*****
മാസം അഞ്ചായി.വയറ് മുന്നോട്ട് ഉന്തിയിട്ടുണ്ട്.സാവിത്രിയുടെ പരിചരണവും ഗായത്രിയുടെ കാവലും കൂടിയായപ്പോൾ വീണ ആരോഗ്യത്തോടെ തുടരുന്നുണ്ട്.
ശംഭുവിനും വീണക്കുമിടയിലെ അസ്വാരസ്യം അറിയിക്കാതെ നോക്കുന്നതിൽ അവർ പരമാവധി ശ്രമിക്കുന്നുമുണ്ട്.
പതിവ് പോലെ ഭക്ഷണവും വാരി നൽകി സാവിത്രി സ്കൂളിൽ പോയതുമുതൽ വീണ ആരെയോ പ്രതീക്ഷിച്ചുള്ളയിരിപ്പാണ്.
ഗായത്രി കൂട്ടിനുണ്ടെപ്പോഴും.വീണ
കമ്പനിക്കാര്യങ്ങൾ നോക്കുന്ന വേളയിൽ നെറ്റ് ഫ്ലിക്സിൽ വെബ് സീരിസ് കാണുകയാണ് ഗായത്രി ചെയ്യുക.കൃത്യമായി ഭക്ഷണവും മരുന്നും കൊടുക്കുന്നതും ഉച്ചക്ക് പിടിച്ചുകിടത്തി ഉറക്കുക എന്നതുമാണ് ആകെയുള്ള പണി.
ചുമ്മാതെയിരുന്ന് ഗായത്രിയുടെ തടി കൂടിയെന്ന പരാതിയും കേട്ട് തുടങ്ങിയിട്ടുണ്ട്.
ഇടക്ക് അവരുടെ മുന്നിലൂടെ ശംഭു അങ്ങോട്ടുമിങ്ങോട്ടും നടന്നെങ്കിലും വീണ ശ്രദ്ധിക്കാൻ പോയില്ല.ശംഭുവിന്റെ വിഷമം അവൻ ഉള്ളിലൊതുക്കുന്നു.
അവൾക്കവനോട് അവജ്ഞയും.
“എടാ ഭക്ഷണം കഴിക്കെടാ”എന്ന് ഗായത്രി പറഞ്ഞെങ്കിലും അവൻ അത് ശ്രദ്ധിച്ചില്ല.ഒടുക്കമവൾ നിർബന്ധിച്ചു പിടിച്ചിരുത്തിയപ്പോൾ അവൻ കഴിപ്പ് പേരിലൊതുക്കി.
“നീയിങ്ങ് വാ പെണ്ണെ.അവൻ വേണേൽ കഴിച്ചോളും.കുഞ്ഞ് കുട്ടിയൊന്നുമല്ലല്ലോ?”വീണ ഇടക്ക് വിളിച്ചുപറഞ്ഞു.
“ഇതെന്താ ഇങ്ങനെയൊരു ഡയലോഗ്.ഇവൻ കഴിച്ചില്ലേൽ കിടന്നു തുള്ളുന്നയാളാ.എന്നിട്ട് ഇപ്പോൾ ഇതെന്ത് പറ്റി?”ഗായത്രി തിരിച്ചു ചോദിച്ചു.
“അത് എന്റെ സൗകര്യം.നീയിങ്ങ് വാ പെണ്ണെ”വീണ ശുണ്ഠിയെടുത്തു.
“ഇതെന്ത് കൂത്തെന്ന് ഗായത്രിക്ക് തോന്നി,എന്തോ
പ്രശ്നമുണ്ടെന്നും.ഒന്ന് ശ്രദ്ധിക്കുക തന്നെ”അവൾ മനസ്സിലോർത്തു.
കൊടുത്തത് കുഴച്ചുകൂട്ടി അതിൽ നിന്നും രണ്ടു വറ്റ് കഴിച്ചു കൈ കഴുകി ശംഭു പുറത്തേക്കിറങ്ങുമ്പോൾ അവൻ വീണയെ ഒന്ന് നോക്കി.അവൾ അവനെ ശ്രദ്ധിച്ചതെയില്ല.ബദാം പതിയെ കൊറിച്ചുകൊണ്ട് അവൾ പുറത്തേക്ക് നോക്കി ഇരിപ്പാണ്.ഗായത്രി അല്പം പിന്നിൽ നിന്ന് അത് കാണുന്നുണ്ട്
“രണ്ടാളും പിണങ്ങിയിട്ടുണ്ട്.അമ്മ വരട്ടെ” എന്ന് അവളും ചിന്തിച്ചു.
ഉടനെയൊന്നും മഞ്ഞുരുകില്ല എന്നറിയുന്ന ശംഭു ബൈക്കും എടുത്തിറങ്ങി. അവൻ പടിപ്പുര കടന്നതും അവൾ കാത്തിരുന്ന ആളെത്തി. “ചെട്ടിയാർ”
ചെട്ടിയാരുടെ കാർ മുറ്റത്തെത്തിയതും വീണ പതിയെ എണീറ്റു.ഒരു സഹായത്തിന് ഗായത്രി പിറകിലെത്തി.”ഞാൻ വീഴില്ല പെണ്ണെ”എന്ന് വീണ പറയുകയും ചെയ്തു.
“അങ്ങോട്ട് വന്നു കാണേണ്ടതാണ് ചെട്ടിയാരെ.പക്ഷെ എന്നെ ഒന്ന് അനങ്ങാൻ സമ്മതിച്ചാലല്ലേ പറ്റൂ”
അവൾ പറഞ്ഞു.
“എന്തിനാ ഒരു ഫോർമാലിറ്റി.ഒന്ന് കാണണം എന്ന ഒരു കോൾ മതി ചെട്ടിയാർ ഉടനെയെത്തും.”
അയാൾ മറുപടി നൽകി.