ഒപ്പം ഗോവിന്ദിനെയും പരിചയപ്പെടുത്തി.ആ നിമിഷം കത്രീനയുടെ മുഖം മാറിയത് രുദ്ര ശ്രദ്ധിച്ചു.വേട്ടയാടിപ്പിടിക്കാനുള്ള വ്യഗ്രത അവളുടെ കണ്ണുകളിൽ കാണുകയും ചെയ്തു.
“പിന്നെ എങ്ങനെ പോകുന്നു നിന്റെ ഔദ്യോഗിക ജീവിതം.”ആ സന്ദർഭത്തിന്
അയവുവരുത്താനായി രുദ്ര ചോദിച്ചു.
“ഇറ്റ്സ് കൂൾ……എവിടെയുമുള്ള തിരക്ക് ഇവിടെയും.”അവരെ
പേഴ്സണൽ ഗസ്റ്റ് ലോഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ട് കത്രീന പറഞ്ഞു.പക്ഷെ ഗോവിന്ദിന്റെ സാന്നിധ്യം അവളെ അസ്വസ്ഥയാക്കുന്നത് രുദ്ര മനസ്സിലാക്കി.അവളത് കാര്യമാക്കിയതുമില്ല.
“പറയ്……..എന്താ പതിവില്ലാതെ?”
കത്രീന ചോദിച്ചു.
“ഒരു കേസിന്റെ ഡീറ്റെയിൽസ് അറിയണം.അതിൽ നീ എനിക്കൊപ്പം നിക്കണം.”
അതേത് എന്ന ഭാവത്തിൽ അവൾ രുദ്രയെ ഒന്ന് നോക്കി. ഇനി ഗോവിന്ദിന്റെ കാര്യമെങ്കിൽ ബുദ്ധിമുട്ടിക്കരുത് എന്നുപോലും പറയേണ്ടിവന്നു.അവനധികം ആയുസ്സില്ല എന്നവൾ തീർത്തു പറഞ്ഞു.കത്രീനയുടെ ശൗര്യം കണ്ട് രുദ്ര പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.കത്രീന പൊട്ടിത്തെറിക്കുകയായിരുന്നു.
“ആര് പറഞ്ഞു ഇത് ഗോവിന്ദിന് വേണ്ടിയാണെന്ന്.അല്ല കത്രീന….
നീ പറയുംപോലെ ഇവനെയാരും ഒന്നും ചെയ്യില്ല.ആരും ഇവനെ തൊടാൻ സമ്മതിക്കുകയുമില്ല.
കാരണം ഗോവിന്ദിനെ സംരക്ഷിക്കുന്നത് രുദ്രയാണ്.
പിന്നെ കേസ് ഉണ്ടെന്ന് പറഞ്ഞത്.
നീയറിയും…..’രാജീവ് ‘എന്റെ ഹസ്ബൻഡ്.ഇന്നദ്ദേഹം എന്റെ കൂടെയില്ല.അതിന് കാരണമാര് എന്നും എങ്ങനെ എന്നും നിനക്ക് അറിയാം.പക്ഷെ നീ അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു”
കത്രീനക്ക് ആ അറിവ് പുതിയത് ആയിരുന്നു.അവളുടെയറിവിൽ സാഹിലയായിരുന്നു രാജീവന്റെ പത്നി.അവളുടെ ആ ഞെട്ടലും സംശയവും മനസ്സിലാക്കിയ രുദ്ര തുടർന്നു.
“വിശ്വസിക്കാൻ പ്രയാസമുണ്ടാവും.രാജീവന് മേൽ അവകാശമുള്ളവൾ അന്നും ഇന്നും ഞാനാണ് കത്രീന.അതു പോലെ രഘുവിന്റെ മേലും.
സാഹില………അവൾ വെറുമൊരു ഡമ്മി മാത്രം.
പെട്ടുപോയതുകൊണ്ട് കൂടെ കൊണ്ടുനടക്കുന്ന ഒരു ചളുക്ക്.
അറക്കാൻ വച്ചിരുന്ന മാടായിരുന്നു അവൾ.ഇന്നവളും ശത്രുവിന്റെയടുക്കൽ അഭയം തേടിയിരിക്കുന്നു.
പ്രത്യുപകാരം ചോദിക്കുകയാണ് എന്ന് കരുതരുത് കത്രീന.എനിക്ക് വേറെ നിവൃത്തിയില്ല.അറിയാം നിനക്ക് വീണയുമായുള്ള ബന്ധം.
അവളില്ലായിരുന്നുവെങ്കിൽ ഇന്ന് നീയില്ല.പക്ഷെ ജീവനും മാനവും പിടിച്ചുവാങ്ങിത്തന്നപ്പോൾ നീ തന്നൊരു വാക്കുണ്ട്.അതിപ്പോൾ പാലിക്കണം എന്നെ പറയുന്നുള്ളൂ
പറഞ്ഞ വാക്ക് പാലിക്കാൻ നീ ഏതറ്റം വരെയും പോകും.അത് നിന്റെ ജീനിന്റെ പ്രത്യേകതയാണ്.
അതിവിടെ നീ കാണിക്കും എന്നും എനിക്കുറപ്പൂണ്ട്.
ഞാനിറങ്ങുന്നു.നിന്റെ ഒരു കോൾ ഞാൻ പ്രതീക്ഷിക്കും.നീ എന്റെ ഒപ്പം നിന്നെ പറ്റൂ.ഐ ഡിമാൻഡ് യു,ഈയൊരു തവണ എനിക്ക് തന്ന വാക്ക് പാലിക്കാൻ നിന്റെ സൗഹൃദം നീ മറന്നേ പറ്റൂ.നിന്റെ അപ്പനും വാക്ക് പാലിക്കുന്നതിൽ കണിശക്കാരനായിരുന്നു എന്ന് നീ അഭിമാനത്തോടെ പറയാറുണ്ട്. ആ പാരമ്പര്യം നീ കാക്കും എന്ന് വിശ്വസിക്കുന്നു.”
രുദ്ര തിരിഞ്ഞുനടക്കുമ്പോൾ ഒന്ന് പ്രതികരിക്കാനാവാതെ കത്രീന അങ്ങനെതന്നെ ഇരുന്നുപോയി.