പരിഹാസം ധ്വനിക്കുന്ന സ്വരത്തില്‍ ഗായത്രി അമര്‍ത്തി മൂളി.
“ഇങ്ങനെ എന്‍റെ അടുത്ത് എത്താന്‍ ഒരു വൃത്തികെട്ട ഗെയിം നിങ്ങള്‍ കളിച്ചില്ലേ? വേറെ എവിടെയോ ആണ് നിങ്ങള്‍ എന്ന് പോലീസിനെ തെറ്റിധരിപ്പിച്ച്? അവിടേക്ക് പോയിരിക്കുകയാ എന്‍റെ അച്ഛന്‍. നിങ്ങള്‍ അവിടെ ഉണ്ട് എന്നറിഞ്ഞ്! എന്‍റെ അച്ഛന്‍ നിങ്ങളെപ്പോലെയല്ല…നിങ്ങളെപ്പോലെയുള്ള കൊടും ഭീകരന്മാരുടെ സ്ഥലത്തേക്ക് നിങ്ങളെ തിരക്കിപ്പോയിരിക്കുന്നു…”
സമീപത്ത് നിന്ന സാവിത്രി അത് കേട്ട് ഭയന്ന് മകളെ നോക്കി.
പദ്മനാഭന്‍ തമ്പി രാകേഷിന്റെ പിന്നാലെ പോയ വിവരം അവര്‍ അറിഞ്ഞിരുന്നില്ല.
ജോയല്‍ ചിരിച്ചു.
പരിഹാസവും വേദനയും പുച്ചവും നിറഞ്ഞ ചിരി.
“നിന്‍റെ അച്ഛന്‍!”
അവന്‍ പുച്ഛത്തോടെ പറഞ്ഞു.
“അതെ!”
അതേ ആവേശത്തില്‍ ഗായത്രി.
“അതെ എന്‍റെ അച്ഛന്‍! രാജ്യസ്നേഹിയായ എന്‍റെ അച്ഛന്‍! സ്വന്തം രാജ്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ സഹായിച്ച്, നിയമത്തിന്‍റെ കയ്യില്‍ ഒടുങ്ങിയ നിങ്ങളുടെ അച്ഛനെപ്പോലെയല്ല…അറി…”
“നിര്‍ത്തെടീ!!”
ഗായത്രി പറഞ്ഞു തീരുന്നതിനു മുമ്പ് ജോയല്‍ അലറി.
അവള്‍ കിടുങ്ങി വിറച്ചു.
രംഗത്തിന്‍റെ അപ്രതീക്ഷിതമായ പോക്കില്‍ ആകാംക്ഷ ഒളിപ്പിക്കാനാവാതെ ഷബ്നം മുകളിലേക്ക് വന്നു.
“നിനക്ക് എന്തറിയാം എന്‍റെ പപ്പായെപ്പറ്റി? നിനക്ക് എന്തറിയാം നിന്‍റെ അച്ഛനെപ്പറ്റി? അറിഞ്ഞാല്‍ പുന്നാര മോളെ, മനുഷ്യത്തമുണ്ടെങ്കില്‍ നീ തന്നെ കയറ്റും അയാടെ തലയോട്ടിക്കകത്ത് വെടിയുണ്ട! അറിയുമോ നിനക്ക്?”
“അറിയാം!”
ആവേശമൊട്ടും ചോരാതെ ഗായത്രി തിരിച്ചടിച്ചു.
“പറഞ്ഞുള്ള അറിവല്ല…നേരിട്ട് കണ്ട അറിവ്! ഇപ്പം കയ്യിലിരിക്കുന്ന ആ ആയുധമില്ലേ? അതുകൊണ്ട്, ആ ആയുധം കൊണ്ട്, പിശാച് പോലും അറയ്ക്കുന്ന മുഖത്തോടെ നിങ്ങള്‍ കൊന്ന് തള്ളുന്നത്! ലൈവ് വിഷ്വല്‍! കുലത്തൊഴിലായി കൊന്ന് തള്ളുന്നവരുടെ കുടുംബത്തിലാണ് പിറവിയെന്ന് കണ്ണുമടച്ച് പറയാം! നല്ല സീസണ്‍ഡ് കില്ലേഴ്സിനെപ്പോലെ എത്ര കൃത്യമായാണ് അന്ന് തോക്ക് പിടിച്ച് കൊന്ന് തള്ളുന്ന രംഗം ഞാന്‍ ടി വിയില്‍ കണ്ടത്!”
കണ്ണുകളില്‍ അഗ്നിസ്ഫുലിംഗങ്ങളോടെ ഗായത്രി അവനെ നോക്കി.