“ആരാടോ മറുവശത്തുള്ള,നമ്മുക്ക് അത്രയും വേണ്ടപ്പെട്ടവർ?”
“സർ…….അത്…….ഒന്ന് മാധവനും
മറ്റേത് അയാളുടെ സഹായി ഒരു ശംഭുവും.ഇതിൽ ശംഭുവാണ് ആദ്യം സുരയെ വിളിച്ചിരിക്കുന്നത്.പിന്നീട് മാധവന്റെ നമ്പറിൽ ആയിരുന്നു അധികവും.ഇതിൽ ശംഭുവിന്റെ ടവർ ലൊക്കേഷൻ അവരുടെ തറവാട് പരിസരവും മാധവന്റെത് കൊച്ചിയും ആണ്.”
“എടൊ…….കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്നു അല്ലെ?”
“അതെ സർ………ഇതിൽ ഉൾപ്പെട്ട പെണ്ണുങ്ങൾ അവിടുത്തെ ആണെങ്കിൽ പിന്നെയൊന്നും നോക്കാനില്ല സർ.എല്ലാം ഒന്ന് കണക്ട് ചെയ്താൽ മാത്രം മതി.”
“എന്നാലും ഒരു മിസ്സിംഗ് ലിങ്ക് ഉണ്ട് പത്രോസേ…….”
“എന്താണ് സാറെ…….?”
“ഒന്നാമത് ആ വ്യാജനമ്പറിന്റെ ഉടമ സുരയാണെന്ന് തെളിയിക്കണം.
എന്നാലേ ഈ തിയറിക്ക് പ്രസക്തി ഉള്ളൂ.ഈ ഡീറ്റെയിൽ പ്രകാരം ആ
നമ്പർ രണ്ടും ഒരേ ഫോണിലല്ല.ശംഭു സുരയെ വിളിച്ചത് ശരിതന്നെ,ആ നമ്പർ ലൊക്കേഷൻ മാറിയിട്ടുമില്ല.
പിന്നെ പുലർച്ചെയുള്ള കാളുകൾ അവർ നിഷേധിച്ചാൽ…..പിന്നെയാ വണ്ടി,അതും കീറാമുട്ടിയാണ്.”
“സർ…..സംഗതി ശരിയാണ്.അവർ നിഷേധിച്ചാൽ അതൊരു വിഷയമാ.
കൊള്ളാവുന്ന വക്കീല് കൂടിയാണ് എങ്കിൽ കയ്യിൽ നിന്ന് പോകും.പിന്നെ പുലർച്ചെയുള്ള വിളിക്ക് കാരണം പറയാൻ വലിയ പാടുമില്ല.പക്ഷെ എനിക്ക് വിശ്വാസമുണ്ട് സർ,ഒന്നും ഇല്ലാതെ തുടങ്ങിയ കേസിലിത്രയും പുരോഗതിയുണ്ടെങ്കിൽ ഈ പറഞ്ഞ
കാര്യവും നമ്മൾ സോൾവ് ചെയ്യും.
പിന്നെ വണ്ടി,സർ പറഞ്ഞ ഈ ലിങ്ക് കണക്ട് ആയാൽ അതൊരു ബുദ്ധിമുട്ടുമല്ല.അങ്ങനെ വന്നാൽ സുരയെ ഞാൻ ഒറ്റക്കൊന്ന് കാണും,
അവൻ കുടിച്ച മുലപ്പാൽ വരെ ശർദ്ധിക്കുകയും ചെയ്യും.”
“കൊള്ളാം,ഈ സ്പിരിറ്റാണ് വേണ്ടത്
ഇനി എവിടുന്ന് തുടങ്ങണമെന്നാണ്
ഞാൻ ചിന്തിക്കുന്നത്?”
“സർ…..തത്കാലം സുരയെ വിടാം.
അവൻ ഹോസ്പിറ്റലിൽ തന്നെ നിക്കട്ടെ.നമ്മുക്ക് ആ ഫോൺ കാളുകളുടെ പിറകെ പോകാം.ഇപ്പൊ ആ വ്യാജ നമ്പറിന്റെയുടമയാരെന്ന് അറിയില്ല,പക്ഷെ ആ നമ്പറിൽ നിന്ന് വിളിച്ചയാൾക്കാർ പരിചിതരാണ്.
അപ്പൊ അവരിൽ നിന്ന് തുടങ്ങാം”
“എക്സാക്ട്ലി….”മാധവൻ”അയാൾ
ഒന്ന് പുറത്ത് നിക്കട്ടെ.ആദ്യം അവൻ
ആ ‘ശംഭു’അവനിൽ നിന്ന് തുടങ്ങാം.”
രാജീവ് തന്റെ തീരുമാനം പറഞ്ഞു നിർത്തി.
*****
“സർ അയാള് വന്നിട്ടുണ്ട്.”മുന്നോട്ട് അന്വേഷണം എങ്ങനെയാവണം എന്ന് ചിന്തിച്ചിരിക്കെ രാജീവന്റെ മുറിയുടെ ഡോറിൽ തട്ടിയിട്ട് പി സി പറഞ്ഞു.”
“ഇങ്ങോട്ടു വരാൻ പറയെടോ.പിന്നെ പത്രോസ് സാറിനോടും വരാൻ പറയ്”
രാജീവനും പത്രോസിനും മുന്നിൽ ആഢ്യനായ ആ മനുഷ്യൻ ഇരുന്നു.
ശാന്തമായ മുഖം.”എന്തിനാ സർ വിളിപ്പിച്ചത്?ഒരു കോൺസ്റ്റബിൾ ഇന്നലെ വീട്ടിൽ വന്നിരുന്നു.”
“എന്താ നിങ്ങളുടെ പേര്?”രാജീവ് ചോദിച്ചു.