് തോക്കുകളുമായി ചിലര്‍ ഇരച്ചെത്തി.
“ആരാ നിങ്ങള്?”
സന്ദേശ് വാര്യര്‍ ഭയന്നു വിറച്ചുകൊണ്ടാണെങ്കിലും ചോദിച്ചു.
“പേരും അഡ്രസ്സും ഒക്കെ നെനക്ക് ഇപ്പം തന്നെ അറിയണോടാ? ഇരിക്കെടാ അവിടെ മോന്തേടെ ഷേപ്പ് മാറേണ്ടേങ്കില്‍!”