ശ്യാമ എന്നെ അദ്ഭുതത്തോടെ നോക്കി.
“എന്താ നോക്കുന്നേ? ഒരുമാതിരി വർത്തമാനം പറഞ്ഞാ അത് തന്നെ ഞാൻ ചെയ്യും.”
അവൾ ചിരിച്ചു. ഭക്ഷണം ഒക്കെ കൊടുത്ത് കഴിഞ്ഞ് ക്ലീനപ്പൊക്കെ ചെയ്തപ്പോ ശ്യാമ എന്നെ വിളിച്ചു.
“പല്ലവീ..”
“ഉം?”
“ഞാൻ മൂത്രമൊഴിച്ചു”
ഞാൻ ചിരിച്ചു. “ഡയപ്പർ ഒന്ന് കൂടി ഉണ്ട്. രാവിലെ മാറ്റാം. ഇപ്പോ നീ ഉറങ്ങിക്കോ”..
“കണ്ണ് തുറന്ന് നിന്നെ കണ്ടപ്പോ എൻ്റെ വേദനയൊക്കെ പോയി. അത് പറഞ്ഞപ്പളാ, മാഡം?”
“അവരെയൊക്കെ ഞാൻ പറഞ്ഞ് വിട്ടു”
ശ്യാമ ചിരിച്ചു. എൻ്റെ മുഖത്ത് തന്നെ നോക്കി കിടന്ന് അവൾ പിന്നെയും ഉറക്കമായി. ഞാൻ കുറച്ച് സമയം കൂടി ഇരുന്നിട്ട് ശ്യാമയുടെ ഒപ്പം കട്ടിലിൽ കയറി കിടന്നു.
രാവിലെ തുടയുടെ മുകളിൽ ഒരു തണുപ്പും കുത്തിക്കയറുന്ന വേദനയും തോന്നിയാണ് ഞാൻ ഉണർന്നത്.
“ഔ, ഔ.. “, ഞാൻ എണീട് കട്ടിലിൽ ഇരുന്നു. എന്നെ നോക്കി ചിരിച്ചുകൊണ്ട് നേഴ്സ് നിൽക്കുന്നുണ്ടായിരുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ ശ്യാമയും ഉണർന്ന് കിടക്കുകയായിരുന്നു. പിന്നെ രണ്ടാളും കൂട്ടച്ചിരിയായി.
“എനിക്ക് ഇൻജെക്ഷൻ എടുത്തോ?”
“കട്ടിലിൽ കിടക്കുന്ന കണ്ടപ്പോ ഞാൻ കരുതി രോഗിയാണെന്ന്”, നേഴ്സ് പറഞ്ഞു. “പിന്നെ ടോപ്പ് ഒക്കെ പൊങ്ങി കുത്താൻ സൗകര്യമായി കിടക്കുന്നും ഉണ്ടായിരുന്നു.”
“അയ്യോ ! എനിക്കെന്താ കുത്തിവച്ചത്?”
“പറയില്ല, അല്പം കഴിയുമ്പോ നിനക്ക് മനസ്സിലാകും”
ഞാൻ ആകെ കൺഫ്യൂഷനായി ശ്യാമയെ നോക്കി. അവൾ ചിരിച്ചുകൊണ്ടിരുന്നു.
“ഞാൻ നഖം കൊണ്ടാ പെണ്ണേ കുത്തിയത്.., ഇനി ടെൻഷനായി ബോധം പോകണ്ട”, നഴ്സ് ശ്യാമയ്ക്ക് ഇൻജെക്ഷൻ കൊടുത്ത് അവളുടെ തലയില്ലെ ഡ്രെസ്സിങ്ങ് മാറ്റിയിട്ട് തിരിച്ചു പോയി.
“ശ്യാമാ, നിനക്ക് ഒരു മാസം റെസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞത്, ഇന്നലെ മേഡം പറഞ്ഞിരുന്നു”
അവളുടെ മുഖത്ത് അങ്കലാപ്പ് കാണാമായിരുന്നു. “പല്ലവീ, എനിക്ക് നടക്കാൻ.. ഒരു മാസം.. ജോലി..”