“ഞാൻ ഒരാഴ്ച ലീവെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ഞാൻ ഓഫീസിൽ അറിയിച്ചു. ബാക്കി പിന്നെ നോക്കാം. നിൻ്റെ ജോലിയുടെ കാര്യമൊന്നും പേടിക്കണ്ട, ഹോസ്പിറ്റൽ ചെലവൊക്കെ ഡിപ്പാർട്ട്മെൻ്റ് നോക്കിക്കോളും. മെഡിക്കൽ ലീവും കിട്ടും”
അവൾ എന്നെ നോക്കി കിടന്നു”
“ശ്യാമാ, മറ്റൊരു പ്രശ്നം നമ്മുടെ പിജി ആണ്. ടോയ്ലറ്റും ഒക്കെ..”
“ഉം, പക്ഷേ എന്ത് ചെയ്യാൻ പറ്റും?”
“ഞാനൊരു ചെറിയ 1 ബി എച്ച് കെ വീട് നോക്കട്ടേ?”
“ഒരുപാട് ചെലവായിരിക്കില്ലേ?”
“നമ്മൾ രണ്ടാളും കൂടി ഹോസ്റ്റലിൽ കൊടുക്കുന്നത് മതിയാകുമെന്ന് തോന്നുന്നു. ഭക്ഷണം ഉണ്ടാക്കണം എന്നുള്ള പ്രശ്നമേ ഉള്ളു. .”
ശ്യാമ ഒന്നും പറഞ്ഞില്ല. അവൾ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി കിടന്നതേ ഉള്ളു.
“ശ്യാമാ, അതിനെപ്പറ്റി ഇപ്പോ ആലോചിക്കണ്ട. ഞാൻ നോക്കട്ടേ, നമുക്ക് എല്ലാം വഴിയേ സെറ്റിൽ ചെയ്യാം. ഇപ്പോ ഞാൻ എന്തേലും വഴിയുണ്ടാക്കാം”
സംസാരിച്ചിരുന്നപ്പോൾ സുകന്യ വന്നു. അവൾ ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. അവൾക്ക് ഒരു ദിവസം ലീവ് കിട്ടുമെന്ന് പറഞ്ഞു. സുകന്യയെ ശ്യാമയുടെ അടുത്ത് ആക്കിയിട്ട് ഞാൻ പുറത്തേയ്ക്ക് വന്നു. ശ്യാമയുടെ ഡയപ്പർ ഒക്കെ ഞാൻ മാറ്റിയിരുന്നു. അവൾക്ക് അത് വലിയ വിഷമവും ആയി. ഹോസ്റ്റലിൽ ചെന്ന് ഫ്രെഷ് ആയി ഞാൻ കയ്യിലുണ്ടായിരുന്ന ഒരു ഏജൻ്റിൻ്റെ നമ്പറിൽ വിളിച്ചു. അവർ ഒരു റിയൽ എസ്റ്റേറ്റ് കൺസൾട്ടൻ്റ് ആയിരുന്നു. പ്ലാൻ ചെയ്ത വാടകയിൽ ഒതുങ്ങുന്ന നാല് വീടുകളെങ്കിലും അവരുടെ ലിസ്റ്റിങ്ങിൽ ഉണ്ടെന്ന് പറഞ്ഞു. ആദ്യത്തെ രണ്ട് എണ്ണവും അടുത്തായിരുന്നെങ്കിലും പഴയ വീടുകൾ ആയിരുന്നു. വളരെ ഇടുങ്ങിയതും. അല്പം ദൂരെയുള്ള വീട് പോയി കണ്ടപ്പോൾ തന്നെ എനിക്ക് അതിഷ്ടമായി. മനസ്സിൽ ഉണ്ടായിരുന്ന വീട് തന്നെ ആയിരുന്നു. കുറ്റം പറയാനൊന്നും ഇല്ല.
താഴത്തെ നിലയിൽ ആണ് വീട്. മുകളിലെ നിലയിൽ ഓണർ താമസിക്കുന്നു.അല്പം പ്രായമായ ആളുകൾ ആണ്. അവരുടെ അമ്മയും ഒപ്പം ഉണ്ട്. പെൺകുട്ടികൾ ആണെന്നും ജോലി ചെയ്യുന്നവർ ആണെന്നും അറിഞ്ഞപ്പോൾ അവർക്കും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഒരാൾ പോലീസിൽ ആണെന്ന് പറഞ്ഞപ്പോൾ. ജോലി കിട്ടിയ കാലം മുതൽ ഒരു വീട്ടിലേയ്ക്ക് താമസം മാറണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതുവരെ അതിന് ഇറങ്ങാൻ പറ്റിയിരുന്നില്ല. ഇതുപോലെ ഒരു സാഹചര്യത്തിലായിരിക്കും അത് ചെയ്യേണ്ടിവരുന്നതെന്ന് ഒരിക്കലും ചിന്തിച്ചിരുന്നുമില്ല. പക്ഷേ എൻ്റെയും ശ്യാമയുടേതും മാത്രമായി ഒരു ലോകം എന്നത് ഇപ്പോൾ എന്നെക്കൊണ്ട് എന്തും ചെയ്യിക്കാൻ പോകുന്ന ഒരു സ്വപ്നമാണ്.
വീട് പുതിയതായി പെയിൻ്റ് ചെയ്ത് വൃത്തിയാക്കിയിരുന്നു. കട്ടിലും അലമാരയും അടക്കം അത്യാവശ്യം ഫർണിച്ചറുകളും ഉണ്ടായിരുന്നു. അടുക്കളയിൽ പാത്രങ്ങൾ ഒന്നും ഇല്ലായിരുന്നു. രണ്ട് ദിവസത്തിൽ എഗ്രിമെൻ്റ് ഒക്കെ റെഡിയാക്കാമെന്ന് ഏജൻ്റ് പറഞ്ഞു. പെട്ടന്ന് തന്നെ താമസം തുടങ്ങേണ്ടതുള്ളതിനാൽ അന്ന് തന്നെ വീടൊക്കെ ഒന്ന് കഴുകി ഇടാൻ അവർ ആളെ ഏർപ്പാട് ചെയ്തു. അഡ്വാൻസ് തുക കൊടുത്ത് താക്കോൽ ഞാൻ വാങ്ങി. ശ്യാമയ്ക്ക് സുഖമില്ലാതിരിക്കുന്ന കാര്യം പറഞ്ഞിരുന്നില്ല.