സൂര്യനെ പ്രണയിച്ചവൾ 16
Sooryane Pranayichaval Part 16 | Author : Smitha | Previous Parts
രാകേഷ് തന്‍റെ ലെഫ്റ്റനന്‍റ്റ്സിനോടൊപ്പം പുറപ്പെട്ടതിനു ശേഷം പരിസരം പൊടുന്നനെ നിശബ്ദമായി.
എന്ത് ചെയ്യണമെന്നറിയാതെ ആളുകള്‍ പരസ്പ്പരം നോക്കി.
ചിലര്‍ പദ്മനാഭന്‍ തമ്പിയുടെയും സാവിത്രിയുടേയുമരികിലെത്തി വിവരങ്ങള്‍ ആരാഞ്ഞു.
ഊര്‍മ്മിളയും രാകേഷിന്റെ അച്ഛനും കാര്യങ്ങള്‍ എല്ലാവരെയും ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
പദ്മനാഭന്‍ തമ്പി എന്തോ ആലോചിക്കുന്നത് എല്ലാവരും കണ്ടു.
പെട്ടെന്നയാള്‍ മണ്ഡപത്തിനരികില്‍ മേശമേല്‍ വെച്ചിരുന്ന മൈക്ക് കയ്യിലെടുത്തു.
“രാകേഷ് മഹേശ്വര്‍ ഒരു പ്രത്യേക മിഷന് വേണ്ടി നിയോഗിക്കപ്പെട്ട് ഇവിടെ എത്തിയ ആളാണ് എന്ന് ഇവിടെ കൂടിയിരിക്കുന്ന, ക്ഷണം സ്വീകരിച്ചെത്തിയ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും അറിവുള്ളതാണല്ലോ….”
അയാള്‍ തന്‍റെ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു.
“ആ മിഷന്‍റെ ഭാഗമായി അദ്ധേഹത്തിന് ഇവിടെനിന്നും ഇപ്പോള്‍ പുറപ്പെടെണ്ടി വന്നിരിക്കുന്നതിനാല്‍ വിവാഹനിശ്ചയ ചടങ്ങ് മറ്റൊരു മുഹൂര്‍ത്തത്തിലേക്ക് മാറ്റിവെച്ച വിവരം വ്യസനസമേതം എല്ലാവരെയും അറിയിക്കുന്നു…”
കൂടി നിന്നിരുന്നവരില്‍ ചെറിയ ഒരാരവമുണര്‍ന്നു.
“പക്ഷെ…”
പദ്മനാഭന്‍ തമ്പി തുടര്‍ന്നു.
“…പക്ഷെ … ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികള്‍ എന്‍റെ ഒരു അഭ്യര്‍ത്ഥന മാനിക്കണമെന്ന് അപേക്ഷിക്കുന്നു…അത്…”
അയാള്‍ എല്ലാവരെയും ഒന്ന് നോക്കി.
“ഭക്ഷണം തയ്യാറാണ്…”
അയാള്‍ തുടര്‍ന്നു.