“ഇപ്പോള്‍ കേരള സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി!”
“ഓഹോ! നീ ഭരിക്കുന്ന പാര്‍ട്ടീടെ ആളാരുന്നോ?”
ഭയം കാണിച്ചുകൊണ്ട് ജോയല്‍ ചോദിച്ചു.
“അതൊക്കെ ഒന്നന്വേഷിച്ചിട്ടു വേണ്ടേ സാറേ ഈ റെയ്ഡ് ഒക്കെ നടത്താന്‍!”
ജോയലിന്റെ മുഖത്തെ ഭയം കണ്ടിട്ട് പരിഹാസപൂര്‍വ്വം അശ്വിന്‍ തില്ലങ്കേരി പറഞ്ഞു.
“അയ്യോ!”
ജോയലിന്റെ മുഖത്തെ ഭയമേറുന്നത് അശ്വിന്‍ കണ്ടു.
അത് മറ്റുള്ളവരുടെ മുഖത്തേക്ക് വ്യാപിക്കുന്നതും.
“എന്നാ വിളിക്ക് സാര്‍!”
ജോയല്‍ അവനോട് പറഞ്ഞു.
“സ്പീക്കറില്‍ ഇട് സാറേ!”
ജോയല്‍ അവനോട് പറഞ്ഞു.
ജോയലിന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് അശ്വിന്‍ കാള്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.
“ഹലോ സഖാവേ!”
നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം അശ്വിന്‍ പറഞ്ഞു.
“ഒരു ചെറിയ പ്രശ്നമുണ്ട്…”
“എന്താ? ആരാ? എന്ത് പ്രശ്നവാന്ന് ഇനിയ്ക്ക്?”
മലബാര്‍ ഭാഷയില്‍ അല്‍പ്പം പ്രായമുണ്ട് എന്ന് തോന്നിക്കുന്നയാളുടെ വാക്കുകള്‍ സന്തോഷും കൂട്ടുകാരും കേട്ടു.
“ഇന്‍കം ടാക്സ് എത്തീനി ഈട. ഓര് റെയ്ഡ് ചെയ്തിനി മ്മടെ സാധനം!”
“ഞ്ഞി ഫോണ്‍ ഓര്ക്ക് കൊട്!”
വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ തില്ലങ്കേരി ഫോണ്‍ ജോയലിന് കൈമാറി.
“ആരാ ഫോണില്‍?”
ഭയഭക്തി ബഹുമാനത്തോടെ ജോയല്‍ ആശ്വിനോട് ചോദിച്ചു.
“വി എം വിജയരാജന്‍!”
ഗര്‍വ്വ് നിറഞ്ഞ ശബ്ദത്തില്‍ അശ്വിന്‍ പറഞ്ഞു.
“ജില്ലാ സെക്രട്ടറി!”
“ഹലോ!”
ഫോണിലൂടെ വിം എം വിജയരാജന്റെ ശബ്ദം മുഴങ്ങി.
“ഹലോ!”
ജോയല്‍ അയാളുടെ വിളി സ്വീകരിച്ചു.
“അശ്വിന്‍ മ്മടെ ആളാന്ന്! ഓന്‍റ്റാട്ന്ന് കിട്ടീത് എന്തായാലും ബഡെ തന്നെ വെച്ചിട്ട് കീഞ്ഞോളി നിങ്ങ!”
എങ്ങനെയിരിക്കുന്നു എന്ന ഭാവത്തില്‍ അശ്വിന്‍ ജോയലെ നോക്കി.
ജോയല്‍ അവനെയും നോക്കി.