ശ്യാമമോഹനം 2 [Soumya Sam]

Posted by

അധികം ആളുകൾ ഇല്ലായിരുന്നു. അടുത്തുള്ള കട്ടിലുകൾ മൂന്നാലെണ്ണം കാലിയായിരുന്നു. ഞാൻ ശ്യാമയുടെ അരികിൽ കട്ടിലിൽ ഇരുന്നു. എൻ്റെ ശ്യാമ, അവൾക്ക് വേദനിച്ചിരിക്കുമോ.. ഇപ്പോളും വേദന കാണുമോ.. എൻ്റെ വിരലുകൾ അവളുടെ കയ്യിൽ ഇഴഞ്ഞു നടന്നു. അവളുടെ മുഖത്ത് നോക്കി നോക്കി ഞാൻ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ കൈ പിടിച്ചുകൊണ്ട് കസേരയിൽ ഇരുന്നു. എപ്പോളോ അവളുടെ ബെഡ്ഡിൽ തലവച്ച് ഉറങ്ങിപ്പോയി.

മൂക്കിൽ ആരോ പിടിച്ച് വലിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. ഞെട്ടിപ്പോയി. പിന്നെ എല്ലാം ഓർമ്മവരാൻ ഒരു നിമിഷം എടുത്തു. നോക്കിയപ്പോൾ ശ്യാമ കണ്ണ് തുറന്ന് കിടക്കുന്നു. എന്നെ നോക്കിക്കൊണ്ട്. അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ഒരു തേങ്ങലോടെ ഞാൻ അവളെ കെട്ടിപ്പിടിച്ചു. അവളുടെ മുഖത്ത് വേദന ഞാൻ കണ്ടു. പക്ഷേ ചിരിയും.

“സോറി, സോറീ.. ശ്യാമേ ഞാൻ..”

“പല്ലവീ..”, അവളുടെ ശബ്ദം ദുർബലമായിരുന്നു.

“എൻ്റെ നല്ല ജീവൻ പോയി”

അവൾ ചിരിച്ചു.

“എന്ത് പണിയാ കാണിച്ചത് !”

“എൻ്റെ ഡ്യൂട്ടി”

“ശ്രദ്ധയില്ലാതെയാണോ !”

“അപകടം പറ്റിയതാ”

“വേദനയുണ്ടോ?”

അവൾ ഉവ്വെന്ന് തലയാട്ടി. ഞാൻ അവളുടെ കൈയിൽ അമർത്തി പിടിച്ചു. എൻ്റെ കണ്ണിൽ നിന്ന് കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു. അവൾ കയ്യുയർത്തി എൻ്റെ കണ്ണ് തുടച്ചു.

“പല്ലവീ”

“ഉം?”

“ഞാൻ മരിച്ചില്ല”

“കൊല്ലും ഞാൻ ആ വാക്ക് പറഞ്ഞാൽ”

“എനിക്ക് വിശക്കുന്നുണ്ട്. കാര്യമായി ഒന്നും ഓർമ്മയില്ല”

ഞാൻ ചുറ്റും നോക്കി. സമയം 2 മണി ആയിരുന്നു. ബെഡ് സൈഡ് ടേബിളിൽ ഭക്ഷണം പാർസൽ ഇരിക്കുന്നത് കണ്ടപ്പോൾ ആണ് ആശ്വാസമായത്. പെട്ടന്നാണ് എനിക്ക് അനസ്തേഷ്യയുടെ കാര്യം ഓർമ്മ വന്നത്. ഞാൻ എണീറ്റ് നേഴ്സസ് സ്റ്റേഷനിലേയ്ക്ക് ഓടി. ഡ്യൂട്ടി നേഴ്സിനോട് ചോദിച്ചപ്പോൾ അവർ ചാർട്ട് നോക്കി. പിന്നെ സമയവും. ഒരു പതിനഞ്ച് മിനിറ്റ് കൂടി കഴിഞ്ഞിട്ട് ഭക്ഷണം കൊടുത്തോളാൻ അവർ പറഞ്ഞു. ഞാൻ തിരികെ എത്തിയപ്പോൾ ശ്യാമ എണീറ്റിരിക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ അവൾക്ക് തലപോലും പൊങ്ങുന്നുണ്ടായിരുന്നില്ല.

“ശ്യാമാ, അടങ്ങി കിടക്കൂ”

“വിശക്കുന്നു പല്ലൂ”

Leave a Reply

Your email address will not be published. Required fields are marked *