“എനിക്ക് കാണണ്ട.എന്നോടൊട്ട് മിണ്ടാനും വരണ്ട.എന്നുവച്ച് ഞാൻ ഇട്ടേച്ചുപോകുകയൊന്നും ചെയ്യില്ല.ഇവിടെയുണ്ടാവും.എന്റെ കുഞ്ഞിനെ എനിക്ക് വളർത്തണം
ഒന്നുമറിയാത്ത പാവം അതെന്ത് പിഴച്ചു.
ഒന്നുകൂടി കേട്ടൊ.എന്നോടും കുഞ്ഞിനോടും ചെയ്തതോർത്ത്
നീറും.എന്നെയിവിടെ കാണുന്ന ഓരോ നിമിഷവും അത് നൽകുന്ന വേദനയിൽ ശംഭു പിടയുന്നതെനിക്ക് കാണണം.
എന്നു കരുതി തോന്ന്യവാസം നടക്കാന്ന് കരുതണ്ട,ഞാനതിന്
സമ്മതിക്കില്ല.പുറത്തെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛൻ മാന്യനാണെന്ന് കരുതിക്കോട്ടെ.
ഒരു പ്രാർത്ഥന മാത്രം, അച്ഛന്റെ ശീലങ്ങളൊന്നും അതിന് കിട്ടരുതെന്ന ആഗ്രഹം മാത്രം.”
“തെറ്റ് പറ്റി……..തന്റെ ആഗ്രഹം പോലെ…..ഇനി മുന്നിൽ വരാതെ നോക്കാം.നമ്മുടെ കുഞ്ഞ് അതിന്റെ അമ്മയെ മാത്രം അറിഞ്ഞു വളരട്ടെ.”അത്ര മാത്രം എങ്ങനെയൊ പറഞ്ഞൊപ്പിച്ച ശംഭു മുറിവിട്ടിറങ്ങി.
അവൻ തിരിഞ്ഞുനോക്കിയില്ല.
അവന്റെ കണ്ണ് നിറഞ്ഞത് ആരും കണ്ടുമില്ല.
*****
കളപ്പുരയിൽ അന്ന് സാഹിലയും വന്നിട്ടുണ്ട്.അവൾ കൂടി വേണം എന്ന് മാധവന് തോന്നി.ചിലത് ചോദിച്ചറിയണം.എന്തെങ്കിലും പതിരുണ്ടെങ്കിൽ അതുകൂടി കണ്ടുപിടിക്കണം.അവസാനത്തെ അങ്കത്തിനിറങ്ങുമ്പോൾ ഒരു യു ടേൺ എടുക്കുക അസാധ്യമെന്ന് മാധവനറിയാം.ഒന്ന് പിഴച്ചാൽ…….
അതാണ് മാധവന്റെ പ്രശ്നവും.
പക്ഷെ അന്ന് ഒരാൾ മാധവന്റെ കൂടെയില്ല.അത് ഏറ്റവും വലിയ ശൂന്യതയായിരുന്നു. ശംഭു,അവൻ അന്ന് അവർക്കൊപ്പമില്ല.
“അവനെന്തോ പ്രശ്നമുണ്ട് മാഷെ.ആകെ തകർന്നിരിക്കുകയാണവൻ.”
കമാൽ പറഞ്ഞു.
“ഇന്നലെ വന്നിരുന്നു അവൻ. എന്തോ ഒരു പ്രശ്നം അവനെ അലട്ടുന്നുണ്ട്.ചോദിച്ചിട്ട് ഒന്നും വിട്ടുപറഞ്ഞുമില്ല.ഇതുവരെ കാണാത്ത ഒരു കുറ്റബോധവും നിരാശയും അവന്റെ മുഖത്ത് ഞാൻ കണ്ടു.”സുര കമാലിന്റെ വാക്കുകളോട് ചേർത്തുകൊണ്ട് തന്റെ ഭാഗവും പറഞ്ഞു.
“കാര്യമായ എന്തോ ഒന്നുണ്ട് ഇരുമ്പേ.ഇതുവരെ അവനെ ഞാൻ ഇതുപോലെ കണ്ടിട്ടില്ല. പ്രതീക്ഷയറ്റവനെപ്പോലെ എന്റെ മുന്നിലൂടെ പോകുന്നത് കണ്ടപ്പോൾ നെഞ്ചിലൊരു നീറ്റൽ.
ദാ…….ഇന്നിവിടെയും അവനില്ല”
ശംഭുവിന്റെ അസാന്നിധ്യം മാധവനെയും അസ്വസ്ഥനാക്കിയിരുന്നു.അത് അയാളുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.
“തത്കാലം നമ്മൾ കൂടിയതിന്റെ കാര്യങ്ങൾ നടക്കട്ടെ.അവനെ ഞാൻ കാണുന്നുണ്ട്.എന്ത് പ്രശ്നമുണ്ടേലും പരിഹരിക്കാം മാഷെ.”സുര ആ സാഹചര്യത്തിന് ഒരയവ് വരുത്താൻ ശ്രമിച്ചു.
“വേണ്ടെടോ……..അത് സാവിത്രി ഏറ്റിട്ടുണ്ട്.അവള്
നോക്കിക്കോളും.എന്നിരുന്നാലും കാര്യമാറിയാഞ്ഞിട്ട് എന്തോ പോലെ.”മാധവൻ പറഞ്ഞു.
“പിന്നെന്ത് പ്രശ്നം മാഷെ.അത് ടീച്ചർ നോക്കിക്കോളും.അപ്പൊ ആ ടെൻഷൻ വിട്,എന്നിട്ട് നമ്മുടെ കാര്യത്തിലേക്ക് വാ.”