വൈകിട്ട് ഹോസ്പിറ്റലിൽ തിരിച്ചെത്തി സുകന്യയെ ഹോസ്റ്റലിലേയ്ക്ക് വിട്ടു, അവളോട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് ഒന്ന് വരാൻ ചട്ടം കെട്ടിയാണ് വിട്ടത്. വീടിൻ്റെ കാര്യം അവളോട് പറഞ്ഞു. അവൾക്കും സന്തോഷമായിരുന്നു. ഒരു മാസത്തിനു ശേഷം അവൾ കൂടി വന്നോട്ടേ എന്ന് ചോദിക്കുകയും ചെയ്തു. ഞാൻ സമ്മതിച്ചു.
രാത്രി മുഴുവൻ ഞാനെൻ്റെ എക്സൈറ്റ്മെൻ്റ് മറച്ച് വയ്ക്കാൻ കഷ്ടപ്പെട്ടു. ശ്യാമ അല്പം കൂടി ബെറ്ററായിരുന്നു. അവൾക്ക് ക്ഷീണമുണ്ടായിരുന്നെങ്കിലും ഒരുപാട് സംസാരിച്ചു.
“നല്ല ആളാ, ഹണിമൂൺ ആശുപത്രിയിൽ ആക്കിയില്ലേ”, ഞാൻ പരിഭവം പറഞ്ഞു.
“ഞാൻ നിന്നെ ഓർത്തോണ്ടിരുന്ന് മുന്നിലെ പടി കണ്ടില്ല. നിൻ്റെയാ കുറ്റം”
“അതേയതേ, കെട്ടിയോന്മാരൊക്കെ എപ്പളും ഇങ്ങനെയാണല്ലോ. കുറ്റമൊക്കെ ഓൾക്ക് തന്നെ”
“ക്ഷമിക്ക് പല്ലൂ, ഞാൻ ഇനി ശ്രദ്ധിച്ചോളാം”
“നിനക്ക് വേദനിക്കുന്നതിനെ പറ്റി എനിക്ക് ചിന്തിക്കാൻ വയ്യ ശ്യാമാ”, ഞാനവളുടെ കവിളിൽ കൈവച്ച് പറഞ്ഞു. അവൾ എൻ്റെ കൈയുടെ മുകളിലൂടെ അവളുടെ കൈ വച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
പിറ്റേന്ന് ഉച്ചയ്ക്ക് സുകന്യ വന്നപ്പോൽ ഞാൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി. ഡിസ്ചാർജ്ജ് ഒരു ദിവസം വൈകിപ്പിക്കാൻ ഞാൻ ഡോക്ടറെക്കൊണ്ട് സമ്മതിപ്പിച്ചിരുന്നു. അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു.
വീട്ടിൽ ചെന്നപ്പോൾ വീടൊക്കെ വൃത്തിയാക്കി ഇട്ടിരുന്നു. ഹോസ്റ്റലിൽ നിന്ന് ഞങ്ങളുടെ സാധനങ്ങളും കൊണ്ടാണ് ഞാൻ ചെന്നത്. എല്ലാം അടുക്കി വച്ചിട്ട് ഞാൻ പോയി അടുക്കളയിലേയ്ക്ക് അത്യാവശ്യം പാത്രങ്ങളും കുറച്ച് അരിയു പച്ചക്കറികളും ഒരു ഇൻഡക്ഷൻ കുക്കറും മറ്റും വാങ്ങി. തിരിച്ചെത്തിയപ്പോൾ ഹൗസ് ഓണർ ആൻ്റിയും സഹായിക്കാൻ വന്നു. ഞാൻ അവരോട് ശ്യാമയുടെ അപകടത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ അവർക്ക് വിഷമമായി. “ഞങ്ങൾ ഇവിടെയുണ്ടല്ലോ കുട്ടീ, നീ പേടിക്കണ്ട” എന്ന് അവർ പറഞ്ഞപ്പോൾ എനിക്കും ആശ്വാസം തോന്നി. ബാത്ത്റൂം ബെഡ്റൂമിൽ അറ്റാച്ച്ഡ് ആയിരുന്നു. ഹാളിൽ ഫർണിച്ചറുകൾ ഒന്നും ഇല്ലായിരുന്നു. കിച്ചൺ ഹാളിൻ്റെ അരികിൽ ആയിരുന്നു. ഞാൻ നാല് ഫൈബർ കസേരകളും ഒരു ഫോൾഡിങ്ങ് ടേബിളും കൂടി വാങ്ങി. ഒരു ഫ്ലവർവേസ് കൂടി ടേബിളിൽ വച്ചപ്പോൾ മനസ്സിൽ എന്തോ ഒരു സന്തോഷം തോന്നി. അപ്പോളേയ്ക്കും പോക്കറ്റ് ഏതാണ്ട് കാലിയായി. ഇനി അടുത്ത മാസം നോക്കാം ബാക്കിയൊക്കെ എന്ന് മനസ്സിൽ ഉറപ്പിച്ചു.
രാവിലെ ഹോസ്പിറ്റലിൽ സിന്ധു മേഡം വന്നപ്പോൽ ഞാൻ വാർഡിനു പുറത്ത് നിന്ന് മേഡത്തോട് കാര്യമൊക്കെ പറഞ്ഞു. അവർ എൻ്റെ കവിളിൽ കൈവച്ച് എൻ്റെ മുഖത്ത് കുറച്ച് സമയം നോക്കി നിന്നു. പിന്നെ പുഞ്ചിരിച്ചു.
“എന്ത് പറയണം എന്ന് എനിക്കറിയില്ല കുട്ടീ, നീ അവളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കണം” എന്ന് മാത്രം പറഞ്ഞു. ശ്യാമയെ ഡിസ്ചാർജ്ജ് ചെയ്ത് വന്നപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. എല്ലാവരും അവിടന്ന് തന്നെ ഭക്ഷണമൊക്കെ കഴിച്ചു. സ്റ്റേഷനിൽ നിന്ന് ഒരു വീൽ ചെയർ