അവളെന്നെ പല്ലു എന്ന് വിളിച്ചു. എൻ്റെ കണ്ണുകൾ പിന്നെയും നിറഞ്ഞു. “ശ്യാമാ, ഒരു പതിനഞ്ച് മിനിറ്റ് കൂടി, എന്നിട്ട് ഭക്ഷണം തരാം”
“അതെന്തിന് പതിനഞ്ച് മിനിറ്റ്?”
“നിനക്ക് അനസ്തേഷ്യ തന്നിരുന്നു. മൈനർ സർജറി ആയിരുന്നു. അതുകൊണ്ട്”
“എനിക്കറിയില്ല. വിശക്കുന്നെടീ”
ഞാൻ കട്ടിലിൻ്റെ തലഭാഗം അല്പം ഉയർത്തി വച്ചു. അവൾക്ക് നേരെ നോക്കാമെന്നായി. “ഓ, എനിക്ക് മൂത്രമൊഴിക്കണം, എവിടെയാ ടോയ്ലറ്റ്?”
“നടക്കാൻ പറ്റിയ അവസ്ഥയിൽ തന്നെ. കൊള്ളാം. വെയിറ്റ് ചെയ്യ്”
നോക്കിയപ്പോൾ കട്ടിലിനടിയിൽ യൂറിനുള്ള പാത്രം കണ്ടു. അത് എടുത്ത് കൊടുത്തപ്പോൽ അവൾ എൻ്റെ മുഖത്ത് നോക്കി.
“ഇതെന്താ?”
“ഇതിലാണ് മുള്ളണ്ടത്”
“പറ്റില്ല, എനിക്ക് ടോയ്ലറ്റ് വേണം”
“ശ്യാമാ, നിനക്ക് എണീറ്റ് നിൽക്കാൻ പറ്റുന്നുണ്ടോ?”
അവൾ തലപൊക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. അവളുടെ കണ്ണൂകൾ നിറഞ്ഞു. ഞാൻ പുതപ്പ് മാറ്റി നോക്കിയപ്പോൾ ഹോസ്പിറ്റൽ ഗൗണിനടിയിൽ ഒന്നും ഇല്ലെന്ന് മനസ്സിലായി. ഞാൻ ട്രേ വച്ച് കൊടുത്തെങ്കിലും അവൾക്ക് അതിൽ മൂത്രമൊഴിക്കാൻ പറ്റിയില്ല. നേഴ്സിനോട് ചോദിച്ചപ്പോൽ അഡൾട്ട് ഡയപ്പർ വാങ്ങി നോക്കാൻ പറഞ്ഞു. അത് ഹോസ്പിറ്റൽ ഫാർമസിയിൽ തന്നെ ഉണ്ടായിരുന്നു. ഡയപ്പറുമായി വന്ന് അത് കെട്ടി കൊടുത്ത് കഴിഞ്ഞപ്പോൾ അവൾ പൊട്ടിക്കരഞ്ഞ് പോയി.
“ശ്യാമാ..”
“എനിക്ക് വയ്യ പല്ലവീ, ഇങ്ങനെ..”
“കുട്ടികളെപ്പോലെ ആവാതെ ശ്യാമാ. ഇത് ഞാനല്ലേ.. നീ മെല്ലെ നോക്ക്. റിലാക്സ്ഡ് ആയി..”
അവൾ ഒന്നും പറഞ്ഞില്ല. അവളെപ്പോലൊരു വാശിക്കാരി ഒരു ദിവസം ദുർബലയായി പോകുന്നതിലെ വിഷമം എനിക്ക് ഊഹിക്കാനേ ഉണ്ടായിരുന്നുള്ളു. ഞാൻ പാർസൽ തുറന്ന് അതിലുണ്ടായിരുന്ന ദോശ അവൾക്ക് ചെറു കഷണങ്ങൾ ആക്കി കൊടുത്തു. ഓരോ കഷണം കൊടുത്തിട്ട് ഞാൻ അവളുടെ ചുണ്ടുകൾ തുടച്ചു. അവൾ എൻ്റെ മുഖത്തുനിന്നും കണ്ണെടുക്കുന്നുണ്ടായിരുന്നില്ല.
“പല്ലവീ.. നീ വന്നല്ലോ..”
“നീയെന്താ കരുതിയത് ! ഞാൻ ഇട്ടിട്ട് പോകുമെന്നോ?”
അവൾ എൻ്റെ കൈ പിടിച്ച് അമർത്തി.
“എന്താ ശ്യാമാ?”
“ഞാൻ നിനക്കൊരു ഭാരമായി”
“ദേ പെണ്ണേ, നിൻ്റെ മറ്റേ കാലുകൂടി ഞാൻ തല്ലിയൊടിക്കും..”