ശ്രീനന്ദനം 2
Shreenandanam Part 2 | Author : Shyam Gopal | Previous Part
അതെ സമയം കാക്കനാടുള്ള ശ്രീ നന്ദനം എന്ന വലിയ മാളിക പുരയിൽ ഉത്സവ പ്രതീതി ആയിരുന്നു, മാധവനും ഭാര്യ സാവിത്രിയും കൊച്ചു മകൻ അഭിയുമായി പ്രായം മറന്നു കളിച്ചു നടക്കുകയായിരുന്നു, അഭി വന്നതിൽ പിന്നെ ആണ് സാവിത്രി ഒന്ന് പഴയ പടി ആയതു തന്നെ, ഇപ്പോൾ മരുന്നും മന്ത്രവും ഒന്നും വേണ്ടാതായി, കൊച്ചു മകൻ വന്നതിൽ പിന്നെ എന്തൊക്കെ ചെയ്യണം എന്നുള്ള ആശയ കുഴപ്പത്തിലായിരുന്നു അവർ.
അഭിയുടെ അവസ്ഥയും മറ്റൊന്നല്ലായിരുന്നു, ബോംബയിൽ കുഞ്ഞു വീട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്ന അഭിക്കു അതൊരു പുതിയ ലോകം ആയിരുന്നു, കേരളത്തിന്റെ പച്ചപ്പും ആ വലിയ വീടും ഒരേക്കറോളം വരുന്ന ആ പുരയിടവും അവനു അത്ഭുതം തന്നെ ആയിരുന്നു, കളിക്കാൻ ആണേൽ ഒരു ടോയ്‌സ് കട തന്നെ മാധവൻ വാങ്ങി വച്ചിരുന്നു. എങ്കിലും അവനു ഏറ്റവും പ്രിയം തന്റെ അപ്പൂപ്പൻ ഉണ്ടാക്കി തരുന്ന ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങൾ ആയിരുന്നു.
അഭി തന്റെ അപ്പൂപ്പനെ ഒരു മജിഷ്യൻ ആയാണ് കണ്ടിരുന്നത്, കാരണം ഒരു ഓല കൊണ്ട് എന്തൊക്കെയാ അപ്പൂപ്പൻ ഉണ്ടാക്കുന്നത്, ഓല പീപ്പി, ഓല പമ്പരം, ഓല പന്ത്, ഓല കൊണ്ട് വാച്ച് ശരിക്കും തന്റെ അപ്പൂപ്പൻ ഒരു മന്ത്രികൻ തന്നെ.
ഉമ്മയുടെ വീട് മലപ്പുറത്തായതു കൊണ്ട് വല്ലപ്പോഴും മാത്രമേ പോകാറുള്ളൂ, അവിടെ പോയാലും സ്ഥിതി വേറെ അല്ല, അവിടെ ആണേൽ ഒരു പൂരത്തിനുള്ള ആളുകൾ ഉണ്ട്, വല്ല്യ ഉമ്മയും മൂത്തുമായ്യും, മുസ്തഫ മാമനും അവരുടെ കുട്ടികളും ശരിക്കും അഭി വേറെ ലോകത്തിൽ എത്തിയത് പോലെ തന്നെ ആയിരുന്നു.
കാക്കനാടുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആയിരുന്നു അഭിക്കു അഡ്മിഷൻ എടുത്തിരുന്നത്, ഡെയിലി ഡ്രൈവർ ശങ്കരൻ മാമനാണ് അവനെ സ്കൂളിൽ കൊണ്ടുപോയി വീട്ടിരുന്നത്.