ഇത് തനിക്കുള്ള ആദ്യത്തെ സമ്മാനവാ…….മാനം പോയി സമൂഹത്തിലും കുടുംബത്തിലും തലകുനിച്ചു നിക്കുന്ന നിനക്ക് അടുത്ത പ്രഹരവും ഞാൻ തന്നെ നൽകും.
ഒന്നുകൂടി കേട്ടൊ തന്നെ ഞാൻ കൊല്ലില്ല.താൻ സ്വയം മരണം പുൽകുന്നത് ഞാൻ നേരിട്ട് കാണും.”മൂർച്ചയെറിയ വാക്കുകളിൽ ചന്ദ്രചൂഡനെ സമ്മർദ്ദത്തിലാക്കിയ ശേഷം വീണ ഫോൺ കട്ട് ചെയ്തു.
“ഡീ………”അയാൾ അലറി.പക്ഷെ വീണയത് കേട്ട് പുച്ഛിച്ചുകൊണ്ടാണ് കാൾ കട്ട് ചെയ്തത്.കലിപൂണ്ട ചന്ദ്രചൂഡൻ
സ്റ്റിയറിങ്ങിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു.അപ്പോഴേക്കും കാർ നിയന്ത്രണം വിട്ട് എതിരെയുള്ള മതിലിൽ ഇടിച്ചു നിന്നുകഴിഞ്ഞിരുന്നു.
*****
കത്രീന……..രാജീവന്റെ പിന്നാലെ തന്നെയാണവൾ.രാജീവ് ചാർജ് എടുത്തത് മുതൽ ഭൈരവൻ കേസിലൂടെ രാജീവന്റെ മരണം വരെ സഞ്ചരിക്കാൻ തന്നെയാണ് അവളുടെ തീരുമാനം.അതിലൂടെ വീണയുടെ പേര് എവിടെയൊക്കെയുണ്ടോ അവ മായ്ച്ചുകളയുക എന്നതാണ് കത്രീനയുടെ ലക്ഷ്യം.അതിനാദ്യം രാജീവന്റെ ചരിത്രമറിയണം. അതിനായി പീറ്ററിന് ചുമതല കൊടുത്തിരിക്കുകയാണ് കക്ഷി.
കോശി അന്വേഷണത്തിൽ പങ്കാളിയായി സദാ സമയം കത്രീനയുടെ കൂടെത്തന്നെയുണ്ട്.
ഒരു കാര്യം കത്രീനക്ക് വ്യക്തമായിരുന്നു.വീണക്കും കുടുംബത്തിനും കഴിഞ്ഞുപോയ
സംഭവങ്ങളിൽ പങ്കുണ്ട്.രാജീവന് ഭൈരവൻ കേസ് പേഴ്സണൽ ആയിരുന്നുവെങ്കിൽ വീണയുടെ പങ്ക് പ്രതികാരത്തിന്റെയും അതിജീവനത്തിന്റെതുമാണ് എന്നവൾ മനസ്സിലാക്കി.
പക്ഷെ പല തെളിവുകളും മിസ്സിങ് ആണ്.എലുമ്പൻ വാസു സ്റ്റേഷൻ കത്തിക്കുകയും ചെയ്തതോടെ വീണ കൂടുതൽ സേഫ് ആയി. അല്ലെങ്കിലും പുല്ലുപോലെ ഊരി പോരാവുന്നതെ ഉണ്ടായിരുന്നുള്ളു.
ഭൈരവൻ രണ്ടു സ്ത്രീകൾ മാത്രമുള്ള വീട്ടിൽ ആക്രമിച്ചുകയറി എന്ന
സത്യത്തിലുറച്ചുനിന്നു വാദിച്ചാൽ
കേസ് പൊളിയും.വീണയാണ് ചെയ്തതെങ്കിൽ കൂടി നിയമം അവളെ സംരക്ഷിക്കും.തെളിവ് നശിപ്പിച്ചു എന്ന് വേണമെങ്കിൽ വാദിക്കാം.പക്ഷെ അവിടെയും മാധവനും എംപയർ ഗ്രൂപ്പും ചേർന്ന് അവൾക്കായി പ്രതിരോധം തീർക്കും.
ഒന്നും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാതെ കുഴഞ്ഞുമറിഞ്ഞ ഒരു കേസ്…..അതായിരുന്നു കത്രീനക്കത്.തന്റെ കരിയറിൽ ആദ്യമാണ് ഇങ്ങനെ പിടിതരാതെ വഴുതിപ്പോകുന്ന ഒരു കേസ് എന്നും അവൾ തിരിച്ചറിഞ്ഞു.
ഇവിടെ കാടിന്റെ നിയമമാണ് നടപ്പിലാവേണ്ടത്.എതിരാളികൾ വീണാൽ അതിജീവിക്കുന്നവന്റെ ന്യായം നടപ്പിലാകും.അവൾ മനസിലാക്കുകയായിരുന്നു.
അപ്പോഴാണ് കത്രീന ഒരിക്കലും പ്രതീക്ഷിക്കാത്ത അഥിതിയായി രുദ്ര എത്തിയത്,കൂടെ ഗോവിന്ദും.
“രുദ്ര……. നീ…….”
“എന്താ……..രാജാവിനെ കാണാൻ
പ്രജക്ക് തടസ്സം വല്ലതുമുണ്ടോ?”
അവൾ ചോദിച്ചു.
“ഹേയ് ഇല്ല രുദ്ര.ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോഴുള്ള ഒരു……..”
“മനസ്സിലായി………”രുദ്ര പറഞ്ഞു.