“നിങ്ങളെ ആരെയും ഞങ്ങള്‍ ഉപദ്രവിക്കില്ല… നിങ്ങള്‍ ഇരിക്കുന്നയിടത്ത് നിന്നും അനങ്ങാതെ, ഫോണ്‍ ചെയ്യാന്‍ ശ്രമിക്കാതെ, അല്‍പ്പ സമയം ഞങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നാല്‍…”
ആളുകള്‍ ഭയന്ന് അയാള്‍ക്ക് നേരെ തലകുലുക്കി.
“പുറത്ത് കിടക്കുന്ന ആ വാന്‍ കണ്ടോ!”
അയാള്‍ പുറത്തേക്ക് വിരല്‍ ചൂണ്ടി.
ആളുകളും അങ്ങോട്ട് നോക്കി.
“…അവിടെ ഞങ്ങളുടെ ആളുകള്‍ നിങ്ങളുടെ, ഈ പന്തലില്‍ ഇരിക്കുന്ന ഓരോരുത്തരുടെയും മൂവ്മെന്‍റ് മോണിട്ടര്‍ ചെയ്യുന്നുണ്ട്…പുറത്തുള്ള ആരെയെങ്കിലും ഏതെങ്കിലും വിധത്തില്‍ നിങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ അത് ഞങ്ങള്‍ അറിയും…അറിഞ്ഞാല്‍ ആ വിവരം മറ്റുള്ളവര്‍ക്ക് ഞങ്ങള്‍ കൈമാറും..അവര്‍ നിങ്ങളെ കൊല്ലും!”
അവസാനത്തെ വാക്കുകള്‍ വളരെ പൈശാചികത നിറഞ്ഞ ശബ്ദത്തിലാണ് സന്തോഷ് ഉരുവിട്ടത്.
അത് കേള്‍വിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
ജോയല്‍ പടികള്‍ കയറി റിസോര്‍ട്ടിന്‍റെ ഫസ്റ്റ് ഫ്ലോറിലേക്ക് പോയി.
അവളുടെ മുഖത്തേക്ക്, കണ്ണുകളിലേക്ക് നോക്കിയാണ് അവന്‍ ഓരോ ചുവടും മുമ്പോട്ട് വെച്ചത്.
അന്ന് മണാലിയില്‍, വാര്‍ബിള്‍ പക്ഷികളുടെ സംഗീതം കേട്ട് തന്‍റെ മടിയില്‍ കിടന്നിരുന്ന ഗായത്രിയെ അവനോര്‍ത്തു.
“ജോ…”
അവള്‍ വിളിച്ചു.
താന്‍ ഉത്തരമായി മൂളി.
“ജോ മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കുമോ?”
“പിന്നെ കണ്ണുകളില്‍ നോക്കാതെ? അല്ലാതെ അവിടെയും ഇവിടെയും നോക്കി സംസാരിക്കുന്നവര്‍ ഡിസ്ഹോനെസ്റ്റ് ആണ്…കള്ളത്തരമുള്ളവര്‍…”
“പക്ഷെ ജോ നോക്കണ്ട!”
“എന്താ?”
തനിക്കൊന്നും മനസ്സിലായില്ല.
“ബോയ്സിനോട് സംസാരിക്കുമ്പോള്‍ കുഴപ്പമില്ല…”
കയ്യെത്തിച്ച് തന്‍റെ അധരം ചൂണ്ടുവിരളിനും പെരുവിരലിനുമിടയില്‍ പിടിച്ച് ഞെരിച്ചുകൊണ്ട് അവള്‍ അന്ന് പറഞ്ഞു.
“പക്ഷെ പെണ്ണുങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നോക്കരുത്!”
“അത്ശരി!!”
താന്‍ അവളെ ദേഷ്യം പിടിപ്പിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
“എന്നുവെച്ചാല്‍ പെണ്ണുങ്ങളൊക്കെ വിചാരിച്ചോട്ടെ ഞാന്‍ ഒരു പോങ്ങന്‍ ആണ് എന്നല്ലേ?”
“പോങ്ങന്‍ എന്ന് വെച്ചാല്‍? ഇതെന്തോക്കെ വേഡ് ആണ് ജോ ഈ പറയുന്നേ?”