വിജയിയുടെ ഭാവത്തില്‍ അശ്വിന്‍ ചോദിച്ചു.
“എത്ര വരെ പോകും?”
ജോയല്‍ തിരക്കി.
“രണ്ട്!”
“മോനെ തില്ലങ്കേരി!”
പരിഹാസസ്വരത്തില്‍ ജോയല്‍ വിളിച്ചു.
“പതിനേഴ് കോടിയ്ക്ക് മേല്‍ വിലയുള്ള സാധനമാ ഈ പെട്ടിക്കാത്ത്. ആ കേസ് ഒതുക്കാന്‍ വെറും രണ്ടു കോടിയോ?”
“രണ്ടേ ഒള്ളു കയ്യില്‍ ഇപ്പം!”
“എന്നാ അതിങ്ങു കൊണ്ടുവാ!”
അശ്വിന്‍ തന്‍റെ കൂട്ടുകാരില്‍ ഒരുവന്‍റെ നേരെ കണ്ണ് കാണിച്ചു.
അവന്‍ അകത്തേക്ക് പോയി.
തിരികെ വലിയ ഒരു ബാഗുമായി തിരികെ വന്നു.
“രണ്ട് തെകച്ചും ഒണ്ടല്ലോ അല്ലെ?”
“പിന്നില്ലേ! തെകച്ചും ഒണ്ട്!”
“ഈ രണ്ടു കോടീടെ സോഴ്സ് എന്താടാ?”
ജോയല്‍ പെട്ടെന്ന് ചോദിച്ചു.
“എഹ്!!”
ആസന്നമായ നാശം മുമ്പില്‍ കണ്ടിട്ടെന്ന വണ്ണം അശ്വിന്‍ പെട്ടെന്ന് കണ്ണുകള്‍ മിഴിച്ചു.
“ഈ പണത്തിന്‍റെ സോഴ്സ് കാണിക്കാന്‍!”
അശ്വിന്‍ തലയില്‍ കൈവെച്ചു.
“നാറികളെ!”
ജോയല്‍ അലറി.
“ഇവിടെ സ്വര്‍ണ്ണം എത്തി എന്നതാരുന്നു ടിപ് ഓഫ്…എന്നിട്ടിപ്പം കള്ളപ്പണം കൂടി…ഏയ്…”
ജോയല്‍ സന്തോഷിന്‍റെയും കൂടെയുള്ള ലാലപ്പന്‍റെയും അസ്ലത്തിനയെയും ഡെന്നീസിന്‍റെയും നേരെ നോക്കി ഉച്ചത്തില്‍ പറഞ്ഞു.
“ഒന്നൂടെ ഒന്ന് അരിച്ചു പെറുക്ക്..ഒരിഞ്ചുപോലും മാറ്റിവെക്കണ്ട! ഇപ്പം രണ്ടു കോടി…ഇനീം കാണും എവിടെയേലും!”
അശ്വിന്‍ ചെറുത്ത് നില്‍ക്കാന്‍ നോക്കിയെങ്കിലും വളരെ അനായാസം സംഘം അത് വിഫലമാക്കി.
ഒരു മണിക്കൂര്‍ നേരം കൂടി സംഘം തിരച്ചില്‍ തുടര്‍ന്നു.
രഹസ്യമാക്കി ഒളിപ്പിച്ചിരുന്ന നാല്‍പ്പത് ലക്ഷം രൂപകൂടി അവര്‍ കണ്ടെത്തി.
റെയ്ഡ് സ്റ്റേറ്റ്മെന്‍റ് വായിച്ചു കേള്‍പ്പിച്ചു.
എന്നിട്ട് അശ്വിന്‍ തില്ലങ്കേരിയെക്കൊണ്ട് ഒപ്പിടുവിച്ചു.