ആലോചനയ്ക്ക് ശേഷം അയാള്‍ പറഞ്ഞു.
“എന്താ, സവിത്രിയ്ക്ക് പോകണോ?”
“എനിക്ക് പോകാന്‍ പറ്റില്ല, ഒരു അമ്പലത്തിലും ഇപ്പോള്‍!”
അവര്‍ പറഞ്ഞു.
“പിന്നെ? മോള്‍ക്കോ?”
“അതേ, മോള്‍ക്ക്! ഗോമതി വിളിച്ചിരുന്നു മോളെ! മോള്‍ പോകണമെന്ന് പറയുന്നു!”
“അതിപ്പോ….”
അയാള്‍ വീണ്ടും എന്തോ ആലോചിച്ചു.
“അത് കൊള്ളാം!”
അയാള്‍ ഉത്സാഹത്തോടെ എഴുന്നേറ്റു.
“ഇപ്പോള്‍ മോളിവിടെ ഇല്ലാതിരിക്കുന്നതാ നല്ലത്! ഇന്നാള് റിസോര്‍ട്ടില്‍ കേറി വന്നില്ലേ ആ പിശാച്? രാകേഷും ടീമും വലവിരിക്കുമ്പം ചെലപ്പം ഇങ്ങോട്ട് ഓടിക്കേറി വരാന്‍ ചാന്‍സ് ഉണ്ട്!…”
പിന്നെ അയാള്‍ സാവിത്രിയെ നോക്കി.
“ഗോമതി ആരുടെ കൂടെയാ പോകുന്നെ?”
അയാള്‍ തിരക്കി.
“ഒരുപാട് ആളുകള്‍ ഉണ്ട്!”
സാവിത്രി പറഞ്ഞു.
“എം എല്‍ എ ബാലരാമന്റെ വൈഫ് ഉണ്ട്. ചെല പാര്‍ട്ടിക്കാരൊക്കെയുണ്ട്. സന്ദേശ് വാര്യരെപ്പോലെയുള്ളവരൊക്കെ…അവര് പത്തിരുപത് പേരുണ്ട്… ഒരു ലക്ഷ്വറി ബസ്സ് പിടിച്ചാ പോകുന്നെ!”
അയാളുടെ മുഖം പ്രസന്നമായി.
“അപ്പം മൊത്തം വി ഐ പികളാ! അത് നന്നായി…”
അയാള്‍ പറഞ്ഞു.
“അത് നല്ലതാ, സാവിത്രി…ഇപ്പം ഈ സമയത്ത് ഒരു സ്പിരിച്ച്വല്‍ ട്രിപ്പൊക്കെ നല്ലതാ! അവിടെ മോള് വ്രതം ഒക്കെ നോറ്റിരിക്കുമ്പം ഇവിടെ അവന്‍റെ ശവം വീഴും…എല്ലാ കാര്‍മേഘങ്ങളും മാറി മൊത്തം ഒന്ന് തെളിയും…പോകാന്‍ പറഞ്ഞേരെ, മോളോട്!”
അയാളുടെ സ്വരത്തില്‍ അതിരില്ലാത്ത ആഹ്ലാദവും ആത്മവിശ്വാസവും നിഴലിച്ചിരുന്നു.
[തുടരും]