അവൾ തിടുക്കത്തിൽ അലക്സിൻറ്റെ നമ്പർ ഡയൽ ചെയ്തു.
ഇപ്പോൾ ഇവിടെ ഒൻപത് പത്ത് ആയെങ്കിൽ ദുബായിയിൽ ഏഴ് നാൽപ്പത് ആയിക്കാണണം.
ഏതായാലും റിങ് ഉണ്ട്.
“ആ അലക്സേ…”
അവൾ വിളിച്ചു.
“എടാ ഇന്നലെ സർജറി കഴിഞ്ഞ് എത്തിയപ്പോൾ ഒരു വകയായി. ടയേഡായീന്നു പറഞ്ഞാ എവിടെ എങ്കിലും ഒന്ന് ചുരുണ്ടു കൂടിയാ മതീന്നെ ഒണ്ടാരുന്നുള്ളൂ…. ആ അതെ ..അതേന്നേ …വീട്ടി വന്നു കുളിച്ചു രണ്ടെണ്ണം അടിച്ച് ഒറ്റ കെടപ്പാരുന്നു…ഇപ്പഴാ ഏറ്റെ …അതുകൊണ്ടാ നിൻറ്റെ കോൾ മിസ്സായെ… ആ, യെസ് … സാമും വിളിച്ചു ..നാലഞ്ച് പ്രാവശ്യം ..താങ്ക്സ് ഡാ ചക്കരെ…നീ പ്രാർത്ഥികൂന്നു പറഞ്ഞില്ലേ..
അതുകൊണ്ടാടാ സക്സസ് ആയത്..പിന്നെ എന്‍റെ എന്നാ മിടുക്ക്? അതൊന്നുവല്ല…ഈശോ കാത്തു, വേറെ എന്നാ? ആ ഇപ്പം ടീവീല് നടന്നോണ്ടിരിക്കുവാ..എന്നതാ അവർക്ക് പാർട്ടി വേണെന്നോ? പാർട്ടി ഒക്കെ കൊള്ളാം കണ്ടമാനം വെള്ള മടിച്ച് പാമ്പായേക്കരുത് …
കൊളസ്‌ട്രോൾ എത്രയാന്നാ നിൻറ്റെ വിചാരം..വലിയ ന്യൂറോളജിസ്റ്റാന്ന് പറഞ്ഞിട്ടെന്നാ കാര്യം! ഇതുപോലെ ഹെൽത്ത് നോക്കാത്ത ഒരു ഡോക്റ്റർ! ശരീടാ, ഒന്ന് കുളിക്കട്ടെ…എന്നാലേ ഗ്രോഗ്ഗിനെസ് പോകാത്തതുള്ളൂ …ആ ..ഇന്ന് ലീവാ…ബൈ ഉമ്മ ചക്കരേ…”
പിന്നെ അവൾ സാമിന്‍റെ നമ്പർ ഡയൽ ചെയ്തു.
“ഹലോ, ആ മമ്മിയാടാ…നിനക്കെന്നാ എന്‍റെ വോയിസ് കേട്ടാ തിരിച്ചറിയാൻ പറ്റത്തില്ലേ? ഏഹ്? ഒറങ്ങിയാരുന്നെന്നോ…സോറീഡാ…ലേറ്റ് ആയി ചക്കരെ… ന്യൂസ് കണ്ടെന്നോ..താങ്ക്യൂഡാ ..പപ്പേ ഇപ്പം ജസ്റ്റ് വിളിച്ചതേ ഉള്ളെടാ… ഹ്മ്മ്മ് …പപ്പാ വലിയ പാർട്ടി ഒക്കെ കൊടുക്കാൻ പോകുവാ…പത്മശ്രീയോ? പിന്നെ ..അത്രയ്ക്കൊന്നും ഇല്ലടാ മോനൂ…ശരി മുത്തേ …ഉമ്മ..ബൈ…”